കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
AD17-ആം നൂറ്റാണ്ടിലാണു കഥകളിയുദ്ഭവിച്ചത്. കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. രാമനാട്ടകർത്താവായ കൊട്ടാരക്കരത്തമ്പുരാനെയാണ് ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.
ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽനിന്നുടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അക്കാലത്ത്, വടക്കൻദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടുപിടിച്ചു സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നുമിടയിലാണു രാമനാട്ടം രചിച്ചതെന്നാണു പറയപ്പെടുന്നത്. കൊട്ടാരക്കരത്തമ്പുരാൻ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ചുനിർമ്മിച്ച രാമനാട്ടമാണ്, പിൽക്കാലത്തു കഥകളിയായിപ്പരിണമിച്ചത്.
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയുംചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെനിറുത്തുന്നരീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തുമെല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്. ഇതിനെ വെട്ടത്തുനാടൻ എന്നാണു വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ് ഇതിനു പ്രചോദനമായിട്ടുള്ളത് . വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്, കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
രാമായണകഥയെ ഒമ്പതു ഭാഗങ്ങളാക്കിത്തിരിച്ച് എട്ടുദിവസംകൊണ്ടായിരുന്നു ആദ്യകാലഅവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽനിന്നു പലതും കഥകളി സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്കു മാറ്റംസംഭവിച്ചത്, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടെയാണ്. അഭിനേതാവുതന്നെ ഗാനംചൊല്ലിയാടുന്ന രാമനാട്ടരീതിക്ക് മാറ്റംവരുത്തി. പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടനഭിനയിക്കുന്ന രീതി കൊണ്ടുവന്നത്, വെട്ടത്തുനാടൻസമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകളേർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കമാണ്, കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരംനടന്നത്.
രാമനാട്ടം, കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന്, വെട്ടത്തുരാജാവു വരുത്തിയ മാറ്റങ്ങളിവയാണ്.
നടന്മാർക്കു വാചികാഭിനയം വേണ്ടെന്നു തീർച്ചപ്പെടുത്തി.
പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
കത്തി, താടിവേഷങ്ങൾക്കു തിരനോട്ടമേർപ്പെടുത്തി.
രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ടയേർപ്പെടുത്തി.
കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനംകൊണ്ടുവന്നു.
മുദ്രകളോടെയുള്ള ആംഗികാഭിനയംകൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്, കഥകളിയെ ഒരു നല്ല നൃത്തകലയാക്കിത്തീർത്തത് കപ്ലിങ്ങാടൻ നമ്പൂതിരിയാണ്. ഇന്നുകാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾവരുത്തി.