ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി. അർജന്റീനയെ യുറുഗ്വായിയും ബ്രസീലിനെ കൊളംബിയയും കീഴടക്കി.
അർജന്റീനയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരെ തകർത്തത്. 41-ാം മിനിറ്റിൽ റൊണാൾഡ് അറൗഹോയും 87-ാം മിനിറ്റിൽ മുന്നേറ്റതാരം ഡാർവിൻ ന്യൂനസും യുറുഗ്വായ്ക്ക് വേണ്ടി വലകുലുക്കി. ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അർജന്റീന ഒരു മത്സരത്തിൽ തോൽക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം അണിനിരന്നിട്ടും അർജന്റീനയ്ക്ക് വിജയം നേടാനായില്ല.
ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയയുടെ ഹോം ഗ്രൗണ്ടിൽ ഒരു ഗോളിന് മുന്നിൽ നിന്നശേഷമാണ് ബ്രസീൽ പരാജയപ്പെട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലും വലകുലുക്കി സൂപ്പർ താരം ലൂയിസ് ഡയസ് കൊളംബിയയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചു.
തോറ്റെങ്കിലും പോയന്റ് പട്ടികയിൽ അർജന്റീന തന്നെയാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമടക്കം 12 പോയന്റാണ് ടീമിനുള്ളത്. യുറുഗ്വായാണ് രണ്ടാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഒൻപത് പോയന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. അഞ്ച് കളിയിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും രണ്ട് തോൽവിയുമുള്ള ബ്രസീൽ പട്ടികയിൽ അഞ്ചാമതാണ്.