കണ്ണൂർ സ്ക്വാഡിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ. സിനിമയുടെ അവസാനത്തിൽ അവരുടെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്
പോലീസ് കഥ എന്നുകേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത ധീരനായ പോലീസ് ഓഫീസർ. അയാൾക്ക് ഇടിക്കാനും പറപ്പിക്കാനും പാകത്തിന് ആക്രോശിച്ചുകൊണ്ട് എതിരിടുന്ന വില്ലന്മാർ. ഇതൊന്നും അല്ലെങ്കിൽ ഒരു കുറ്റകൃത്യവും അതിനു പിന്നാലെയുള്ള അന്വേഷണവും. വിജയിക്കുന്ന നായകനും. ഈ പതിവുരീതികളിൽനിന്ന് വഴിമാറിനടന്ന ചിത്രമായിരുന്നു 'കണ്ണൂർ സ്ക്വാഡ്'. ഒരു പറ്റം പോലീസുകാരുടെ ഒത്തൊരുമയുടേയും വാശിയുടേയും നിരന്തരശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥ.
ഒരു സീനിയർ ഓഫീസറുടെ കീഴിൽ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന കുറ്റാന്വേഷണവും മറ്റും പല തവണ മലയാളികൾ വിവിധ ഭാഷകളിലായി കണ്ടുകഴിഞ്ഞതാണ്. ഇവിടെയാണ് 'കണ്ണൂർ സ്ക്വാഡ്' വ്യത്യസ്തമാവുന്നതും. ഒന്നിലേറെ സംഭവങ്ങളിലേക്കാണ് ചിത്രം രസച്ചരട് പൊട്ടാതെ പ്രേക്ഷകനെ ഒരു വെളുത്ത പോലീസ് വാഹനത്തിലൂടെ കൂട്ടിക്കൊണ്ടുപോവുന്നത്. പ്രധാന കഥയ്ക്കൊപ്പം കണ്ണൂർ സ്ക്വാഡിലെ സംഘാംഗങ്ങളുടേയും ജീവിതമെന്താണെന്നും ഏത് സാഹചര്യത്തിൽനിന്നാണ് അവർ വരുന്നതെന്നും പോലീസ് സംവിധാനത്തിന്റെ ഭാഗമായിരിക്കേ തന്നെ ആ സിസ്റ്റം അവർക്കെന്താണ് നൽകുന്നതെന്നും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒരു പോലീസ് കഥ എന്നതിലുപരി പോലീസ് സംവിധാനത്തിനകത്തെ രാഷ്ട്രീയം പറയുന്ന ചിത്രം എന്ന തലത്തിലേക്ക് 'കണ്ണൂർ സ്ക്വാഡ്' ഉയരുന്നത് ഇവിടെയാണ്. മാത്രമല്ല, ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതിനാലായിരിക്കാം വലിയ പരസ്യമോ പ്രചരണങ്ങളോ ഇല്ലാതെയെത്തിയ ഈ ചിത്രം ജനഹൃദയങ്ങളെ ഇത്രമേൽ കീഴ്പ്പെടുത്തിയത്.
യഥാർഥ കണ്ണൂർ സ്ക്വാഡിന്റെ കഥ
2007 മുതൽ 2017 വരെ ഒരു പതിറ്റാണ്ടുകൾ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതികളെ അതിസാഹസികമായി പിടികൂടിയ അന്വേഷണ സംഘമാണ് കണ്ണൂർ സ്ക്വാഡ്. അഡീഷണൽ സബ് ഇൻസ്പെക്ടർ ബേബി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാർ, കെ. മനോജ് കുമാർ, റാഫി മുഹമ്മദ്, സി.കെ. രാജശേഖരൻ, സി. സുനിൽകുമാർ, റെജി സ്കറിയ, കെ. ജയരാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
2013 ആഗസ്റ്റ് നാലിന് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ വ്യവസായി അബ്ദുൾ സലാം ഹാജിയുടെ വീട്ടിൽ അതിദാരുണമായ സംഭവം അരങ്ങേറുന്നു. രാത്രി 11 മണിയോടെ ഹാജിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം സലാം ഹാജിയെയും കുടുംബത്തെയും ആക്രമിച്ച് ബന്ധനസ്ഥരാക്കി കൊള്ള ആരംഭിക്കുന്നു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കിയിട്ടും അക്രമികൾ തൃപ്തരല്ലായിരുന്നു. ഏറെ ശ്രമിച്ചിട്ടും കൂടുതൽ പണം ലഭിക്കില്ലെന്ന് മനസ്സിലായപ്പോൾ സലാം ഹാജിയെ കൊലപ്പെടുത്തി സംഘം രക്ഷപ്പെട്ടുന്നു.
സലാം ഹാജിയുടെ വീട്ടിൽ സിസിടിവിയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാൽ, അവയെല്ലാം പ്രവർത്തനരഹിതമാക്കിയാണ് അക്രമികൾ പദ്ധതി നടപ്പാക്കിയത്. സലാം ഹാജിയുടെ കൊലപാതകം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതികളിൽ ഒരാൾ അവശേഷിപ്പിച്ച തെളിവിൽനിന്ന് ലഭിച്ച ഡി.എൻ.എ. സാമ്പിളാണ് കേസിൽ നിർണായകമായി തീരുന്നത്. തുടർന്ന് അതിസാഹസിക ദൗത്യത്തിൽ 6000 കിലോ മീറ്ററുകൾ താണ്ടിയാണ് കണ്ണൂർ സ്ക്വാഡ് പ്രതികളെ പിടികൂടിയത്.
സലാം ഹാജിയുടെ കേസ് പ്രചോദനമായിരുന്നുവെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് 'കണ്ണൂർ സ്ക്വാഡ്' അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖമായ റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. നല്ലൊരു കയ്യടിക്ക് അർഹനാണ്. തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും അഭിനന്ദനം അർഹിക്കുന്നു. മമ്മൂട്ടിയുടെ ജോർജ്ജ് മാർട്ടിൻ, ശബരീഷ് അവതരിപ്പിച്ച ഷാഫി, റോണി ഡേവിഡിന്റെ ജയൻ, അസീസ് നെടുമങ്ങാടിന്റെ ജോസ് എന്നീ കഥാപാത്രങ്ങൾ അതിഭാവുകത്വമില്ലാതെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പോലീസ് സംവിധാനത്തിന്റെ അടിത്തട്ടിൽക്കിടക്കുന്നവരാണ് ഈ കഥാപാത്രങ്ങളെല്ലാം. കാക്കിയഴിച്ചുവെച്ചു കഴിഞ്ഞാൽ അവരും പ്രാരാബ്ധക്കാരായ സാമാന്യജനങ്ങൾ തന്നെയെന്ന് 'കണ്ണൂർ സ്ക്വാഡ്' കാട്ടിത്തരുന്നു.