കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം. ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് ദക്ഷിണ ഇന്ത്യയിലെ ശാക്തേയ മത വിഭാഗത്തിന്റെയും, ശക്തി ഉപാസകരുടെയും, ദേവി ഭക്തരുടെയും ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. 'കൊടുങ്ങല്ലൂരമ്മ' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ സപ്തമാതാക്കളോടൊപ്പം പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. വടക്കോട്ട് ദർശനം. തുല്യപ്രാധാന്യത്തോടെ ശിവനും ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. ഒന്നിലധികം ശ്രീചക്രപ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് കൊടുങ്ങല്ലൂരമ്മ എന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക, പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക, കന്യാകുമാരി ബാലാംബിക എന്നിവയാണ് മറ്റു മൂന്ന് ക്ഷേത്രങ്ങൾ. കേരളത്തിലെ മറ്റ് 64 ഭഗവതി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. ഇവിടെ നിന്നും ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ മഹാകാളിയെ രഹസ്യ അറയിൽ പടിഞ്ഞാറു ദർശനത്തിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മീനമാസത്തിലെ ഭരണി ഉത്സവം, മകരമാസത്തിലെ താലപ്പൊലി ഉത്സവം, കന്നിമാസത്തിലെ നവരാത്രി എന്നിവ ഇവിടുത്തെ പ്രസിദ്ധമായ ആഘോഷങ്ങളാണ്. ധാരാളം ഭക്തരാണ് വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത്. തീരാത്ത ദുരിതങ്ങളും മാറാ രോഗങ്ങളും കടുത്ത ആപത്തുകളും കൊടുങ്ങല്ലൂരമ്മ പരിഹരിക്കും എന്നൊരു വിശ്വാസം ഭക്തർക്കുണ്ട്. ശക്തിസ്വരൂപിണി, ഐശ്വര്യദായിനി, രോഗനിവാരണ ദൈവം എന്നൊക്കെ ഭഗവതി അറിയപ്പെടുന്നു. ഉപദേവതകളായി ഗണപതി, വീരഭദ്രൻ, വസൂരിമാല, തവിട്ടുമുത്തി (ചാമുണ്ഡി), ക്ഷേത്രപാലൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇക്കൂട്ടർ നടത്തുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവാലയങ്ങളിൽ കൊടുങ്ങല്ലൂർ ക്ഷേത്രം ഉൾപ്പെടുന്നുണ്ട്. ശിവൻ ഭഗവതിക്ക് തുല്യ പ്രാധാന്യമുള്ള മുഖ്യ പ്രതിഷ്ഠ ആണ് ഈ ക്ഷേത്രത്തിൽ. എന്നാൽ, പരശുരാമൻ പ്രതിഷ്ഠ നടത്തിയത് അല്ലാത്തതിനാൽ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഇത് ഉൾപ്പെടുന്നില്ല.
ചരിത്രം
കേരളത്തിൽ പരാശക്തിയെ ആദ്യമായി കാളി രൂപത്തിൽ കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ഇതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കപ്പെട്ടതായി പറയുന്നു. കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാനെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചരിത്രം ഇപ്രകാരമാണ്.
കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പാർശ്വനാഥജൈനന്റെ പരദേവതയായിരുന്ന പത്മാവതീദേവിയെ ഉപജീവിച്ചുകൊണ്ട് പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്ന പേരിലാണ് ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയമ്മ അഥവാ കണ്ണകിഅറിയപ്പെട്ടിരുന്നത്. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശിലക്ക് പിന്നെയും ഒരുപാട് മാറ്റങ്ങൾ വന്നു.
ചെങ്കുട്ടുവന്റെ കാലത്ത് ജൈനമതം കൊടുങ്ങല്ലൂരിന്റെ പരിസരങ്ങളിൽ സ്വാധീനം നേടിയിരുന്നു. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാല സാഹിത്യങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളായിരുന്നു.
മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുകയാൽ 1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ് സാഹിത്യ പരാമർശം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഇപ്പോഴത്തെ പ്രതിഷ്ഠയുമായി ഇതിന് ചേർച്ച കാണുന്നില്ല. എന്നാൽ ഇന്ന് വസൂരിമാലക്ക് മാത്രമേ ഇതുമായി ആകാരസാമ്യം കാണപ്പെടുന്നുള്ളൂ.
അശോകന്റെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം സിദ്ധിക്കുകയും പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായെന്നും അങ്ങനെ കുരുംബ ഭഗവതി ക്ഷേത്രം മുൻപ് ഒരു ബൗദ്ധകേന്ദ്രമായി മാറിയെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻ്റെ ഭാഗമായിരുന്നു ഈ ശിലയെന്ന് തോന്നിപ്പിക്കുന്നുണ്ടത്രെ. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ഈ ക്ഷേത്രത്തിൽ കോഴിബലിയും ഭരണിപ്പാട്ടും ആരംഭിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു. എന്നാൽ ഈ ക്ഷേത്രം ബൗദ്ധ ക്ഷേത്രം ആയിരുന്നില്ല എന്നും, പ്രാചിന ദ്രാവിഡ ആരാധനപ്രകാരം ഉള്ള ആചാരങ്ങൾ ആണ് ഇവയൊക്കെ എന്നും , ആരാധിച്ചിരുന്ന ശക്തി സങ്കല്പത്തിൽ തന്നെ ആണ് ഇപ്പോഴും ഉള്ളതെന്നും കരുതുന്നവരുണ്ട്.
ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കാമെന്നും ഊർവരതാപൂജയാണ് ബലിയിലൂടെ അർത്ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു.
എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്. “കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂർ ആയതെന്നതും ജൈനക്ഷേത്രങ്ങൾക്കാണ് “കല്ല്” എന്നു പറയാറുള്ളതും ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പിൽക്കാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുൻകാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന പഴമ ഈ വാദത്തിന്നു ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ക്ഷേത്രമായി മാറി. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാർവ്വതിയുടെ പര്യായമായി തീരുകയായിരുന്നു. അതോടെ പഴയ ഉടമസ്ഥർ അയിത്തക്കാരും അസ്പൃശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും പൊതുസമൂഹത്തിൽ നിലനിന്നിരുന്ന പാരസ്പര്യം നിറഞ്ഞ സാമ്പത്തിക- ഉത്പാദനബന്ധങ്ങളുടേയും സഹിഷ്ണുതകളുടെയും ഫലമായി ആണ്ടിലൊരിക്കൽ ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതോടനുബന്ധിച്ചു നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് അശ്വതിനാളിലെ കാവുതീണ്ടൽ. ഭരണിപ്പാട്ട് മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ് കാണുന്നത്. ഊർവ്വരതാ സങ്കല്പങ്ങളും രതിയും ആഘോഷമാക്കി ജീവിച്ചുപോന്ന ഒരാദിമ ജനവിഭാഗത്തിന്റെ ആഘോഷസങ്കല്പങ്ങളുടെ തുടർച്ച മാത്രമാണ് ഇതെന്ന് വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എന്നാൽ ഇത് ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമാണെന്നും, അതല്ല ജീവിതപ്രാരാബ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾ തങ്ങളുടെ ദൈവത്തിന് നേർക്ക് ആത്മരോഷം പ്രകടിപ്പിക്കുന്നതാണെന്നും അഭിപ്രായവുമുണ്ട്. ഇന്നു ക്ഷേത്രഭരണം കൊച്ചി ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിൻറെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.