ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.
1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.
1946-ലെ കാബിനെറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു. ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ 9-ന് ചേർന്നു.1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു.ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.
29 ഓഗസ്റ്റ് 1947-ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആർ.അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ.
ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ചു.
1949 നവംബർ 26-ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.
ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും 8 പട്ടികകളും മാത്രമാണു ണ്ടായിരുന്നത്. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടെ തന്നെ.
ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.