സാങ്കേതിക വിദ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം പല തലങ്ങളിലാണ്. സമ്പദ് വ്യവസ്ഥയിൽ ഇന്ധനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ ഫ്ലെക്സ് ഫ്യുവൽ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള ഒരു അവതാരമാണ്
ടെക്നോളജിയിലൂടെ ഇന്ധനത്തിൽ നിശ്ശബ്ദമായ വിപ്ലവം സൃഷ്ടിക്കുന്ന ഒന്നാണ് ഫ്ലെക്സ് ഫ്യുവൽ (Flex-fuel). ലോകമാകെയുള്ള വാഹനനിർമാതാക്കൾ ഫ്ലെക്സ്ഫ്യുവലിന്റെ സാധ്യതകൾ മനസ്സിലാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കണമെന്ന് വാഹന നിർമാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തന്നെ ടൊയോട്ട നിർമിച്ച ലോകത്തിലെ തന്നെ ആദ്യത്തെ ഇന്നോവ കാർ രാജ്യത്ത് അവതരിപ്പിച്ചു. ഇത്തരത്തിൽ ഫ്ലെക്സ് ഫ്യുവൽ ടെക്നോളജിയിൽ അതിദൂരം മുന്നേറിയ ഒരു രാജ്യം കൂടിയാണ് ഇന്ത്യയെന്ന് വെളിപ്പെട്ടു. ഫ്ലെക്സ് ഫ്യുവലിന് 40 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ഇന്ധനം വ്യാപകമായാൽ രാജ്യത്തെ ആകെ വിലക്കയറ്റത്തോത് പോലും കുറയുന്ന സാഹചര്യമാണുണ്ടാവുക
എന്താണ് ഫ്ലെക്സ് ഫ്യുവൽ സാങ്കേതിക വിദ്യ?
ഔദ്യോഗികമായി 'E85' എന്നതാണ് ഫ്ലെക്സ് ഫ്യുവലിന്റെ വിളിപ്പേര്. ഈ ഇന്ധനത്തിൽ, അളവ് അടിസ്ഥാനത്തിൽ 85% എഥനോളും, 15% ഗ്യാസൊലിൻ/ഹൈഡ്രോ കാർബൺ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.
നിലവിൽ വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളിൽ 8.5% വരെ എഥനോൾ അടങ്ങിയിരിക്കുന്നു. എഥനോൾ ഒരു ബയോ ഇന്ധനമാണ്. ഫ്ലെക്സ് ഫ്യുവൽ എൻജിനുകളിൽ, വിവിധ അനുപാതങ്ങളിലായി പെട്രോളും, ഫ്ലെക്സ് ഫ്യുവലിലൂടെ എഥനോളും ഉപയോഗിക്കാനുള്ള ഓപ്ഷനാണ് ലഭിക്കുന്നത്.
വിവിധ തരം ഇന്ധനങ്ങളുടെ അനുപാതം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുകയാണ് ചെയ്യുക. ലളിതമാക്കിയാൽ, രണ്ടോ അതിലധികമോ ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിക്കാൻ സാധിക്കുന്നു. ഇപ്പോഴത്തെ സാധാരണ എൻജിനുകൾക്ക് ഒരു തരം ഇന്ധനം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.