ഇത്രയും വലിയ ജനസഞ്ചയത്തെ നിശബ്ദമാക്കുന്നതിലും വലിയ സംതൃപ്തി മറ്റൊന്നില്ല'; ഇത് കമ്മിന്‍സിന്റെ കഥ
20 November 2023
2 കണ്ടു 2
ഇത്രയും വലിയ ജനസഞ്ചയത്തെ നിശബ്ദമാക്കുന്നതിലും വലിയ സംതൃപ്തി മറ്റൊന്നില്ല'; ഇത് കമ്മിന്‍സിന്റെ കഥ
മൈറ്റി ഓസീസ് എന്നത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട നാമമാണ്. പച്ചയണിഞ്ഞ പുൽമൈതാനത്ത് പകിട്ടോടെ നിറഞ്ഞുനിന്ന മഞ്ഞക്കുപ്പായക്കാരുടെ ചരിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടതിൽ. തങ്ങളുടെ അപ്രമാദിത്വം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയവർ. ഐ.സി.സി ടൂർണമെന്റുകളുടെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമുണ്ടാവാനിടയില്ല. എന്നാൽ ആ ചരിത്രത്തിന് പൂർണത കൈവരുന്നത് 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പോടെയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കിരീടമണിഞ്ഞതോടെയാണ് എല്ലാ ഐ.സി.സി കിരീടങ്ങളും ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. ലോകക്രിക്കറ്റിൽ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം. ഓവലിലെ കലാശപ്പോരിൽ ഇന്ത്യയെ കീഴടക്കി ആ സ്വപ്നനേട്ടം ഓസീസ് സ്വന്തമാക്കുന്നത് ഒരു 30-കാരന്റെ നായകത്വത്തിലാണ്. പാട്രിക് ജെയിംസ് കമ്മിൻസ് അഥവാ പാറ്റ് കമ്മിൻസ് എന്ന ന്യൂ സൗത്ത് വെയിൽസ് കാരനിലൂടെ. അയാളുടെ കഥയ്ക്ക് പക്ഷേ അവിടെ പരിസമാപ്തി കുറിക്കപ്പെട്ടില്ല. അയാൾ പിന്നേയും ഓസീസിന്റെ നായകനായി യാത്ര തുടർന്നു. 2023 ലോകകപ്പിനുള്ള സംഘത്തെ നയിക്കാനുള്ള ദൗത്യവും വന്നുചേർന്നു. ആ വിശ്വാസം കമ്മിൻസ് തെറ്റിച്ചില്ല. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നിശബ്ദമായ നീലക്കടലിനുനടുവിൽ കമ്മിൻസ് ചിരിച്ചു. കപ്പുയർത്തി. ടീമിനായി ലോകകിരീടം നേടിക്കൊടുത്ത വിഖ്യാത നായകൻമാരുടെ പട്ടികയിലേക്ക് കമ്മിൻസും വന്നുചേരുന്നു.
നടുവിരലിന്റെ അഗ്രം നഷ്ടപ്പെട്ട മൂന്ന് വയസുകാരൻ നടുവിലത്തെ സ്റ്റമ്പുകൾ പിഴുതുതുടങ്ങുന്ന കഥയെന്ന് പാറ്റ് കമ്മിൻസിന്റെ കരിയറിനെ സംഗ്രഹിക്കാം. ഒരർഥത്തിൽ അത് അങ്ങനെതന്നെയാണ്. കാരണം മൂന്നാം വയസ്സിൽ കുഞ്ഞു കമ്മിൻസിന് വലതുകൈയ്യിലെ നടുവിരലിന്റെ അഗ്രം നഷ്ടപ്പെടുന്നുണ്ട്. വീട്ടിൽ വെച്ചായിരുന്നു അപകടം. വാതിലിൽ കമ്മിൻസ് കൈ വെച്ചപ്പോൾ സഹോദരി അപ്രതീക്ഷിതമായി അടച്ചതാണ് കാരണം. എന്നാൽ ഇതൊന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് കമ്മിൻസ് പിന്നീട് തുറന്നുപറയുന്നുണ്ട്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മൗണ്ട് റിവർവ്യൂയിലാണ് നാല് സഹോദരങ്ങൾക്കൊപ്പം കമ്മിൻസ് വളരുന്നത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിൽ തത്പരനായിരുന്ന അവന്റെ ആരാധനാപാത്രം ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീയായിരുന്നു. ജൂനിയർ തലത്തിൽ ഗ്ലെൻബ്രൂക്ക്-ബ്ലാക്സ്ലാൻഡ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചാണ് തുടക്കം. പിന്നാലെ ന്യൂ സൗത്ത് വെയിൽസ് അണ്ടർ-17, അണ്ടർ-19 ടീമുകളേയും പ്രതിനിധീകരിച്ചു.
2010-11 കെഎഫ്സി ട്വന്റി20 ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് കരിയറിലെ വഴിത്തിരിവാകുന്നത്. ടാസ്മാനിയയ്ക്കെതിരായ പ്രിലിമിനറി ഫൈനലിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത കമ്മിൻസ് മത്സരത്തിലെ താരവുമായി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരങ്ങളിലൊരാൾ കൂടിയായിരുന്നു കമ്മിൻസ്. 17-ാം വയസ്സിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 2010-11 സീസണിൽ ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കമ്മിൻസ് തിളങ്ങി.