shabd-logo

ഭാഗം-5

11 January 2024

0 കണ്ടു 0
എങ്കിലും മറിയച്ചേടത്തി അങ്ങനെ പറഞ്ഞുകളഞ്ഞല്ലോ. അന്തോനിക്ക് അതൊരു ആശ്ചര്യമായിത്തോന്നി. മാമ്മി ചോദിച്ചാൽ അവർ കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെയൊരനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അവർ അവനെ ഒരു കൂലിക്കാരനായിട്ടായിരിക്കുമോ വിചാരിക്കുന്നത്? അവരുടെ കൂലിക്കാരനാകത്തക്കവിധം അവനത്ര അധഃപതിച്ചിട്ടില്ല. 'നിനക്കു വേറെ പെണ്ണുകിട്ടത്തില്ലേ മോനേ?' എന്ന മാമ്മിയുടെ ചോദ്യം അവന്റെ ഹ്യദയത്തെ ഒരു കട്ടുറുമ്പുപോലെ വേദനിപ്പിച്ചു. ലോകത്തിൽ അനേകമനേകം യുവതികളുണ്ടെന്നുള്ളതു വാസ്‌തവം. ഉണ്ടായിക്കൊള്ളട്ടെ പക്ഷേ, റാഹേൽ-അവൾ ലോകത്തിലുള്ള എല്ലാ പെൺകുട്ടികളെയുംകാൾ വ്യത്യസ്‌തയാണ്. അവളുടെ ശരീരംപോലെതന്നെ അഴകുള്ളതാണ് അവളുടെ ഹൃദയവും എന്ന് അന്തോനിക്കറിയാം. ഒരുപക്ഷേ, അന്തോനിക്കുമാത്രമേ അറിഞ്ഞുകൂടുതാനും. അമ്മ അവരുമായി പിണങ്ങേണ്ടായിരുന്നു. എങ്കിലും അതിൽ അമ്മ കുറ്റക്കാരിയല്ല. നാഴി അരി വായ്‌പ ചോദിച്ചിട്ട് ആ മറിയച്ചേടത്തി കൊടുത്തില്ലല്ലോ! എന്തെങ്കിലും ഒരു കാരണമുണ്ടാക്കി തമ്മിൽ പിണങ്ങണമെന്ന് അവർക്ക് ഉദ്ദേശ്യമുണ്ടായിരിക്കാം. എന്തായിരിക്കാം ആ ഉദ്ദേശ്യം! ഒരു പിടിയും കിട്ടുന്നില്ല. അന്തോനിയുടെ ഹൃദയം പുകഞ്ഞുകൊണ്ടിരുന്നു. താൻ അവരുടെ അടിമയല്ല എന്ന് അവരെ ഒന്നു ബോദ്ധ്യപ്പെടുത്തിയാലോ? രാവിലെ പീടികക്കാരനു ചരക്കുകൊണ്ടുവരാൻ പോകണമെന്നാണ് കുഞ്ചെറിയാച്ചേട്ടൻ്റെ ഉത്തരവ്. മനസ്സില്ലെങ്കിലോ? എങ്കിൽ കുഞ്ചെറിയാച്ചേട്ടൻ തന്നെ പഴയതുപോലെ വണ്ടിയുംകൊണ്ടുപോയി ചരക്കിറക്കും. ദിവസം രണ്ടുരൂപാ കിട്ടുന്നത് അന്തോനിക്കു നഷ്‌ടപ്പെടും. വിശാലമായ ലോകത്തിൽ തന്നെപ്പോലെ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനു ജോലി കിട്ടാൻ യാതൊരു വിഷമവുമില്ല. അങ്ങത്തേതിലെ ചാണ്ടി സാറിന്റെ പുരയിടത്തിൽ എന്നും ജോലിയുണ്ട്. ചെലവുകഴിഞ്ഞു രണ്ടുരൂപാ കിട്ടും. പിന്നെന്തിനു നിന്ദയുള്ള വീട്ടിൽ പോകുന്നു? എന്നും പതിവുള്ളനേരത്ത് അവൻ ഉണർന്നെങ്കിലും എണിക്കുവാൻ അവന് ഉത്സാഹം തോന്നിയില്ല. മുറ്റത്തു പ്രകാശം വീണിരുന്നു. അവന്റെ കൊച്ചു പറങ്കിമാവിന്റെ കൊമ്പിൽ ഒരു രാമൻകാക്ക വന്നിരുന്നു 'ക്രാ ഖ്റാ' എന്നിങ്ങനെ അക്ഷരങ്ങൾ ഉരുവിടുന്നു. ലില്ലി ഇഴഞ്ഞും നീന്തിയും അവൻ്റെ അടുക്കലെത്തി. അവൾ അവന്റെറെ ചുരുണ്ട തലമുടി പിടിച്ചു വലിക്കുകയാണ്. അന്തോനി എണീറ്റു ലില്ലിയെ എടുത്തു മടിയിൽ വച്ചു. അവൻ അവളുടെ മുഖം തുടച്ചിട്ട് ആ മുഖത്തു പലവുരു ചുംബിച്ചു.


"കൊച്ചിനാട്ടേ!"

"എന്നാ ചിരുതേ." മാമ്മി അടുക്കളയിൽനിന്നു വിളികേട്ടു. അമ്മിണി വെള്ളംകോരാൻ പോയിരിക്കുകയാണ്.

"ഇച്ചിരി തീ താ." ചിരുതപ്പുലയി ഒരു തേങ്ങാത്തൊണ്ട് അടുക്കളയിലേക്കു നീട്ടി.

"ഇന്നു വേലയ്ക്കുപോണില്ലേ ചിരുതേ?" തൊണ്ടിലേക്കു തീക്കനലുകൾ തോണ്ടിയിട്ടുകൊണ്ട് മാമ്മി ചോദിച്ചു. അടുപ്പിലിരിക്കുന്ന കൊച്ചുകലത്തിലെ കപ്പപ്പൂളുകൾ തിളച്ച വെള്ളത്തിൽ ഇളകിമറിഞ്ഞുകൊണ്ടിരുന്നു.

"മീട്ടിലെ പറമ്പിലാ ഇന്നു മേല."

"പയറിടീല്, ഇന്നലെ പടിഞ്ഞാറെമീട്ടിൽ ആരാണ്ടൊക്കെ മന്നിരുന്നു.

"എന്നാ വേല."

കൊച്ചിമ്പ്രാട്ട്യറിഞ്ഞില്ലേ?"

"ഇല്ല, ആരാ?"

"റായേൽ കൊച്ചിമ്പ്രാട്ടിക്ക് ആരോ കല്യാണക്കാരാ."

"എവിടുത്തുകാരാ?"

“എങ്ങാണ്ടത്തുകാരനൊരു സാറ്."

"എന്നിട്ട്?"

"എന്നാ ആയെന്ന് അടിയനറിഞ്ഞില്ല."

ചിരുതപ്പുലയി തീയുംവാങ്ങിക്കൊണ്ടു പോയി. അന്തോനി ആ സംസാരം ശ്രവിച്ചുകൊണ്ടിരുന്നു. റാഹേലിന് മറ്റെങ്ങോ കല്യാണം പറയുന്നെന്ന്! കാര്യങ്ങൾ അങ്ങനെയാണു വന്നു കലാശിച്ചിരിക്കുന്നത്. അപ്പോൾ അപ്പേ ഞാനിയെ പിണക്കി അയയ്ക്കണം. അതിനുള്ള ആരംഭമാവാം അരിയില്ലെന്നു മറിയച്ചേടത്തി പറഞ്ഞത്. പക്ഷേ, പാവം റാഹേൽ ഇതൊന്നും അറിഞ്ഞുകാണുകയില്ല. അന്തോനിയെക്കാൾ യോഗ്യതയും പണവുമുള്ളവരെക്കൊണ്ടു റാഹേലിനെ കെട്ടിക്കണമെന്നായിരിക്കാം അവരുടെ ആഗ്രഹം, സ്ത്രീധനം കൂടാതെതന്നെ ആരുംകെട്ടിക്കൊണ്ടു പോകും റാഹേലിനെ. എന്നാൽ റാഹേൽ അന്തോനിക്കുള്ളതാണ്; അന്തോനിക്കുമാത്രം. ലോകത്തിൽ യാതൊരു ശക്‌തിക്കും അവളെ അകറ്റിക്കൊണ്ടുപോവാൻ സാദ്ധ്യമല്ല. എത്ര കല്യാണആലോചനക്കാർ വേണമെങ്കിലും വന്നുകൊള്ളട്ടെ. അന്തോനിയെ വിളിക്കാൻ കുഞ്ചെറിയാച്ചേട്ടൻ റാഹേലിനെ പറഞ്ഞയച്ചു. മുറ്റത്തു വന്നുനിന്ന റാഹേലിനെ അന്തോനി കണ്ടു.

"എന്താ മോളെ വന്നത്?" മാമ്മി ചോദിച്ചു.

“അപ്പൻ പറഞ്ഞയച്ചു അന്തോനിയെ വിളിക്കാൻ. ആ പീട്യക്കാരൻ

വന്നുനില്ക്കുന്നു. അയാൾക്കു രാവിലെ പോയി ചരക്കുകൊണ്ടിരണെന്ന്."

റാഹേൽ പറഞ്ഞു.

"അന്തോനിക്ക് ഇന്നു വരാൻ ഒക്കുകേലെന്നു പറ, കേട്ടോ."

കപ്പപ്പുഴുക്കിനുകൂട്ടാൻ ചമ്മന്തി ശരിപ്പെടുത്തുകയായിരുന്നു മാമ്മി. അമ്മിണി പര്യത്തെ വാഴച്ചോട്ടിൽ കുത്തിയിരുന്നുകൊണ്ട് പിഞ്ഞാണങ്ങൾ മിഴക്കുകയായിരുന്നു. അന്തോനി ലില്ലിയെ എടുത്തുകൊണ്ടു പടിഞ്ഞാറുവശത്തെ കൊച്ചുകപ്പ്ലാവിൻ്റെ അടുക്കലേക്കു പോയി. ഒന്നുരണ്ടു തളിരിലകൾ പറിച്ച് അവൻ ആ കുഞ്ഞിൻ്റെ കൈയിൽ കൊടുത്തു. റാഹേലിന്റെ മുഖം മ്ലാനമായി. അവൾ അന്തോനിയുടെ അടുത്തെത്തി.

"എന്നാ ഇന്നു വരുന്നില്ലേ?" റാഹേൽ ചോദിച്ചു.

ഇല്ല 

"അതെന്താ?"

"എനിക്കു വേറൊരുവഴിക്കു പോകാനുണ്ട്."

"รว?"

“പിന്നെപ്പറയാം."

"ഇപ്പം പറഞ്ഞാലെന്നാ?"

"പറയാൻ പാടില്ല."

“എന്നോടു പറയത്തില്ലേ? എന്നോട്..."

റാഹേൽ കരയുകയാണ്. അവളുടെ നീലനേത്രങ്ങളിൽ നിന്നു മുത്തുമണികൾപോലെ കണ്ണുനീർത്തുള്ളികൾ ഉരുണ്ട് ആ വെളുത്തു ചെമന്നു തുടുത്ത പൂങ്കവിളുകളിലൂടെ ഒഴുകി വക്ഷസ്സിൽ പതിച്ചു. ആ കണ്ണീർക്കണികകളെ തുടയ്ക്കുവാൻ അവൻ അറിയാതെതന്നെ അവന്റെ കൈ നീണ്ടു.

"വേണ്ട." അവൾ നടന്നു. അവൾ തിരിഞ്ഞുനോക്കിയില്ല.

പുലരിയുടെ അരുണിമ മങ്ങുകയും നിഴലുകളുടെ നീളം കുറയുകയും

ചെയ്തു‌.

"കൊച്ചമ്പ്റാ പൂഹൈ."

അന്തോനി തിരിഞ്ഞുനോക്കി. പാവക്കിടാത്തനായിരുന്നു.

"എന്നാടാ പാവേ?"

"കൊച്ചിന്റാനിന്ന് വണ്ട്യൽ പോണില്ലേ?"

ഇല്ല 

“എന്നാ വാ, അടിയൻ വേല തരാം."

അമ്മയുടെ അനുമതിയോടുകൂടി അന്ന് അന്തോനി തൂമ്പായുമെടുത്തു 
പണിക്കുപോയി. പുല്ലുപിടിച്ചുകിടന്നിരുന്ന തരിശുഭൂമി. രണ്ടരയടിവീതിയിൽ നെടുനീളത്തിൽ വരമ്പുകൾ കോരുക. ആ വരമ്പുകളിൽ അരയടി അകലത്തിൽ ഉലക്കകൊണ്ടു കുത്തി ചെറിയ കുഴികൾ കുഴിക്കുക. അതിൽ ഒരുനുള്ളു ചാരവും രണ്ടു കൊച്ചു പയർ വിത്തുകളും ഇട്ടു മൂടുക. അതാണ് അന്നത്തെ വേല.

അന്തോനിയും പാവയും പയറിനുവാരമെടുത്തു. ചിരുതപ്പുലയി കുഴികളിൽ ചാരമിട്ടു. വേലക്കാരി അന്ന പയറിട്ടു.

രാജൻ ആ വേലക്കാരുടെ അടുത്തുവന്നു വേല നോക്കിക്കൊണ്ടുനിന്നു. അന്നയുടെ കൈയിൽനിന്നു കുറെ പയർ വിത്തുകൾ വാങ്ങി അവനും കുഴികളിൽ പയർ വിത്ത് ഇട്ടുമൂടി.

"കൊച്ചിന്റാൻ വേലുകൊണ്ടാൽ കറത്തുപോകും; അടിയൻ പറഞ്ഞേക്കാം." തൂമ്പാപ്പാടുകളിലേക്കു നോക്കിക്കൊണ്ടുതന്നെ പാവ പറഞ്ഞു.

“കൊച്ചിന്റാനൊന്നു കെളച്ചാൽ രണ്ടുപേരു വേണേല്ലോ വീശാൻ." "നീയത്രയൊന്നും ഊശിയാക്കണ്ടാ; തൂമ്പായിങ്ങോട്ടുതരൂ. ഞാൻ കാണിച്ചു തരാം 

രാജൻ തൂമ്പാ വാങ്ങിച്ചു കിളച്ചു തുടങ്ങി. തൂമ്പായുടെ ക്രമം തെറ്റിയുള്ള പതനംകണ്ട് ചിരുതപ്പുലയിപോലും ചിരിച്ചുപോയി. ഉച്ചിക്കു മുകളിൽത്തന്നെ തീക്കനൽ വിതറിക്കൊണ്ടു സൂര്യൻ നിന്നിരുന്നു.

"കൊച്ചിന്റാ, ആ ചരട്ടങ്ങുരിക്കള. നല്ലൊരു ചരട്ടേൽ മണ്ണുപുരണ്ടാലക്കൊണ്ട്.''

വാസ്തവം. രാജൻ ഷർട്ടൂരി അടുത്ത പറങ്കിമാവിന്റെ തണലിൽ ഇട്ടു. സ്വർണ്ണനിറത്തിലുള്ള അവൻ്റെ ശരീരത്തിൽ വിയർപ്പുചാലുകൾ ഒഴുകി, ബനിയൻ ദേഹത്ത് ഒട്ടിപ്പിടിച്ചു. ചീകിവച്ചിരുന്ന ആ തലമുടി ഇളകി നെറ്റിയെ മറച്ചു. ചെമന്ന പൂഴി അവൻ്റെ ദേഹത്തെങ്ങും പുരണ്ടു. അവൻ്റെ മൃദുലങ്ങളായ കൈപ്പത്തികൾ ചെമന്നു കുമിളച്ചു. അര മണിക്കൂർ കിളച്ചപ്പോഴേക്കും രാജൻ തളർന്നുപോയി. അവൻ തൂമ്പാ തിര്യ പാവക്കിടാത്തനെ ഏല്പിച്ചിട്ടു പറങ്കിമരത്തിന്റെ തണലിൽ പോയിരുന്നു. അവൻറെ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. നട്ടുച്ചയ്ക്കലത്തെ കുളിർകാറ്റിൻ്റെ ചുംബനം അവനെ ആഹ്ളാദിപ്പിച്ചു. കാറ്റിന് ഇത്രകണ്ടു മാധുര്യമുണ്ടെന്ന് അവനറിഞ്ഞിരുന്നില്ല.

"ഇപ്പോഴെങ്ങ് നിരിക്കുന്നു. കൊച്ചിന്റാ?" പാവ ചിരിച്ചു. "ഓ, സാരമില്ലെടാ."

യാതൊരു കൂസലും ക്ഷീണവും കൂടാതെ, ഉഗ്രമായ വെയിലിനെ വെല്ലുവിളിച്ചുകൊണ്ട്. കിളച്ചുകിളച്ചു കയറുന്ന അന്തോനിയെയും പാവക്കിടാത്തനെയും കണ്ടപ്പോൾ രാജന് അസൂയതോന്നി. പുതുമണ്ണിന്റെ മണം കലർന്ന വായു ആമോദജനകമായിരുന്നു.

"ഇനി എന്നാ കോളജ് തുറക്കുന്നെ, എന്തു രാജാ?" അന്തോനി ചോദിച്ചു.

"എന്റെ പഠിത്തം കഴിഞ്ഞു." രാജൻ പറഞ്ഞു.

"ഇന്നീം പഠിക്കാൻ പോണില്ലേ?"

"ഇനി കൃഷിക്കാര്യങ്ങളിലൊക്കെ ഏർപ്പെടാൻ തീരുമാനിച്ചിരിക്കയാണ്. അപ്പനു വയസ്സായി. ഞാൻ വേണം എല്ലാക്കാര്യവും ഇനി അന്വേഷിക്കാൻ."

"ഇനീം ഒരു കല്യാണോം എല്ലാം കഴിച്ച് ഒരു കൊച്ചു കൊച്ചമ്പിരാട്ടിയേം കൊണ്ടുവന്ന് സൊകമായിട്ടു താമസിക്ക്വാ, അല്ലേ കൊച്ചിന്റാ." പാവ ചോദിച്ചു. "ഞാൻ കല്യാണം കഴിക്കുന്നില്ലെടാ."

"അതെന്താ?"

“എന്തിനെടാ! മറിപ്പുപിടിച്ച ഏർപ്പാടല്ലേ കല്യാണം എന്നു പറയുന്നത്."

“അതെയതെ, അല്ലേലും ഏതാണ്ടു പെണ്ണിനെ കണ്ടെച്ചോ ഇപ്പറേന്നത്."

"എടാ മിടുക്കാ, നീയതെങ്ങനെ അറിഞ്ഞു? എവിടാടാ കേൾക്കട്ടെ." "നീ ചുമ്മാ വല്ലോം പറയാണ്ടിര്യടാ ക്‌ടാത്താ." ചിരുതപ്പുലയി പയറിൻകുഴികളിൽ ചാരം നുള്ളിയിട്ടുകൊണ്ട് മകനൊരു താക്കീതു നല്കി. കൊച്ചിന്റാനോട് അങ്ങനെയൊന്നും വർത്തമാനം പറയാൻ പാടുള്ളതല്ല. "താരീംചുറ്റി കുമ്മായവുംപൂശി മണിവാച്ചു കെട്ടി, ബാങ്കും തൂക്കിപ്പിടിച്ചോണ്ടു
നടക്കുന്ന എതെകിലും.

"യെടാ ക‌ാത്താ ചുമ്മായിരിക്കെടാ." ചിരുതയ്ക്കു പരിഭ്രമമായി. പാവക്കിടാത്തൻ്റെ സ്വതന്ത്രമായ സംസാരത്തിൽ രാജന് യാതൊരു പരിഭവവും തോന്നിയില്ല. മനുഷ്യർ എല്ലാം സമന്മാരാണെന്നും ഒരു കൂട്ടർ മാത്രം വേലയെടുക്കാതെ സുഖിക്കാനും, മറ്റൊരുകൂട്ടർ വേലയെടുത്താലും ദുരിതപ്പെടാനും ഉള്ളവരല്ലെന്നും അവൻ വിശ്വസിക്കുന്നു. തന്റെ അപ്പനും പിതാമഹനും സമ്പാദിച്ചുകൂട്ടിയിട്ടുള്ള ഭീമമായ സ്വത്തുക്കൾ പാവപ്പെട്ടവർക്കുകൂടി അനുഭവപ്പെടേണ്ടവയാണെന്ന് അവൻ കരുതുന്നു. ആ തത്ത്വം തന്റെ അപ്പനെ ബോദ്ധ്യപ്പെടുത്തുവാൻ അവൻ്റെ അറിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തേണ്ടി വന്നു. പുത്തൻ മായാത്ത ആദർശങ്ങളും വിജ്ഞാനങ്ങളുമായി അവൻ കോളജിൽ നിന്നു വന്നിരിക്കുകയാണ്. അവന്റെ യുക്തിവാദത്തിനു വൃദ്ധനായ അപ്പൻ കീഴടങ്ങി. മകൻ്റെ ആനന്ദം തന്റെയും ആനന്ദമെന്നു കരുതിയിരുന്ന സാത്വികനായ ആ പെൻഷൻ ഉദ്യോഗസ്ഥൻ രാജന്റെ ആശയഗതിക്കു പ്രതിബന്ധമായി നിന്നില്ല. "ഇഷ്ടംപോലെ ആയിക്കോളൂ" എന്ന് അദ്ദേഹം സമ്മതം മൂളി സാരിയിലും പൗഡറിലും പൊതിഞ്ഞ ക്യത്രിമസൗന്ദര്യത്തിൽ അവൻ വിശ്വസിച്ചിരുന്നില്ല. അവൻ്റെ സ്നേഹം സമ്പാദിക്കാൻ പാടുപെട്ടിട്ടുള്ള യുവതികളുടെ സംഖ്യ അവനറിയാം. അവൻറെ കഠിനഹൃദയത്തെ അവർ പഴിച്ചു. അവൻ ഒരു സ്ത്രീവിദ്വേഷിയെന്നു യുവതീലോകം മുദ്രയടിച്ചു. അവൻ സ്ത്രീവിദ്വേഷി ആയിരുന്നില്ല. അവൻ പ്രകൃതിയിലെ കവിതയിൽ ആനന്ദംപുണ്ടു. അവൻ അവയെ ഈരടികളിൽ പകർത്താറുണ്ട്. ആ കവിതകളിലെ സംഗീതം അന്തരീക്ഷത്തിൽ അലതല്ലാറുണ്ട്. പത്രമാസികകൾ അവന്റെ കവിതകൾക്കുവേണ്ടി മത്സരിക്കാറുണ്ട്. ചൂളമരങ്ങളുടെ ഇടയിൽക്കൂടി ചൂളമടിക്കുന്ന ഇളംകാറ്റിനെയും പച്ചവള്ളികൾക്കിടയിലിരുന്നു ചിരിക്കുന്ന ചെമന്ന പൂക്കളെയും അവൻ കവിതയിൽ കെട്ടിനിറുത്താറുണ്ട്. അവന്റെ
ഗാനങ്ങൾ കർണ്ണപീയൂഷങ്ങളാണ്. തൻ്റെ മകൻ ഉന്നതനായ ഒരുദ്യോഗസ്ഥനോ ഒരുപക്ഷേ, ഒരു മന്ത്രിയോ ആയിത്തീരണമെന്ന് അവന്റെ മാതാപിതാക്കൾ അഭിലഷിച്ചു.

പക്ഷേ, അവൻ തലതിരിഞ്ഞ ഒരാദർശവാദിയായിട്ടാണു കാണപ്പെട്ടത്. അടിച്ചവഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കുക എന്ന തത്ത്വം അവർ

സ്വീകരിക്കേണ്ടിവന്നു. അന്നു പാവക്കിടാത്തനും അന്തോനിയും ബംഗ്ലാവിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു. സൂര്യൻ ഉച്ചിയിൽനിന്ന് അല്പം പടിഞ്ഞാറോട്ടു മാറിയപ്പോൾ ആ

വേലക്കാരുടെ തൂമ്പാകൾ വീണ്ടും ഉയരുകയും താഴുകയും ചെയ്‌തു. ഉച്ചതിരിഞ്ഞപ്പോൾ പടിഞ്ഞാറുനിന്നു കാറ്റു കിഴക്കോട്ടു കൂത്താടുകയായി. പകർത്തെഴുത്തുബുക്കിലെ വരികൾപോലെ തെളിഞ്ഞു തെളിഞ്ഞുവന്ന പയറിൻ വാരങ്ങൾ ജന്നലിൽക്കൂടി നോക്കിക്കൊണ്ട് രാജൻ അവന്റെ മുറിയിൽ ഇരുന്നു. വള്ളികളും പുള്ളികളും ദീർഘങ്ങളും ഇടകലർന്ന അക്ഷരങ്ങൾമാതിരി ആ വരമ്പുകളിൽ കൊച്ചുപയറുകൾ മുളയിട്ടു കിളുർത്തുവളർന്നു വള്ളിവീശി പൂക്കും കായിക്കും.

അന്തോനിയുടെയും പാവയുടെയും ചിരുതപ്പുലയിയുടെയും അന്നയുടെയും നിഴലുകൾ ആ മൺകൂനയുടെ മീതെ കിഴക്കോട്ടു നീണ്ടുപൊയ്കൊണ്ടിരുന്നു. ആ കറുത്ത നിറമുള്ള പാവയുടെയും വെളുത്ത നിറമുള്ള അന്തോനിയുടെയും നിഴലുകളുടെ നിറം കറുത്തതുതന്നെ ആയിരുന്നു.

സൂര്യനെ മറയ്ക്കുന്ന മേഘങ്ങൾ ആ ഗ്രാമത്തിൽ നിഴലും വെളിച്ചവും ഇടവിട്ടു പകർത്തിക്കൊണ്ടിരുന്നു.

മൂളിപ്പാട്ടുംപാടിക്കൊണ്ട് രാജൻ ആ പറമ്പിൻ്റെ അതിർത്തിക്കയ്യാല വഴിനടന്ന് പാടത്തേക്ക് ഇറങ്ങിപ്പോകുന്നത് അന്തോനി കണ്ടു. അവൻ്റെ പുറകെ ആ ചെവിതളന്തൻ കൈസറും ഉണ്ടായിരുന്നു. ശിവക്ഷേത്രത്തിന്റെ അരികിലുള്ള കുന്നിലേക്ക് അവൻ കയറി. ഏകനായി പ്രകൃതിയുടെ സായാഹ്‌നസൗന്ദര്യം ആസ്വദിക്കുവാൻ ആ കുബേരകുമാരൻ ഇഷ്ടപ്പെട്ടിരുന്നു.

നിഴലുകൾ നീളുകയും വെയിലിനു ചൂടുകുറയുകയും കാറ്റിനു മൂച്ചുകൂടുകയും ചെയ്തു. പാവയുടെയും അന്തോനിയുടെയും ചുമലുകളിൽ വിയർപ്പു വറ്റുകയും ഉപ്പിന്റെ പൊരികൾ കാണപ്പെടുകയും ചെയ്തു.

ആ രംഗം അപ്പുറത്തെ പറമ്പിലെ തൈച്ചോട്ടിൽനിന്ന് ഒരാൾ കാണുന്നുണ്ടായിരുന്നു-റാഹേൽ. അന്തോനിയുടെ കാല്ക്കൽ കുനിഞ്ഞുനിന്നു വാരത്തിൽ പയർ നുള്ളിയിടുന്ന അന്നയെ അവൾ കണ്ടു-വിശുദ്ധവിഗ്രഹത്തിന്റെ കാല്ക്കൽ കാണിക്കയർപ്പിക്കുന്ന ഭക്‌തയെപ്പോലെ. അന്ന തലചെരിച്ച് അ ന്താനിയുടെ മുഖത്തേക്കു നോക്കുന്നതെന്തിനാണ്? അന്തോനി എന്താണ് അവളോട് പറയുന്നത്? ഓടിച്ചെന്ന് ആ അന്നയെ പിടിച്ചുമാറ്റിയിട്ട് അവളുടെ കൈയിലിരിക്കുന്ന കിണ്ണം വാങ്ങിയിട്ട്, അന്തോനിയുടെ അടുത്തുനിന്നു പയറിടുവാൻ റാഹേലിൻ്റെ കൈ തരിച്ചു. അന്തോനിക്കു ദാഹിക്കുന്നുണ്ടാവും. അവൻ എന്തുകൊണ്ടാണ് ഇങ്ങേപ്പറമ്പിലേക്ക് ഒന്നുനോക്കാത്തതും അവളെ കാണാത്തതും? "റാഹേലേ! എനിക്കു ദാഹിക്കുന്നു. ഇച്ചിരി വെള്ളം," എന്ന് അവൻ ഒന്നു പറഞ്ഞിരുന്നെങ്കിൽ

അവൻ തിരിഞ്ഞുനോക്കിയില്ല. അന്നയെന്തോ പറയുന്നതും അന്തോനി ചിരിക്കുന്നതും അവൾ കണ്ടു.

റാഹേൽ നെടുവീർപ്പിട്ടു. ആകാശത്തിൽ മേഘങ്ങൾ കൂടിക്കൂടി വരുന്നത്

അവൾ കണ്ടു. അന്തിയും മഴയുംകൂടി ആയിരിക്കും വരുന്നത്. അപ്പൻ

വണ്ടിയുംകൊണ്ട് പോയിട്ട് ഇനിയും വന്നിട്ടില്ല. പാവം അപ്പൻ!

"സന്ധ്യയ്ക്കുമുമ്പ് പോയിക്കുളിച്ചിട്ടു വാ മോളേ." മുറ്റത്ത് ഓലമെടഞ്ഞുകൊണ്ടിരുന്ന മറിയ വിളിച്ചു പറഞ്ഞു. വാസ്തവമാണ്. അവൾ തലയിൽ വെളിച്ചെണ്ണ പുരട്ടി താളിയും പതച്ചുകൊണ്ടു കുളക്കടവിലേക്കു പോയി. ആ നെൽപ്പാടത്തിന്റെ അരികിൽ കൈതച്ചെടികളുടെ മറവിലുള്ള കൊച്ചു കുളത്തിലെ തെളിനീരിൽ മുങ്ങിക്കുളിക്കുന്നത് എത്ര ആനന്ദപ്രദമാണെന്നോ? ആളുകൾ ആ വഴി സഞ്ചരിക്കാറില്ല; കണ്ടത്തിൻ്റെ നടുവിലൂടെ വളഞ്ഞുകിടക്കുന്ന തോട്ടുവരമ്പാണ് ആളുകളുടെ നടപ്പാത.

കൈതപ്പൂക്കളുടെ മണം വായുവിൽ പരന്നിരുന്നു. ഓലേഞ്ഞാലിപ്പക്ഷികൾ ഓലത്തുഞ്ചാണികളിൽ പറ്റിപ്പിടിച്ചിരുന്നു ശബ്ദമുണ്ടാക്കുന്നു. പാടത്തിന്റെ അങ്ങേ അരികിൽ ഏതാനും കന്നുകാലികളെയും ഒന്നുരണ്ടു കന്നുകാലിപ്പിള്ളേരെയും കാണാം. സ്വർണ്ണം ഉരുക്കിയൊഴിക്കുന്നതുപോലെ പടിഞ്ഞാറുനിന്നു സൂര്യരശ്‌മികൾ ആ കൈതച്ചെടികളുടെമേൽ പതിയുന്നു. പച്ചവിരിച്ച കിഴക്കെക്കുന്നിൻ്റെ അറ്റം മതുൽ മേല്പോട്ടു നീലമേഘങ്ങൾ കാണപ്പെട്ടു. ആ മേഘങ്ങളുടെ മീതെ ഒരു മഴവില്ലു നിന്നിരുന്നു. കൈതയുടെ മറവുചേർന്നു മുട്ടറ്റം വെള്ളത്തിൽനിന്നു കൊണ്ട് ദേഹത്തു താളിതേക്കുന്ന റാഹേലിൻ്റെ ചിന്തകൾ കൊച്ചുന്നാളിലേക്കു നീന്തിനീ ന്തിപ്പൊയ്ക്കൊണ്ടിരുന്നു. അപ്പുറത്തെ ആ കൈത്തോട്, ആ മഴ, കലക്കവെള്ളം, കടലാസു ബോട്ട്, അന്തോനിയും റാഹേലും, ആ കടലാസുവള്ളം മുങ്ങിയത്. രാജന്റെ ദേഹത്ത് അന്തോനി കലക്കവെള്ളം തെറിപ്പിച്ചത്.

കുടുകുടെച്ചിരിച്ചുകൊണ്ട്, അവർ, അന്തോനിയും റാഹേലും ഓടിപ്പോയത്... ആ കൈതച്ചെടികളുടെ അരികെക്കൂടി ഒരു പട്ടി ഓടിപ്പോയി; റാഹേൽ ഒന്നു ഞെട്ടി, അത് അങ്ങത്തേതിലെ കൈസറാണ്. അവൻ കടിക്കുകയില്ല...

"കൈസർ! കൈസർ!"

ഒരു കൈതപ്പൂവു പറിച്ചെടുത്തുകൊണ്ട് ഒരാൾ ആ പട്ടിയുടെ പുറകെയെത്തി-രാജൻ.

റാഹേൽ പെട്ടെന്നു വെള്ളത്തിലേക്കു താണുകളഞ്ഞു. അവൻ അവളുടെ ശരീരം കണ്ടുവോ? അവൾക്കു ലജ്ജയും പരിഭ്രമവുമുണ്ടായി.

അവളുടെ കറുത്തുനീണ്ട തലമുടി നീലജലത്തിലെ കല്ലോലങ്ങളുടെ മീതെ പരന്നു. അവളുടെ പൊന്നുപോലുള്ള മുഖത്തു പുരണ്ടിരുന്ന ജലബിന്ദുക്കളെ ചെമന്ന സന്ധ്യാരശ്‌മികൾ ചുംബിച്ചു.



മുട്ടത്തു വർക്കി എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇണപ്രാവുകൾ
0.0
തണൽമരങ്ങൾ കുടചൂടിനിന്ന ഇടവഴികളിൽ, മകരക്കൊയ്ത്ത് കഴിഞ്ഞുകിടന്ന പാടങ്ങളിൽ, വിജനമായ ആറ്റിൻകര യിൽ എല്ലാം അവരൊന്നിച്ചായിരുന്നു. കുടുംബമഹിമയും പണവും സൃഷ്ടിക്കുന്ന വേർതിരിവുകളൊന്നുംതന്നെ അവരുടെ സ്നേഹത്തിനറിയില്ല. ആ സ്നേഹം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പടർന്നൊഴുകി. അന്തോണിയും റാഹേലും ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളായി. കേരളീയ ഗ്രാമാന്തരീക്ഷത്തിൽ സുപരിചിതമായ മനോ ഹരമായ ഒരു പ്രണയകഥ.
1

ഭാഗം - ഒന്ന്

11 January 2024
0
0
0

നല്ല ഓമനത്തമുള്ളൊരു പറങ്കിമാമ്പഴം ആയിരുന്നു അത്. മഞ്ഞയും ചെമപ്പും ഒന്നിച്ചലിഞ്ഞുചേർന്ന നിറത്തിൽ അങ്ങനെ തുടുതുടെക്കിടക്കുന്നു. അതു കണ്ടപ്പോൾ അന്തോനിയുടെ കൊച്ചുവായിൽ ഉമിനീരിളകി."ഇനിച്ചാ പായംതായേ!" ഉമിനീ

2

ഭാഗം -രണ്ട്

11 January 2024
0
0
0

തിണ്ണയിലിരുന്നു വെറ്റപ്പൊതി ശരിപ്പെടുത്തുകയാണ് കൊച്ചാപ്പി. അവനു വള്ളക്കടവിലേക്കു പോകുവാൻ സമയമായിരുന്നു. പോയാൽ ഇനി നാലാംപ ക്കമേ തിരിച്ചെത്തുകയുള്ളൂ.അവനോട് ഒരുപിടി കാര്യങ്ങൾ പറഞ്ഞയയ്ക്കുവാനുണ്ടായിരുന്നു

3

ഭാഗം -മൂന്ന്

11 January 2024
0
0
0

കലങ്ങിയ വെള്ളം തെളിയുകയും കൊച്ചുപിള്ളേർ വളരുകയും ചെയ്‌തു. തകിടിപ്പുരയിടങ്ങളിലും കൈത്തോട്ടിലും ഞാറക്കാട്ടിലും കുന്നിൻചെരുവുകളിലും കൊച്ചു കാറ്റുപോലെ കൂത്താടി കളിച്ചിരുന്ന കുഞ്ഞുങ്ങളുടെ കുഞ്ഞിക്കാലുകളുടെ

4

ഭാഗം- നാല്

11 January 2024
0
0
0

സന്ധ്യാപ്രാർത്ഥനയ്ക്കു ദേവാലയത്തിൽ മണിയടിച്ചു. ആ മണിനാദം വൃക്ഷങ്ങളുടെ മുകളിൽക്കൂടി ഒഴുകി കുന്നിൻചെരുവുകളിൽ മാറ്റൊലിക്കൊണ്ടു. തോളത്തു തൂമ്പായും പേറി കർഷകർ നാട്ടുവഴിയെ അപ്പോഴും പൊയ്ക്കൊണ്ടിരുന്നു. ഗ്രാമ

5

ഭാഗം-5

11 January 2024
0
0
0

എങ്കിലും മറിയച്ചേടത്തി അങ്ങനെ പറഞ്ഞുകളഞ്ഞല്ലോ. അന്തോനിക്ക് അതൊരു ആശ്ചര്യമായിത്തോന്നി. മാമ്മി ചോദിച്ചാൽ അവർ കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെയൊരനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അവർ അവനെ ഒരു കൂലിക്കാരനായ

6

ഭാഗം -6

11 January 2024
0
0
0

പടിഞ്ഞാറെ മുറ്റത്തെ കൊച്ചു പറങ്കിമാവിൻ്റെ ചോട്ടിൽ അരികുകൾ കീറിപ്പറിഞ്ഞ ഒരു പഴയ കിടക്കപ്പായുടെ പുറത്ത് അമ്മിണി കാൽനീട്ടി ഇരിക്കുന്നു. അവളുടെ മടിയിൽ ഒരു കൊച്ചു മുറമുണ്ട്. അതിൻ്റെ ഒരുവശത്തായി അവൾ ചക്കക്ക

7

ഭാഗം -7

11 January 2024
0
0
0

രാജൻ്റെ ചിന്തകൾ പുഷ്‌പിച്ചു: മായാത്ത ഒരു മധുരസ്വ‌പ്നം അവന്റെ ചുറ്റും നൃത്തം വയ്ക്കുന്നതുപോലെ തോന്നി. ട്രോയിയിലെ ഹെലന്റെയും കാർത്തേജിലെ ക്ലിയോപാട്രയുടെയും കണ്വാശ്രമത്തിലെ ശകുന്തളയുടെയും ചിത്രങ്ങളെ അവൻ

8

ഭാഗം -8

11 January 2024
0
0
0

സന്ധ്യാദേവത' എന്ന കവിത എഴുതിക്കൊണ്ടിരിക്കുകയായിരുന്നു രാജൻ. മുണ്ടകപ്പാടത്തിന്റെ്റെ അരികുചേർന്നു പൂക്കൈതകളാൽ പരിവേഷം ചാർത്തിയ ആ കൊച്ചുകുളവും സന്ധ്യയുടെ പൊൻവെളിച്ചത്തിൽ അതിലെ തെളിനീരിൽ മുങ്ങിക്കുളിക്കുന

9

ഭാഗം -9

11 January 2024
0
0
0

മലബാറിൽപ്പോയ കുട്ടിച്ചേട്ടൻ്റെ മകൻ അന്ന് അന്തോനിയുടെ വീട്ടിൽ താമസിച്ചു. അവൻ മലബാറിലെ സുഖജീവിതത്തെപ്പറ്റി വർണ്ണിച്ചു. നാട്ടിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം വിറ്റുകിട്ടിയ പണവുമായി കുട്ടിച്ചേട്ടൻ മലബാറിനു പോ

10

ഭാഗം -10

13 January 2024
0
0
0

കുഞ്ചെറിയാച്ചന്റെ വീടിൻ്റെ മുറ്റത്തു ചിക്കുപായിൽ കറുത്തിട്ട്യാരൻനെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഈർക്കിലിയുടെ അഗ്രത്തിൽ ചുവന്ന വറ്റൽമുളകു കോർത്ത് ആ നെല്ലുപായുടെ നാലുമൂലയ്ക്കും നാട്ടിനിർത്തിയിട്ടുണ്ട്, ന

11

ഭാഗം -11

13 January 2024
0
0
0

കാർമേഘങ്ങൾകൊണ്ട് കാലേകൂട്ടി നീലിച്ച കിഴക്കേ ചക്രവാളത്തിലേക്കു രണ്ടു തൂവെള്ളപ്പിറാവുകൾ ഇണചേർന്നു പറന്നുപോകുന്നു. നീലസമുദ്രപ്പരപ്പിലൂടെ ഒഴുകുന്ന വെളുത്ത കൊച്ചോടങ്ങൾമാതിരി. അവൾ കണ്ണിമയ്ക്കാതെ വിദൂരതയിലേക

12

ഭാഗം -12

13 January 2024
0
0
0

ചന്തയുടെ വടക്കേ തെരുവിൽ വണ്ടിപ്പേട്ടയ്ക്കു സമീപം കൊങ്കിണിയുടെ അങ്ങാടിമരുന്നുകടയ്ക്കും, കുഞ്ചു വിൻ്റെ ബാർബർഷാപ്പിനും ഇടയ്ക്ക്. മാണിക്കച്ചെറിയമ്മ ഇരുന്നു മോരു വില്ക്കുന്ന വാളംപുളിയുടെ ചുവടിനും വഴിക്കും

13

ഭാഗം -13

13 January 2024
0
0
0

ന്റെ പൊന്നുമോളല്ലേ, എണീറ്റേ. ബാ, എണീക്കമ്മാ! മോളേ!" മറിയാമ്മ കേണപേക്ഷിച്ചു. റാഹേൽ അവളുടെ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. അവളുടെ കൈയ്ക്കുപിടിച്ചു പൊക്കുവാൻ ശ്രമിച്ചുകൊണ്ട് മറിയാമ്മ തുടർന്നു: "എണീറ്

14

ഭാഗം -14

17 January 2024
0
0
0

റാഹേൽ കട്ടിലിൽ എണീറ്റിരുന്നു. വളരെ വ്യത്യസ്‌തവും അപരിചിതവുമായ ഒരു ലോകം അവളുടെ ചുറ്റും നിന്ന് വിറയ്ക്കുന്നതുപോലെ തോന്നി. അടുത്തുനില്ക്കുന്ന അമ്മിണിയുടെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി. ആ സൂക്ഷിച്ചു

15

ഭാഗം -15

17 January 2024
0
0
0

കൈപൊള്ളുന്നപോലെ അന്തോനിക്കു തോന്നി. റാഹേലിന്റെ ലോലമോഹനങ്ങളായ കൈപ്പത്തികൾക്കുള്ളിൽ ഒതുക്കപ്പെട്ട ആ തഴമ്പിച്ച കൈ; ആ കൈ പിൻ വലിക്കപ്പെട്ടിട്ടും അവളുടെ ഹൃദയത്തുടിപ്പുകൾ അതിന്മേൽ പ്രതിധ്വനിക്കുന്നുണ്ടായിരു

16

ഭാഗം -16

17 January 2024
0
0
0

റാഹേലേ! ഈ നിൽക്കുന്ന മാത്യു എന്നു വിളിക്കപ്പെടുന്ന രാജനെ വിവാഹം കഴിക്കാൻ നിനക്കു സമ്മതമാണോ?" പൂരോഹിതൻ ചോദിച്ചു.തലകുനിച്ചു നിന്നിരുന്ന റാഹേൽ ഒന്നും മിണ്ടിയില്ല. പുരോഹിതൻ വീണ്ടും ചോദിച്ചു. റാഹേൽ ഉത്തരം

17

ഭാഗം -17

17 January 2024
0
0
0

ശുദ്ധഗതിക്കാരനായ കുട്ടിച്ചേട്ടൻ നൂറുശതമാനം വിശ്വസിച്ചിരിക്കുകയാണ്, അ ന്താനിയെക്കൊണ്ടു കുഞ്ഞമ്മയെ കെട്ടിക്കാമെന്ന്. ഏഴരയേക്കർ ഒന്നാംക്ലാസ്സ് ഭൂമിയാണ് അവനു സ്ത്രീധനമായി കൊടുക്കാൻ പോകുന്നത്. അന്തോനിയുടെ

18

ഭാഗം -18

17 January 2024
0
0
0

ഒരു പാവപ്പെട്ടവൻ്റെ മരണംനിമിത്തം ആകാശം ഇടിഞ്ഞു വീണില്ല; ആ ഗ്രാമത്തിനു യാതൊരു വ്യത്യാസവും കണ്ടില്ല; പഴേപടി കയ്യാലയിറമ്പുകളിൽ കോളാമ്പിപ്പൂക്കൾ വിടരുകയും, കപ്പൽമാവിൻ്റെ ചില്ലകളിൽ ഇരുന്നു കാക്കത്തമ്പുരാട്

19

ഭാഗം -19

18 January 2024
0
0
0

എല്ലാവരും നല്ലാണത്രങ്ങൾ അണിഞ്ഞ് കല്യാണത്തിനു പോകാൻ തയ്യാറായി വന്നു. വയറ്റാട്ടി ഏഖിച്ചേടത്തി ഒരു പുത്തൻ കച്ചമുറിയും അലക്കിത്തേച്ച ചട്ടയും ചുളിയുള്ള കരണിയും ധരിച്ചിരിക്കുന്നു. ഏറ്റവും നല്ല സാരിയും

20

ഭാഗം -പത്തൊൻപത് അവസാന ഭാഗം

18 January 2024
0
0
0

പന്തലിനു വെളിയിൽ നിന്നിരുന്ന ഇച്ചിരിമേത്തൻ അടുത്തു നിന്നവരോടു പറഞ്ഞു: "എന്നാൽ ആ കൊച്ചാപ്പീടെ മോളെ കുറെനേരത്തേക്ക് അവിടെ പിടിച്ചിരുത്ത്.""പോടാ അസംബന്ധം പറയാതെ." തടിയൻ കറിയാ വിലക്കി.ബോധരഹിതയായിത്തീർന്ന

---

ഒരു പുസ്തകം വായിക്കുക