പരസ്യത്തിനുവെച്ച തുകയെടുത്ത് പദ്ധതിക്ക് നല്‍കും'; AAP സര്‍ക്കാരിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
550 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ പരസ്യത്തിനായി ഈ വര്‍ഷം നീക്കിവച്ച തുക
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. റാപ്പിഡ് റെയിൽ പദ്ധതിക്കുള്ള സംസ്ഥാന സർക്കാറിന്റെ വിഹിതം ഒരാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ പരസ്യം നൽകാനായി സർക്കാർ നീക്കി വച്ച തുക പദ്ധതിക്കായി വകമാറ്റി നൽകുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയത്.
ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ പദ്ധതിക്കുള്ള പണം രണ്ടുമാസത്തിനകം കൊടുത്തുതീർക്കണമെന്ന് ജൂലായിൽ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ചൊവ്വാഴ്ച കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഈ വർഷം പരസ്യം നൽകാനായി സർക്കാർ മാറ്റിവെച്ച പണം റാപ്പിഡ് റെയിൽ പദ്ധതിയിലേക്ക് വകയിരുത്തുമെന്ന് സുപ്രീം കോടതി ശക്തമായ ഭാഷയിൽ പറഞ്ഞത്.
415 കോടി രൂപയാണ് ഡൽഹി-മീററ്റ് പദ്ധതിക്കായി എ.എ.പി. സർക്കാർ കൊടുക്കാനുള്ളത്. ഈ തുക ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് ഇന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. 550 കോടി രൂപയാണ് ഡൽഹി സർക്കാർ പരസ്യത്തിനായി ഈ വർഷം നീക്കിവച്ച തുക.
'മൂന്ന് വർഷത്തിനിടെ 1100 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കാൻ ഡൽഹി സർക്കാരിന് കഴിയുമെങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതികൾക്ക് പണം നൽകാൻ കഴിയാത്തത് എന്തുകൊണ്ടാണ്?' -കോടതി ചോദിച്ചു.
ഉത്തർപ്രദേശിലെ മീററ്റിനെയും രാജസ്ഥാനിലെ ആൽവാറിനെയും ഹരിയാനയിലെ പാനിപ്പത്തിനെയും ഡൽഹിയുമായി ബന്ധിപ്പിക്കുന്ന അർധ അതിവേഗ റെയിൽ ഇടനാഴിയാണ് റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്). നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ്. പദ്ധതിയായ ഡൽഹി-മീററ്റ് പദ്ധതിയുടെ നിർമ്മാണ ചുമതല. 82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി 2025 ജൂണോടെ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.