AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് ‘ഹബിൾ’
28 September 2023
1 കണ്ടു 1
സോംബ്രെറോ ഗാലക്സിയുടെ അതിമനോഹരമായ ദൃശ്യം പകർത്തി നാസയുടെ ഹബിൾ ടെലിസ്‌കോപ്പ്. ഭൂമിയിൽ നിന്നും 28 മില്യൺ പ്രകാശവർഷം അകലെയുള്ള ഗ്യാലക്‌സിയുടെ ചിത്രമാണ് ഹബിൾ ടെലിസ്‌കോപ്പ് പകർത്തിയത്. ബഹിരാകാശ വിസ്മയങ്ങളുടെ ആകർഷകമായ നിരവധി ചിത്രങ്ങൾ പകർത്തി ഇതിനോടകം പ്രശസ്തമാണ് നാസയുടെ (നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) ഹബിൾ ബഹിരാകാശ ദൂരദർശിനി.
ഭൂമിയിൽ നിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെ വിർഗോ ക്ലസ്റ്ററിന്റെ തെക്കേ അറ്റത്താണ് സോംബ്രെറോ ഗാലക്‌സി സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ഈ ഗ്യാലക്‌സിക്ക് ഏകദേശം 50,000 പ്രകാശവർഷം വ്യാസമുണ്ട്. നമ്മുടെ ക്ഷീരപഥത്തിന്റെ പകുതിയോളം വലിപ്പം വരുമിത്. സോംബ്രെറോ ഗാലക്‌സിയുടെ നടുക്ക് സൂര്യനേക്കാൾ ഒരു ബില്യൺ മടങ്ങ് വലിപ്പമുള്ള ഒരു ബ്ലാക്ക് ഹോളുമുണ്ട്.
നാസ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിൽ, സോംബ്രെറോ ഗാലക്‌സിയുടെ ഇടത്, വലത് അറ്റങ്ങൾ ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. വൃത്തത്തിന്റെ മധ്യഭാഗം മഞ്ഞ-പച്ച നിറത്തിലും കാണാം. ഗാലക്‌സിയുടെ മധ്യഭാഗത്ത് ഇളം നീല നിറത്തിലുള്ള വെളിച്ചവുമുണ്ട്. ഗ്യാലക്‌സിക്ക് പുറത്തായി നിരവധി നക്ഷത്രങ്ങളും മറ്റ് ഗ്യാലക്‌സികളും ചെറിയ കുത്തുകളായും കാണാം.