‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു
29 September 2023
3 കണ്ടു 3
‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, നായകനും നിർമാതാവും എന്നതിനപ്പുറം ഈ സിനിമയുമായി മമ്മൂട്ടിക്ക് മറ്റൊരപൂർവ ബന്ധം കൂടിയുണ്ട്.
1989ൽ പുറത്തിറങ്ങിയ, മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമിച്ച സി.ടി. രാജന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബിയും തിരക്കഥാകൃത്തും നടനുമായ റോണിയും. ജോഷി സംവിധാനം ചെയ്ത മഹായാനം അന്ന് നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫിസിൽ ശ്രദ്ധനേടാനായില്ല. നിർമാതാവിന് സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. കടക്കെണിയിൽ പെട്ട് സിനിമ നിർമാണം തന്നെ അദ്ദേഹം ഉപേക്ഷിച്ചു. വർഷങ്ങൾക്കിപ്പുറം അതേ നിർമാതാവിന്റെ മൂത്ത മകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ഇളയമകൻ സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രം നിർമിച്ച് നായകനായി മെഗാസ്റ്റാർ മമ്മൂട്ടിയെത്തുമ്പോൾ അതൊരു അപൂർവമായ കൂട്ടുചേരലാണ്.
ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പൊലീസ് ഓഫിസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018 ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് കഥ ഒരുക്കിയത്