മെസ്സിയുമായുള്ള തര്‍ക്കത്തിന് ശേഷം വംശീയാധിക്ഷേപം നേരിട്ടെന്ന് ബ്രസീല്‍ താരം റോഡ്രിഗോ
ഇക്കഴിഞ്ഞ ബുധനാഴ്ച അർജന്റീനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ വഴി ശേഷം വംശീയാധിക്ഷേപം നേരിട്ടെന്ന് ബ്രസീൽ സ്ട്രൈക്കർ റോഡ്രിഗോ. മത്സരത്തിനിടെ താരം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു.
ഗാലറിയിൽ ബ്രസീൽ അർജന്റീന ആരാധകർ ഏറ്റുമുട്ടിയതോടെ വൈകിയാണ് മത്സരം തുടങ്ങിയത്. ഇതിനിടെ പോലീസ് ഗാലറിയിലെ അർജന്റീന ആരാധകരെ തല്ലിച്ചതയ്ക്കുന്നതിൽ മെസ്സിയടക്കമുള്ളവർ പ്രതിഷേധിക്കുകയും മൈതാനം വിടുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു റോഡ്രിഗോയും മെസ്സിയും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.
മത്സരം ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി വംശവിരുദ്ധമായ ചിത്രങ്ങളും വാക്കുകളും ഇമോജികളും തനിക്ക് ലഭിച്ചതെന്ന് റോഡ്രിഗോ പറഞ്ഞു.
''വംശീയവാദികൾ എപ്പോഴും അവരുടെ ജോലിയിലാണ്. എന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കുകൾ അധിക്ഷേപപദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്'', താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു