ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി
29 September 2023
1 കണ്ടു 1
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹവും ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹവുമായ ശുക്രനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് ഐഎസ്ആർഒ. തിളങ്ങുന്ന ഗ്രഹത്തിന്റെ അറിയാ കഥകൾ പഠിക്കുന്നതിനായുള്ള ദൗത്യത്തിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും പേലോഡുകൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു.
നിഗൂഢകളേറെയുള്ള ഗ്രഹമായ ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിലൂടെ ബഹിരാകാശ മേഖലയ്‌ക്ക് ബൃഹത്തായ സംഭാവനകൾ നൽകാൻ കഴിയും. കട്ടിയേറിയ അന്തരീക്ഷമുള്ള ഗ്രഹമാണ് ശുക്രൻ. ഭൂമിയുടേതിനേക്കാൾ 100 മടങ്ങ് അന്തരീക്ഷ മർദ്ദമാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ ഉപരിതലത്തിൽ കാലുകുത്താൻ കഴിയില്ല. ഉപരിതലം കട്ടിയുള്ളതാണോ എന്ന് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പിന്നെ ശുക്രനിൽ പഠനം നടത്തുന്നത് എന്തിനെന്ന് ചിന്തിക്കുന്നുണ്ടാകും,ഒരുപക്ഷേ ഒരുദിവസം ഭൂമിയും ശുക്രന് സമാനമാകാം. വരുന്ന 10,000 വർഷത്തിനുള്ളിൽ ഭൂമിയുടെ പ്രത്യേകതകളും സവിശേഷതകളും മാറാം. ഭൂമി ഇന്ന് കാണുന്ന തരത്തിൽ ആയിരുന്നില്ല ആദ്യകാലത്ത്. നിരവധി പരിണാമങ്ങൾക്ക് ശേഷമാണ് വാസയോഗ്യമായ ഭൂമി സംജാതമായത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇസ്രോ മേധാവി.
സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹമാണ് ശുക്രൻ. വലുപ്പത്തിലും സാന്ദ്രതയിലും ഭൂമിയുടേതിന് സമാനമായതിനാലാണ് ‘ഭൂമിയുടെ ഇരട്ട’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് മുൻപും വിവിധ രാജ്യങ്ങൾ ശുക്രനിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ‘വീനസ് എക്‌സ്പ്രസ്’ ജപ്പാന്റെ ‘അകറ്റ്‌സുക്കി വീനസ് ക്ലൈമറ്റ് ഓർബിറ്റർ’ എന്നിവയാണ് ശുക്രനിൽ പര്യവേക്ഷണം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ ദൗത്യങ്ങൾ.