'
ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കസറിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 62 പന്ത് നേരിട്ട് 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സുമായാണ് ഗില്‍ കസറിയത്. പാകിസ്താനെതിരേ മികവ് കാട്ടാന്‍ സാധിക്കാത്തതിന്റെ എല്ലാ കുറവും നികത്തുന്ന പ്രകടനമാണ് ഗില്‍ നേപ്പാളിനെതിരേ കാഴ്ചവെച്ചത്. ഇന്ത്യക്ക് 10 വിക്കറ്റിന്റെ ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗില്ലിന് സാധിച്ചു.
ഹിറ്റ്മാന്‍ ഡാ, സച്ചിനേയും കോലിയേയും പിന്നിലാക്കി! വമ്പന്‍ റെക്കോഡ്
ഇതോടെ വമ്പനൊരു റെക്കോഡും ശുബ്മാന്‍ ഗില്ലിനെ തേടിയെത്തിയിരിക്കുകയാണ്. ഏകദിനത്തില്‍ വേഗത്തില്‍ 1500 റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. പാകിസ്താനെതിരേ വിറച്ച ഗില്‍ നേപ്പാളിനെതിരേ സര്‍വാധിപത്യമാണ് കാട്ടിയത്. പാകിസ്താനെതിരേ 32 പന്തില്‍ 10 റണ്‍സാണ് ഗില്‍ നേടിയത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും ഗില്ലിന് നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ നേപ്പാളിനെതിരായ മത്സരത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. 10ാം തീയ്യതി സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ മത്സരിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ഗില്ലിന് മികവ് ആവര്‍ത്തിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് റെക്കോഡിലേക്കെത്താനും ശുബ്മാന്‍ ഗില്ലിനായി. ഇതുവരെ നാല് അര്‍ധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളുമാണ് ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത്.
ഭുവിയുടെ റെക്കോഡ് തകര്‍ത്തു
83ന് മുകളിലാണ് ഇവരുടെ കൂട്ടുകെട്ടിന്റെ ശരാശരി. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഈ കൂട്ടുകെട്ടിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന് ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ട് എന്ന റെക്കോഡില്‍ നാലാം സ്ഥാനത്തേക്കെത്താനും രോഹിത്-ഗില്‍ കൂട്ടുകെട്ടിനായി. 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്.
2022ല്‍ ശുബ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്ന് 192 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചത് മൂന്നാം സ്ഥാനത്തും സച്ചിനും ഗാംഗുലിയും ചേര്‍ന്ന് 1998ല്‍ സൃഷ്ടിച്ച 197 റണ്‍സ് കൂട്ടുകെട്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 2009ല്‍ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സ് കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. നേപ്പാളിനെതിരായ ശുബ്മാന്റെ പ്രകടനത്തിന് പ്രശംസകള്‍ ലഭിക്കുന്നതോടൊപ്പം വിമര്‍ശനവും ശക്തമാണ്.
നേപ്പാള്‍ പോലും വിറപ്പിക്കുന്നു, ഇന്ത്യന്‍ ബൗളിങ് വന്‍ ദുരന്തം! വിമര്‍ശനം ശക്തം
കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രമാണ് കളിക്കുന്നതും നിര്‍ണ്ണായക മത്സരങ്ങളിലൊന്നും മികവ് കാട്ടുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. അവസാന ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കളിച്ച മത്സരങ്ങളിലെല്ലാം ശരാശരി മാത്രമാണ് ഗില്ലിന്റെ പ്രകടനം. നേപ്പാളിനെതിരായ മികവ് പാകിസ്താനെതിരേ സൂപ്പര്‍ ഫോറില്‍ ഗില്‍ ആവര്‍ത്തിക്കേണ്ടതായുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കെ ശക്തമായ ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ ഗില്‍ ശോഭിക്കണം.
പാകിസ്താനെതിരായ മത്സരം ഗില്ലിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. നേപ്പാളിനെതിരായ ജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യക്ക് തലവേദനയായി ചില കാര്യങ്ങളുമുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ഫീല്‍ഡിങ്ങാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം നടത്തുന്ന ടീമുകളിലൊന്ന് ഇന്ത്യയാണ്. നേപ്പാളിനെതിരേ തന്നെ നാല് ക്യാച്ചാണ് ഇന്ത്യ കൈവിട്ടത്.
മോശം ഫീല്‍ഡിങ്ങിലൂടെ എക്‌സ്ട്രാ റണ്‍സ് വഴങ്ങിയതും നിരവധിയാണ്. ഇന്ത്യയുടെ ബൗളിങ്ങിന്റെ മൂര്‍ച്ചയും പ്രതീക്ഷക്കൊത്തുള്ളതല്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് കൂട്ടുകെട്ട് റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടുന്നില്ല. ജസ്പ്രീത് ബുംറ നേപ്പാളിനെതിരേ കളിച്ചിരുന്നില്ല. പാകിസ്താന്റെ ബൗളിങ് കരുത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രകടനം ശോകമാണ്. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വരുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.