തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), പാർവ്വതി, ശ്രീരാമൻ (മഹാവിഷ്ണു), ശങ്കരനാരായണൻ, മഹാഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ.ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. പുരാതന കേരളത്തിലെ 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീകൃഷ്ണൻ, അയ്യപ്പൻ, ഹനുമാൻ (സങ്കല്പം), വേട്ടേയ്ക്കരൻ, നന്ദികേശ്വരൻ, പരശുരാമൻ, സിംഹോദരൻ, ആദിശങ്കരാചാര്യർ, ഋഷഭൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. കൂടാതെ, മതിൽക്കെട്ടിന് പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യസ്വാമിയും ഗണപതിഭഗവാനും പ്രതിഷ്ഠകളായുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒഴിച്ചുനിർത്തിയാൽ ക്ഷേത്രത്തിൽ ആണ്ടുവിശേഷദിവസങ്ങളില്ല. എന്നാൽ, മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണ്. ഇതുമൂലം, തൃശ്ശൂർ പൂരം വടക്കുംനാഥന്റെ ഉത്സവമാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്ദികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് തൃശ്ശൂർ ഗ്രാമക്കാരായ നമ്പൂതിരിമാരെ ക്ഷേത്രഭരണം ഏല്പിച്ച് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.