ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവദേവാലയവും കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രവും ഗുരുവായൂരാണ്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ യഥാർത്ഥ പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുഭഗവാനാണ്. എന്നിരുന്നാലും ഭഗവാന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. ഗുരുവായൂരപ്പൻ എന്നറിയപ്പെടുന്ന ഇവിടെയുള്ള ഭഗവാൻ, കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളാണ്. നിരവധി രൂപങ്ങളിൽ ആരാധിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഭൂരിപക്ഷം ഭക്തരും ഗുരുവായൂരപ്പനെ ആരാധിയ്ക്കുന്നത്. കൃഷ്ണാവതാരസമയത്ത്, മാതാപിതാക്കളായ ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ വിഷ്ണുരൂപമാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ഇതാണ് ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ കാണുന്നതിന് ഒരു കാരണം. ആദ്യകാലത്ത് ഇതൊരു ദേവീക്ഷേത്രമായിരുന്നു. പഴയ ഭഗവതിപ്രതിഷ്ഠയാണ് ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കായി ഇടത്തരികത്ത് കാണപ്പെടുന്ന ദുർഗ്ഗാ-ഭദ്രകാളി സങ്കല്പങ്ങളോടുകൂടിയ ഭഗവതി. ഈ ഭഗവതിയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം. തന്മൂലം ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ അദൃശ്യസങ്കല്പമായി ശിവന്റെ ആരാധനയും നടക്കുന്നുണ്ട്. കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തിൽ വിഷു, ധനു 22-നും മകരത്തിലെനാലാമത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയും നടക്കുന്ന ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലികൾ എന്നിവയും വിശേഷമാണ്. കേരള സർക്കാർ വകയായ ഒരു പ്രത്യേക ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്