വേൾഡ് ട്രയാത്തലോൺ കോർപ്പറേഷൻ സംഘടിപ്പിച്ച ട്രയാത്തലോൺ മത്സരത്തിൽ അപൂർവമായ 'അയേൺമാൻ' പദവി സ്വന്തമാക്കി മലയാളിയായ വിഷ്ണുപ്രസാദ്. വെസ്റ്റേൺ ഓസ്ട്രേലിയയിൽനടന്ന മത്സരത്തിലാണ് വിഷ്‌ണുവിൻ്റെ നേട്ടം.
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ഏകദിന കായികയിനങ്ങളിൽ ഒന്നായാണ് ട്രയാത്തലോൺ കണക്കാക്കപ്പെടുന്നത്. മത്സരസീരീസിൽ ആകെ 3.9 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിൾ റേസ്, 42.2 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 226.3 കിലോമീറ്റർ പിന്നിടണം. 17 മണിക്കൂറിൽ മത്സരം പൂർത്തിയാക്കിയാലാണ് അയേൺമാൻ ബഹുമതി ലഭിക്കുക. വിഷ്‌ണു 13 മണിക്കൂറിൽ ലക്ഷ്യംനേടി. ഇന്ത്യയിൽ നടക്കുന്ന അയേൺമാൻ ട്രയാത്തലോൺ മത്സരത്തിലെ ദൂരം 113 കിലോമീറ്റർ മാത്രമാണ്.
കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ വിഷ്ണുപ്രസാദ് അയേൺമാൻ പദവിക്കുവേണ്ടി അഞ്ചുവർഷമായി കഠിനപരിശീലനം നടത്തി.
2022-ൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽനടന്ന ഹാഫ് അയേൺമാൻ മത്സരം വിജയകരമായി പൂർത്തിയാക്കി. ശാസ്ത്രീയ കായികപരിശീലനം, ജിംവർക്ക്ഔട്ട്, ദീർഘദൂര സൈക്കിൾസവാരി, മാരത്തൺ, നീന്തൽ, ഭക്ഷണനിയന്ത്രണം തുടങ്ങിയവ പിന്തുടർന്നതാണ് വിഷ്ണുവിന്റെ വിജയരഹസ്യമെന്ന് പിതാവ് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എസ്.സി.ഇ.ആർ.ടി. ഡയറക്‌ടറുമായിരുന്ന ഡോ. ജെ. പ്രസാദ് പറഞ്ഞു. അധ്യാപികയായിരുന്ന വത്സലകുമാരിയാണ് അമ്മ. മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുപ്രസാദ് ഓസ്ട്രേലിയയിൽ കൺസ്ട്രക്ഷൻ എസ്റ്റിമേറ്ററാണ്.