ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
ബി സി നാലാം നൂറ്റാണ്ടിനും ക്രി വ ആറാം നൂറ്റാണ്ടിനും ഇടയിലായിരുന്നു സംസ്കൃതനാടകത്തിന്റെ സുവർണ്ണ കാലം.ബി സി 2-ആം നൂറ്റാണ്ടിൽ ഭരതമുനി രചിച്ച നാട്യശാസ്ത്രവും പിൽക്കാലത്തെ ഭാസൻ, കാളിദാസൻ തുടങ്ങിയ ശ്രേഷ്ഠ നാടകകൃത്തുക്കളും അക്കാലത്തെ നൃത്ത്യ-നാട്യ കലകളുടെ അഭിവൃദ്ധി സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ശിഷ്യന്മാരായ കോഹലൻ, ദത്തിലൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമ്പ്രദായം പിന്തുടർന്നു എങ്കിലും പ്രാദേശിക ഭാഷകളുടെയും കലാരൂപങ്ങളുടെയും വികാസത്തോടെ സംസ്കൃത നാടക രംഗം 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്ഷയിച്ചു. കേരളത്തിലെ സംസ്കൃതനാടകരംഗം വടക്കേഇൻഡ്യയിൽ സംഭവിച്ച സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങളുമായി ബന്ധമില്ലാതെ പഴയരീതിയിൽത്തന്നെ തുടർന്നു. 7 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തവിലാസംആണ് തെക്കേ ഇൻഡ്യയിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം ആശ്ചര്യചൂഡാമണി ആണെന്നും രണ്ടാമത്തേത് നീലകണ്ഠകവിയുടെ കല്ല്യാണസൗഗന്ധികം ആണെന്നും വിശ്വസിച്ചുപോരുന്നു. ചേരസാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണവ്യവസ്ഥ തകർന്നതോടെ അധികാരം കൈയ്യാളിയ നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വം ഗ്രാമങ്ങൾക്കായി. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി നിലയുറപ്പിച്ച ഗ്രാമജീവിതവും, ബ്രാഹ്മണർ ക്ഷത്രിയരോട് അനുഗ്രഹം വഴിയും, സമൂഹത്തിലെ ഉപരിശ്രേണിയിൽപ്പെട്ട മറ്റു ജാതികളിലുള്ളവരോട് സംബന്ധം വഴിയും ഉണ്ടാക്കിയ സഖ്യം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. വൈദികധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള കഥകൾ വാചികമായി അവതരിപ്പിക്കുന്നതിലും അധികം ഭംഗിയായി ഒരു നടന്
അഭിനയിച്ചു ഫലിപ്പിക്കുവാനാകും എന്ന തിരിച്ചറിവാണ് നാടകത്തെ ആശയപ്രചാരണത്തിനുള്ള പറ്റിയ ഉപകരണമാക്കുവാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. മഹേന്ദ്രവർമ്മൻ എഴുതിയ മത്തവിലാസം, ഭഗവദജ്ജുകം മുതലായ പ്രഹസനങ്ങളെ ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂടിയാട്ടമായി അവതരിപ്പിച്ചിരുന്നു. കൂടിയാട്ടം പ്രചുരപ്രചാരത്തിൽ വന്ന കൊല്ലവർഷാരംഭത്തിൽതന്നെ ഇതിൽ വിവരിക്കുന്ന രീതിയിലുള്ള കഥ ആടിക്കാണിക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് ശങ്കുഅയ്യരുടെ അഭിപ്രായം. ബൗദ്ധരെ പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കഥകൾ നിർമ്മിച്ചിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ ബ്രാഹ്മണമതത്തിൻറെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. 11-ആം നൂറ്റാണ്ടിൽ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവർമ്മൻ നാടകസാഹിത്യത്തിന്റെ (ഗ്രന്ഥപാഠം) കൂടെത്തന്നെ അതിന്റെ അവതരണവും(രംഗപാഠം) എങ്ങനെ വേണം എന്ന് “വ്യംഗ്യവ്യാഖ്യ“ എന്ന കൃതിയിൽ നിഷ്കർഷിച്ചിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി, നേത്രാഭിനയത്തിലൂടെ കൂടുതൽ നാടകീയത കൈവരിക്കുവാനും അതിലൂടെ ആസ്വാദനം തന്നെ ഒരു കലയാക്കി മാറ്റുവാനും ശ്രമിച്ചു. കുലശേഖരവർമ്മൻ രചിച്ച സംസ്കൃത നാടകങ്ങളാണ് സുഭദ്രാധഞ്ജയം, തപതിസംവരണംഎന്നിവ. കുലശേഖരവർമ്മനു ശേഷവും നടന്മാർ നേത്രാഭിനയരീതി തന്നെ പിന്തുടർന്നു. ഭാസന്റെ കൃതികളും, അതിനോടു സാമ്യമുള്ളവയായിരുന്ന “ഭഗവദജ്ജുകം”, “മത്തവിലാസം”, “ആശ്ചര്യചൂഡാമണി”, “കല്ല്യാണസൗഗന്ധികം” തുടങ്ങിയവയും നേത്രാഭിനയരീതിക്ക് ഉതകുന്നവയായിരുന്നു. കാണികൾ പുതിയ അഭിനയരീതികൾ ഇഷ്ടപ്പെടുകയും അഭിനയം കൂടുതൽ നൃത്താധിഷ്ഠിതമാവുകയും ചെയ്തു. കുലശേഖരവർമ്മനുശേഷം അധികം വൈകാതെതന്നെ സംസ്കൃതനാടകം കൂടിയാട്ടമായി രൂപം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്.
ചാക്യാർകൂത്തിലെയും കൂടിയാട്ടത്തിലെയും ഭാഷയിലും വേഷത്തിലും മറ്റും കേരളതീരത്തെ നാടൻ കലാരൂപങ്ങളുടെ വ്യക്തമായ സ്വാധീനം കാണുന്നതുകൊണ്ട് സി,ഇ, പത്താം നൂറ്റാണ്ടിനും മുമ്പേതന്നെ ഇവിടെ സജീവമായിക്കഴിഞ്ഞിരുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുപൂരകമായി സംസ്കൃതനാടകങ്ങൾ രംഗത്തവതരിപ്പിക്കാൻ ഇവിടത്തെ കലാപാരമ്പര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ ശ്രമമാണ് കൂടിയാട്ടത്തിന്റെ ആവിർഭാവത്തിന് നിദാനം എന്നൊരു വീക്ഷണവും കലാചരിത്രകാരന്മാർക്കിടയിൽ നിലവിലുണ്ട്. സംസ്കൃതനാടകങ്ങളിൽ നിന്ന് നേരിട്ടുണ്ടായതല്ല കൂടിയാട്ടം എന്നാണ് അവരുടെ പക്ഷം. നാടകമെന്ന കലാരൂപത്തിന്റെ സംഭാഷണാഭിനയപ്രധാനങ്ങളായ പ്രാഗ്രൂപങ്ങൾ കേരളതീരത്തെ നാടൻ കലകളൂടെ കൂട്ടത്തിൽ അക്കാലത്തേ ഉണ്ടായിരുന്നുവെന്നും, ദിർഘകാലമായി ഉത്തരേന്ത്യൻ പാരമ്പര്യങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായിത്തന്നെ വേറിട്ടു നിന്നിരുന്ന ഈ പ്രദേശത്തുനിന്ന് ആ നാടൻകലാരൂപങ്ങളെ ആശ്രയിച്ച് ഉണ്ടായ തനതുസംഭാവനയാണ് കൂടിയാട്ടമെന്നും, അതിന്റെ രൂപീകരണത്തിൽ മുഖ്യധാരാസമൂഹത്തിലെ എല്ലാ ശക്തികളും പങ്കുകൊണ്ടിരുന്നു എന്നും, അക്കാലത്ത് ഇത് സാമൂഹ്യവിമർശനധർമ്മവും നിർവഹിച്ചിരുന്നു എന്നും ഈ വാദം മുന്നോട്ടു വക്കുന്നവർ പറയുന്നു. പ്രതിജ്ഞായൗഗന്ധരായണവും ഭഗവദ്ദജ്ജുകവും മത്തവിലാസവും പോലുള്ള നാടകങ്ങൾക്ക് അന്നും രംഗാവിഷ്കാരം കിട്ടിയിരുന്നതുകൊണ്ട്. ബ്രാഹ്മണാധിപത്യം സമൂഹത്തിൽ വേരൂന്നുന്നതിനുമുമ്പേതന്നെ അതുണ്ടായിക്കഴിഞ്ഞിരുന്നു എന്നും അവർ വാദിക്കുന്നു.
നൂറ്റാണ്ടുകൾക്കിടയിൽ കൂടിയാട്ടത്തിന്റെ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്.
കേരളത്തിൽ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം (കൂത്തമ്പലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചില ഭാഗങ്ങൾ മാത്രം സൗകര്യത്തിനുവേണ്ടി അമ്പലങ്ങൾക്കുപുറത്ത് പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. പുരുഷവേഷം കെട്ടാൻ ചാക്യാർക്കും സ്ത്രീവേഷം കെട്ടാൻ നങ്ങ്യാരമ്മമാർക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ് കൊട്ടുന്നത് നമ്പ്യാർ ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽകെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.