shabd-logo

ഭാഗം -14

17 January 2024

0 കണ്ടു 0
റാഹേൽ കട്ടിലിൽ എണീറ്റിരുന്നു. വളരെ വ്യത്യസ്‌തവും അപരിചിതവുമായ ഒരു ലോകം അവളുടെ ചുറ്റും നിന്ന് വിറയ്ക്കുന്നതുപോലെ തോന്നി. അടുത്തുനില്ക്കുന്ന അമ്മിണിയുടെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി. ആ സൂക്ഷിച്ചുനോക്കലിൽ ഓർമ്മകളുടെ ആയിരം താളുകൾ മറിഞ്ഞു. റാഹേൽ പെട്ടെന്നെണീറ്റു. അമ്മിണിയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു വിമ്മ വിമ്മിക്കരഞ്ഞു. ആ സഖിമാരുടെ വദനങ്ങൾ തമ്മിൽ സ്‌പർശിച്ചു. അവരുടെ ശ്വാസോച്ഛ്വാസങ്ങൾക്കും ചങ്കിടിപ്പുകൾക്കും വേഗതകൂടി. നാലു നീലക്കണ്ണുകളിൽനിന്നും ഉറവെടുത്ത ചുടുകണ്ണീർച്ചാലുകൾ ഒന്നിച്ചുചേർന്നൊഴുകി. വികാരങ്ങൾ ഉരുകിയുരുകിയുണ്ടായ നീർത്തുള്ളികൾ! ആ കളിത്തോഴിമാരുടെ ഹൃദയങ്ങൾ സംസാരിക്കുകയായിരുന്നു; നാവുകൾ മൂകങ്ങളായിരുന്നു.

വീർപ്പുമുട്ടിക്കുന്ന ആ ഗംഭീരനിശ്ശബ്‌ദതയിൽ ആ വീട്ടുകാരെല്ലാം നിശ്ചേഷ്ടരായി നിന്നുപോയി.

രണ്ടു സൗന്ദര്യങ്ങളുടെ സംഗമം.

“അമ്മിണി ഇന്നു പോവണ്ടാ."

"യ്യോ പോണം റാഹേലേ; പോയില്ലേൽ അമ്മച്ചി വഴക്കു പറേം. ഞാൻ പോട്ടെ. റാഹേലേ, എന്നെ വിട്. ഞാമ്പിന്നെ വരാം."

“എന്നെ വിട്ടേച്ചു പോവാണോ, അമ്മിണീ? എനിക്കിനീം ആരുമില്ല." റാഹേൽ

കരഞ്ഞു.

"പോയിട്ടു നാളെ വരാം റാഹേലേ."

"റാഹേൽ നെടുവീർപ്പിട്ടു. അവളുടെ കൈകൾ അയഞ്ഞു."

അമ്മിണിക്കുവേണ്ടി ചിരുതപ്പുലയി മുറ്റത്തു കാത്തുനില്ക്കുകയായിരുന്നു. “ചേടത്തി, ഞാൻ പോണു." അമ്മിണി മറിയാമ്മയോടു യാത്ര ചോദിച്ചു. പൊയ്‌ക്കോ മോളേ, ഞാനങ്ങോട്ടു വരുന്നുണ്ട്." മറിയാമ്മ പറഞ്ഞു:

"വെട്ടംവേണോ?"

"ഓ വേണ്ട; നാട്ടുവെളിച്ചമൊണ്ട്."

"എന്റെ തൈവേ!" കയ്യാലപ്പുഴ ഇറങ്ങിക്കൊണ്ടു ചിരുതപ്പുലയി പറഞ്ഞു.

"എന്താ ചിരുതപ്പുലയീ?"

"എന്തു പറയാനക്കൊണ്ടാ എന്നകൊച്ചിമ്മ്റാട്ടീ! കരച്ചിലും കൂവലും കേട്ട് ഏൻ ഓടുകല്ലെ ചെയ്തേ? ഏൻ മിശാരിച്ചെ മല്ല മൊട്ടോ കുത്തോ കൊലപാതകോ ഒണ്ടായന്നല്ലേ. ആ മല്യമ്രാട്ടി പറഞ്ഞപ്പോല്ലേ എനക്ക് തങ്കതി തിരിഞ്ഞെ. അങ്ങെത്തേതിലെ രായൻകൊച്ചിമ്പാൻ കെട്ടാൻ പോണെന്നു
റാഹേൽ കൊച്ചി മ്രാട്ട്യേ. എന്ന പാവക്കിടാത്തൻ പറഞ്ഞിട്ട് ഏൻ മിച്ചോതിച്ചില്ല, കേട്ടോ കൊച്ചി മാട്ടീ?"

“അതിനെന്താ ചിരുതപ്പുലക്കള്ളി? റാഹേലിന് അതു നല്ലതല്ലേ?"

“എന്തന നല്ലത്? എന്ന അന്തോനിക്കൊച്ചിമ്പാൻ കെട്ടാനക്കൊണ്ടിരുന്ന

പെണ്ണലോ?"

"വേഗം വാ ചിരുതപ്പുലക്കള്ളേ; എന്തിനതൊക്കെപ്പറേന്നു."

“എന്ന കൊച്ചി(മാട്ടി, എനക്കു ശാത്രീ കണ്ണുകാണാമ്മേലാ. കൊച്ചി മാട്ടി

ഉമ്മിണി പയ്യനെ നടാ. ആരാണ്ടു ചൂട്ടു കൊണ്ടു മരുന്നു."

അവരുടെ പുറകിൽ ഒരു വെട്ടം കണ്ടു. ആരോ ചൂട്ടും കത്തിച്ചുകൊണ്ടു വരുന്നുണ്ടായിരുന്നു. ചൂട്ടുവെളിച്ചത്തിൽ ആളെ അവർക്കു ക്രമേണ മനസ്സിലായി. കാളച്ചന്തയിൽ ദല്ലാൾ ബിസിനസ്സുള്ള ഇച്ചിരിമേത്തൻ. അമ്പത്തേഴു വയസ്സുള്ള ആ താടിക്കാരൻമേത്തൻ കാളച്ചന്ത പിരിഞ്ഞു വരികയാണ്.

"നീയെവിടെപ്പോയെടീ ചിരുതേ?" ഇച്ചിരിമേത്തൻ ചൂട്ട് ഉയർത്തി. അമ്മിണിയുടെ മുഖം ആ വെളിച്ചത്തിൽ പ്രകാശിച്ചു. "ഇതാരാ, കൊച്ചാപ്പിടെ മോളല്ലേ? നിങ്ങളെവ്ടന്നാ ഈ രാതീൽ?"

"ഞങ്ങളാ കുഞ്ചെറിയാച്ചേട്ടൻ്റെ വീട്ടിൽ പോയി." അമ്മിണി പറഞ്ഞു.

"അവിടെന്താ വിശേഷം?"

"അവിടത്തെ റാഹേലിന് ഒരു ബോധക്കേട്."

“ഇതെന്നാ മേത്തരച്ചാ ഇത്തിരികൂടെ അങ്ങാ മാറിനടാ." ചിരുതപ്പുലയി ഒരു

താക്കീതു നൽകി. നാണിച്ചുപോയി ഇച്ചിരി മേത്തൻ. അയാൾ മുന്നോട്ടുകയറി

ചൂട്ടുവീശി.

"ആ പെണ്ണിന്റെ കല്യാണം എല്ലാം ഒറച്ചെന്നുകേട്ടു; ഒത്തതാണോ കുഞ്ഞേ?" അയാൾ അമ്മിണിയോടു ചോദിച്ചു.

"ഉം, അങ്ങത്തേതിലെ രാജനാ കെട്ടുന്നത്."

“ഓ, എന്ന അതിനാരിക്കും ചാണ്ടിയദ്ദ്യേം പറഞ്ഞെ രണ്ടു കാളമൂരികളെ വേണെന്ന്." ഇച്ചിരിമേത്തൻ അമ്മിണിയുടെ മുഖത്തേക്കു നോക്കിക്കൊണ്ടു

തുടർന്നു:

"അപ്പഴേ, കുഞ്ഞിനു കല്യാണം എങ്ങും ഒറച്ചില്ലേ?"

അമ്മിണി ഒന്നും മിണ്ടിയില്ല; അമ്മിണിക്ക് ആ ചോദ്യം ഇഷ്ടമായില്ല. അവൾ

കയ്യാലപ്പുഴ ചവുട്ടി അവളുടെ പറമ്പിലേക്കു കയറി."

“കൊച്ചിമ്രാട്ടീ, ഏൻകൂടമരണോ?"

"ഓ, വേണ്ട ചിരുതപ്പുലക്കള്ളീ."

"മേത്തരച്ചാ, ചൂട്ടങ്ങാ കാട്ടിക്കൊട്. കൊച്ചിമാട്ടി പൊക്കോട്ടെ."

അമ്മിണി അവളുടെ വീടിൻ്റെ മുറ്റത്തെത്തുന്നതുവരെ ഇച്ചിരിമേത്തൻ ചൂട്ട് ഉയർത്തിപ്പിടിച്ചുകൊണ്ടു നിന്നു. മുറ്റത്ത് അമ്മിണിയെക്കാത്ത് അന്തോനി
നില്‌പുണ്ടായിരുന്നു.

"കേട്ടോ ചിരുതേ, ആ പെണ്ണിനേ സ്ത്രീധനമില്ലാതെ ആരും കെട്ടിക്കൊണ്ടുപോകും. മിടുമിടുക്കിപ്പെണ്ണ്." ഇച്ചിരിമേത്തൻ പറഞ്ഞു. “മേത്തരച്ചൻ എന്നാ, കൊച്ചി(മ്രാട്ട്യ കണ്ണുവക്കാണോ?"

ചിരുത അവളുടെ തറയിലേക്കു കയറി; ഇച്ചിരിമേത്തൻ്റെ കൈയിലിരുന്ന ചൂട്ടിന്റെ വെളിച്ചം ഇരുട്ടിനെ തൂത്തുമാറ്റിക്കൊണ്ട് മുന്നോട്ടു നീങ്ങി. വെളുത്ത വെളിച്ചത്തിന്റെ വിടവിലേക്ക് ചുറ്റും നിന്നു കറുത്ത ഇരുട്ടിൻ്റെ അലകൾ വന്നു  തിണ്ണയ്ക്കലത്തെ കയറ്റുകട്ടിലിൽ കൊച്ചാപ്പി ഓരം ചെരിഞ്ഞു കിടപ്പുണ്ട്. ഇന്നലെ ഈ സമയത്ത് ആ പരവശൻ കഴുക്കുത്തില്ലാത്ത കായലിന്റെ മുകൾപ്പരപ്പിലൂടെ കെട്ടുവള്ളം ഊന്നുകയായിരുന്നു. അമ്മിണിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു മാമ്മി, കീറിയ കിടക്കപ്പായ്കൾ വിരിച്ചിരുന്നു. കുസ്യതികളായ പാപ്പനും ലില്ലിക്കുട്ടിയും നേരത്തേ ഉറക്കംപിടിച്ചുകഴിഞ്ഞു. മാമ്മിയുടെ ശിരസ്സിനെ പ്രതീക്ഷിച്ച് ആ പായുടെ അറ്റത്ത് ഒരു കറുത്ത തലയിണ അനങ്ങാതെ കിടക്കുന്നു. ഉറക്കത്തിലെ തിരിച്ചലിനിടയ്ക്ക് ആ തലയിണ ചിലപ്പോൾ അമ്മിണിയുടേതാകാറുണ്ട്. ഉണ്ടായ വിശേഷങ്ങൾ മാമ്മി ഇടഞ്ഞിടഞ്ഞു ചോദിച്ചു. അമ്മിണി വിവരിച്ചു.

പടിഞ്ഞാറെ ചായ്പ്‌പിൽ അന്തോനി അവൻ്റെ ചാക്കുകട്ടിലിൽ കിടക്കുകയാണ്. അമ്മയും പെങ്ങളും പറയുന്നതെല്ലാം അവന് കേൾക്കാമായിരുന്നു. അവൻ കേട്ടു. റാഹേലിന്റെയും രാജന്റെയും കല്യാണം തീർച്ചപ്പെട്ടു എന്നു മനസ്സിലായി. അവന്റെ ഹൃദയത്തിൽ ചേക്കേറിയിരുന്ന സംശയം ചിറകുവിടർത്തു പറന്നു പോയി. അവൻറെ ജീവിതത്തെ ഇത്രയുംനാൾ പ്രകാശിപ്പിച്ചിരുന്ന കനകനക്ഷത്രം എന്നേക്കുമായി അസ്‌തമിച്ചു. അവൻ ഇനിയും എന്തിനു ജീവിക്കുന്നു? ഇനിയും അവന്റെ ജീവിതത്തിന് അർത്ഥമില്ല. ജീവിതത്തെ എന്നേക്കുമായി അവസാനിപ്പിക്കുകയല്ലേ ഭേദം? മരത്തിൻ്റെ കൊമ്പും കയറും; ആഴമേറിയ നദി; ക്ഷണനേരത്തേക്കുള്ള വേദനയല്ലേ ഉള്ളൂ. പിന്നീട് ഒരിക്കലും അവന്റെ ഹൃദയം നീറുകയില്ല. പക്ഷേ, അതറിഞ്ഞാൽ അവൾ ദുഃഖിക്കും; അവൾ ദുഃഖിച്ചാൽ അവനെന്തു ചേതം? പാടില്ല; അവൾ ദുഃഖിക്കാൻ പാടില്ല. അന്തോനിയുടെ ഭാരിച്ച ചിന്തകളെ ശല്യപ്പെടുത്താതെ രാത്രി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

അന്തോനി എണീറ്റു തീപ്പെട്ടിയുരച്ചു വിളക്കു കത്തിച്ചു. പാപ്പന്റെ പകർത്തുബുക്കിലെ എഴുതാത്ത ഒന്നുരണ്ടു താളുകൾ അവൻ വലിച്ചു കീറി. പാപ്പന്റെ കടലാസുകൂട്ടിൽ ഒരു മുറിപ്പെൻസിൽ ഉണ്ടായിരുന്നു. പകർത്തുബുക്കിൻ്റെ മുകളിൽ കടലാസുവച്ചുകൊണ്ട് അവൻ എഴുതി: "എൻ്റെ റാഹേൽ അറിവാൻ എന്തെന്നാൽ എനിക്ക് എഴുത്തെഴുതാൻ വശമില്ല. തൂമ്പാ പിടിച്ചു തഴമ്പിച്ച വിരലുകൾകൊണ്ടെഴുതുന്ന എഴുത്തിലെ അക്ഷരങ്ങൾ കോടിയും മാടിയും ഇരിക്കും. അക്ഷരത്തെറ്റുകൾ ഉണ്ടായിരിക്കും. എന്താണ് എഴുതേണ്ടതെന്ന് എനിക്ക് ഒരു രൂപവുമില്ല. ഞാൻ എല്ലാം അറിഞ്ഞു റാഹേലേ! ദൈവം എന്റെ റാഹേലിനെ അനുഗ്രഹിക്കും. എന്നെ ഓർത്ത് നീ ദുഃഖിക്കരുത്. എന്നെ എന്നേക്കുമായി മറന്നേക്കണം. ഞാൻ എൻ്റെ ജീവിതത്തെ അവസാനിപ്പിക്കണമെന്ന് ആശിച്ചു. പക്ഷേ, അങ്ങനെ ചെയ്‌താൽ റാഹേൽ ദുഃഖിച്ചെങ്കിലോ? അതുകൊണ്ട് ഞാൻ അതിനു മുതിരുന്നില്ല. ജീവിതത്തിന്റെ ഒറ്റയടിപ്പാത അവസാനിക്കുന്നിടംവരെ ഞാൻ നടക്കും. ഏകാകിയായി ഞാൻ എന്റെ യാത്രയെ അവസാനിപ്പിച്ചുകൊള്ളാം. എനിക്കു ജീവിതത്തിനു കൂട്ടായിട്ടു കൊണ്ടുപോകുവാനുള്ളത് ആയിരം ഓർമ്മകൾ മാത്രമാണ്. അന്നൊരിക്കൽ നമ്മൾ കളരിയിൽ പഠിക്കുന്നകാലത്ത് ഒരു നാലുമണിക്ക് ആ ശിവക്ഷേ ത്രത്തിന്റെ അപ്പുറത്തെ കുന്നിൽ ഞാറയ്ക്കാപറിക്കുവാൻ നമ്മൾ കൈയ്ക്കുകൈ പിടിച്ചുകൊണ്ട് കയറിപ്പോയത് ഓർക്കുന്നുണ്ടോ? അന്നു കാട്ടുപൂക്കൾ പറിച്ച് വാഴനാരിൽ കോർത്തു മാലയാക്കി റാഹേലിൻ്റെ കഴുത്തിൽ ഞാൻ അണിയിച്ചതും, മുണ്ടകപ്പാടത്തിൻ്റെ അരികിൽ കൈതച്ചെടികളുടെ അടുത്ത് ചേറുകൊണ്ടു നാം ഒരു കൊച്ചു പള്ളി വച്ചതും, നമ്മൾ മണവാളനും മണവാട്ടിയുമായി ആ പള്ളിയിലേക്കു പോയതും, മണലും പച്ചിലകളുംകൊണ്ട് കല്യാണസദ്യ കഴിച്ചതും, ഞാൻ ഒരിക്കൽ വണ്ടിയിൽ കിടന്നുറങ്ങുമ്പോൾ റാഹേൽ അടുത്തുവന്നിരുന്ന് എൻ്റെ തലമുടി ചീകിവച്ചതും, എല്ലാം ഓർക്കുന്നുണ്ടോ?"

എന്റെ പ്രിയപ്പെട്ട ഓർമ്മകളാണ് അതെല്ലാം. ആ ഓർമ്മകളുമായി ഞാൻ പോവുകയാണ്; വിദൂരദേശത്തേക്ക് - മലബാറിലേക്ക്. അവിടെ ഞാൻ പണിയെടുത്തു ജീവിക്കും. എൻ്റെ മനസ്സിൻ്റെ ഭാരംകുറയുന്ന കാലത്ത് ഞാൻ തിരിച്ചെത്തും. അന്നു റാഹേൽ രാജനുമൊന്നിച്ച് ആ മാളികമുകളിൽ ഇരുന്നു കാറ്റുകൊള്ളുകയായിരിക്കും. റാഹേലിൻ്റെ ഓമനമക്കൾ മുറ്റത്ത് ഓടിക്കളിക്കുന്നുണ്ടാവും. ആ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി ഞാൻ മാറോടണച്ചു ചുംബിക്കും. അവർ കരയും. ഞാൻ ഭ്രാന്തനാണെന്ന് അവർ വിളിച്ചുപറഞ്ഞേക്കും; എന്നെ ആട്ടി ഓടിക്കരുത്. അങ്ങനെകുറെക്കാലം കഴിഞ്ഞ് ഞാൻ നമ്മുടെ പള്ളിയുടെ അടുത്തുള്ള സിമിത്തേരിയിലെ മണ്ണിൽ എന്നേക്കുമായി മറയും. രാജൻ അനുവദിക്കുകയാണെങ്കിൽ വല്ലപ്പോഴും റാഹേൽ ആ ശവകുടീരം സന്ദർശിക്കണം, എൻ്റെ നീറുന്ന ആത്‌മാവിനെ തണുപ്പിക്കുവാൻ.

റാഹേലിനെ കാണുവാൻ സാധിക്കാത്തതുകൊണ്ടാണ് ഞാൻ ഈ എഴുത്ത് എഴുതുന്നത്. കണ്ടാലും ഒന്നും സംസാരിക്കുവാൻ എനിക്കു വശമില്ലായിരിക്കും. അതുകൊണ്ട് ഈ എഴുത്ത് ഞാൻ ചിരുതപ്പുലയിവശം കൊടുത്തയയ്ക്കുന്നു.

ഞാൻ ഇന്നുതന്നെ മലബാറിലേക്കു പോകും. റാഹേലിൻ്റെ കല്യാണദിവസം ഞാൻ മലബാറിൽ ആയിരിക്കും. റാഹേലിനെ ദൈവം അനുഗ്രഹിക്കും. കരുണയുള്ളവനായ ദൈവം എൻ്റെ റാഹേലിനെ ഒരിക്കലും ദുഃഖിപ്പിക്കുകയില്ല. ഒരുകാര്യംകൂടെ എൻ്റെ അമ്മിണിയോട് ഒരിക്കലും പിണങ്ങരുത്. എന്നെ മറന്നാലും, അമ്മിണിയെ മറക്കരുത്. ഇതെൻ്റെ അവസാനത്തെ അപേക്ഷയാണ്. അമ്മിണിയെ മറക്കരുത്... എൻ്റെ പാവപ്പെട്ട പെങ്ങൾ അമ്മിണി... എന്റെ കർത്താവേ!... കണ്ണുനീർകൊണ്ട് എൻ്റെ കണ്ണുമൂടുന്നു. ഞാൻ എഴുത്തു നിറുത്തുന്നു.

അന്തോനി."

ആ എഴുത്ത് ഒരാവ്യത്തി വായിക്കുവാൻ അന്തോനിക്കു സാധിച്ചില്ല. വാസ്തവത്തിൽ ആ മുഷിഞ്ഞ പുനലൂർക്കടലാസ് അവന്റെ കണ്ണീർത്തുള്ളികൾകൊണ്ട് നനഞ്ഞു.

രാത്രിക്കു ഹൃദയമുണ്ടായിരുന്നെങ്കിൽ പ്രഭാതം കിഴക്കു വശത്തുകൂടി ഇത പെട്ടെന്നു കയറിവരുകയില്ലായിരുന്നു. നക്ഷത്രങ്ങൾ പതിച്ച രാത്രിയുടെ കർട്ടൻ തെറുത്തു മാറ്റപ്പെട്ടു. അവസാനത്തെ കാവൽക്കാരനെപ്പോലെ പ്രഭാതനക്ഷത്രം ആ കുന്നിന്റെ മൂർദ്ധാവിൽ നിന്നിരുന്നു. കിഴക്കിനെ മുഴുവനും പൊന്നിൽ മുക്കിയിട്ട് ആ നക്ഷത്രവും മറഞ്ഞു. പുലരിയുടെ ശോണിമപൂണ്ട് പൂങ്കവിളിനെ ചുംബിച്ചുകൊണ്ടു കിഴക്കെ നീല മല നിന്നിരുന്നു.

കൊച്ചാപ്പി അഞ്ചുവെളുപ്പിന് എണീറ്റ് വള്ളക്കടവിലേക്കു പോയി. മാമ്മിയും അമ്മിണിയും ഉണർന്നു ദിനകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. പാപ്പനും ലില്ലിക്കുട്ടിയും ഇനിയും ഉണർന്നിട്ടില്ല. അന്തോനി അകത്തേ മുറിയിലേക്കു ചെന്നു. എന്തോ കിനാവുകൾ കണ്ട് ഉറങ്ങുന്ന ലില്ലിക്കുട്ടിയുടെ മുഖത്തു കരച്ചിലിന്റെയും ചിരിയുടെയും നിഴലുകൾ മാറിമാറി പതിഞ്ഞുകൊണ്ടിരുന്നു.

അവൻ കുനിഞ്ഞ് ലില്ലിക്കുട്ടിയുടെ മുഖത്തു ചുംബിച്ചു. അവൾ ഉണർന്നു: വീണ്ടും ഉറക്കം പിടിച്ചു. അന്തോനിയുടെ കണ്ണുകൾ നനഞ്ഞു. അവൻ വീട്ടിൽനിന്നിറങ്ങി. അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. അമ്മിണി കിണറ്റിൽനിന്നു വെള്ളംകോരുന്നു. മാമ്മി മുറ്റത്തിരുന്ന് പച്ചക്കപ്പ തുണ്ടംതുണ്ടമായി മുറിച്ച് തൊലിപൊളിക്കുന്നു. അവരോടു യാത്ര ചോദിക്കാതെ പോയാലോ? പോകാൻ അവർ അനുവദിക്കുകയില്ല. അവർ കരയും. ആ കരച്ചിൽ കാണുവാൻ അവനു ശക്‌തിയില്ല. മലബാറിൽ ചെന്നിട്ട് എഴുത്തയയ്ക്കാം. അതുമതി. അവൻ ചിരുതപ്പുലയിയുടെ തറയിലേക്കു ചെന്നു. പാവയും ചോതൻപുലയനും രാവിലെ പണിക്കുപോയിരുന്നു. ഉണക്കത്തഴകൾകൊണ്ട് ഒരു ചിക്കുപായ് പൊല്ലുകയാണ് ചിരുതപ്പുലയി “എന്താ കൊച്ചിന്റാ?"

"ചിരുതപ്പുലയീ, ഞാൻ മലബാറിനു പോവാ. വീട്ടിലാരോടും പറഞ്ഞില്ല. പറഞ്ഞാൽ സമ്മതിക്കത്തില്ല. ഒന്നുരണ്ടുമാസം കഴിഞ്ഞേ വരത്തുള്ളൂ. ഞാൻ പോയിക്കഴിഞ്ഞ് ആ വിവരം ഒന്നു വീട്ടിൽ അറീച്ചേക്കണം."

"എന്ന തൈവേ! കൊച്ചിന്റാനെന്തിനാ ഇപ്പം മലബാറിനു പോണേ?"

"അവിടെച്ചെന്നാൽ ജോലിയൊണ്ട്. ഇവിടത്തേക്കാൾ കൂടുതൽ കൂലി കിട്ടും.

ആ കുട്ടിച്ചേട്ടന്റെ മകൻ കുര്യാക്കോ ഇല്ലേ?"

"പിന്നേ, ഏനറീം."

“അവൻ പറഞ്ഞിട്ടൊണ്ട് ചെല്ലാൻ. അവിടെ സ്ഥലം പാട്ടത്തിനു കിട്ടും. തനതു കൃഷിചെയ്യാം." അന്തോനി ആ ചെറ്റപ്പുരയുടെ വാതിൽക്കലേക്കു നീങ്ങിനിന്നു. "ചിരുതപ്പുലയീ, തേ ഇത് റാഹേലിൻ്റെ കൈയിൽ കൊടുക്കണം. ആരും കാണരുത്." അവൻ ആ എഴുത്ത് ചിരുതപ്പുലയിയെ ഏല്പിച്ചു. "മറന്നുപോകരുത് കേട്ടോ."

“എന്ന തൈവേ! ഇതെന്തന കളിയാണോ!" ചിരുതപ്പുലയി സ്‌തംഭിച്ചിരുന്നുപോയി.

അന്തോനി കയ്യാലത്തൊണ്ടുവഴി കിഴക്കോട്ടു നടന്നു. ശർക്കരേച്ചിമരത്തിന്റെ വിറകുപൂളുകൾ ആ കയ്യാലത്തൊണ്ടിൽ അങ്ങിങ്ങായി കിടന്നിരുന്നു. പറവകളുടെ പാട്ടുകേട്ടു മേഘങ്ങളെ നോക്കി തലയാട്ടി നിന്നിരുന്ന പച്ചിലകൾ ഉണങ്ങിക്കരിഞ്ഞ് ആ ഇടവഴിയിൽ കിടപ്പുണ്ട്. അവയുടെ പുറത്തു ചവുട്ടിക്കൊണ്ട് അവൻ നടന്നു; ആ മുണ്ടകപ്പാടത്തിൻ്റെ നടുവിലത്തെ വരമ്പിലൂടെ. അവൻ ചെമ്പൻവെള്ളം തെറിപ്പിച്ച ആ സ്ഥലം; ആ കടലാസുബോട്ട് മുങ്ങിയ തോട്; ആ ഞാറയ്ക്കാക്കുന്ന്; അവൻ നടന്നു. റാഹേലിന്റെ കൈയ്ക്കു പിടിച്ചു സ്ലേറ്റും പുസ്‌തകവുമായി അവർ പള്ളിക്കൂടത്തിലേക്ക് ഒന്നിച്ചു പൊയ്കൊണ്ടിരുന്ന ആ ഒറ്റയടിപ്പാത, കറുത്ത ഞാറപ്പഴങ്ങളും, വെളുത്ത പൂച്ചക്കാകളും, മഞ്ഞിച്ച ഓടക്കാകളും, ചെമന്ന പറങ്കിപ്പഴങ്ങളും, പച്ചിച്ച കണ്ണിമാങ്ങകളും! അന്തോനി നടക്കുകയാണ്. മോക്ഷത്തിലെ നീലിമയിലേക്കു പറന്നുമാഞ്ഞുപോയ മാലാഖമാർ ഉപേക്ഷിച്ച വെള്ളക്കുപ്പായങ്ങൾ മാതിരി ആകാശത്തിലെ വെൺമേഘങ്ങൾ കാറ്റത്തു പറന്നുനടക്കുന്നു. അവയുടെ അരികുകളിൽ പുലർകാലത്തിന്റേതായ സ്വർണ്ണവെയിൽ പുരളുന്നു. പൂക്കളുടെ മണംകലർന്ന തണുത്ത കാറ്റ് അ ന്താനിയുടെ തലമുടിയെ ഇളക്കിക്കൊണ്ടിരുന്നു. ചരൽക്കല്ലുകൾ നിറഞ്ഞ ആ വഴി, ആ കാളവണ്ടി, ആ വാലുമുറിയൻകാള, പകലും രാത്രിയിലും അവൻ കാളവണ്ടിയുംകൊണ്ടു പോയിട്ടുള്ള ആ വളഞ്ഞ വഴികൾ, വണ്ടിയുടെ പടിയിൽ ചാരിയിരുന്നു കൊണ്ട് അവൻ ഏകാന്തതയിലേക്കു പാടിയിട്ടുള്ള പാട്ടുകൾ!

"അക്കരെക്കാണുന്ന നീലമലയുടെ താഴെയൊഴുകുന്ന പൂഞ്ചോലയിൽ."

അന്നു വണ്ടിക്കുള്ളിൽ തൻ്റെ തോളോടുചേർന്നിരുന്നു കൊണ്ട് റാഹേൽ ഏറ്റുപാടിയ ആ പാട്ട്!

“നല്ലനിലാവുള്ള രാത്രികാലങ്ങളിൽ കേളിയാടും വന- ദേവതയെങ്ങുപോയ്."

"ദേവത ഇവിടിരിപ്പുണ്ട് ഇച്ചാച്ചാ." എന്ന് അമ്മിണി പറഞ്ഞത്. ഒരിക്കലും മറക്കാത്ത ആ ഗാനത്തിൻ്റെ നിശ്വാസങ്ങൾ വഴിയരികിലെ പച്ചിലക്കാടുകളിൽ ഇന്നും തങ്ങിനില്ക്കുന്നുണ്ടാവും.

അന്തോനി നടന്നു; അവൻ്റെ കാലടികൾക്കു വേഗതകൂടി. അങ്ങങ്ങു ദൂരത്തെ വളവുതിരിഞ്ഞുപോകുന്നത് ആരാണ്? സില്ക്കുകൊണ്ടുള്ള കസവുനേര്യതും പുതച്ച്? അതു റാഹേലല്ലേ? അന്തോനി അതിശീഘ്രം നടന്നു; അവൻ ഓടി; അതേ, അതു റാഹേൽതന്നെ; പൊന്നിന്റെ നിറമുള്ള ആ പാദങ്ങൾ കണ്ടാലറിയാം അതു റാഹേലാണെന്ന്. അവൾ ഒന്നു തിരിഞ്ഞു നോക്കുകയില്ലേ?

അന്തോനി ഓടി. അവൻ അടുത്തെത്തുംമുമ്പ് അവൾ പള്ളിയിലേക്കു കയറി. ആ ഗ്രാമീണദേവാലയത്തിൻ്റെ പരിശുദ്ധിയിലേക്കു പ്രവേശിക്കുവാൻ അവനു ധൈര്യം തോന്നിയില്ല; പള്ളിമുറ്റത്തേക്കു നയിക്കുന്ന കല്പ‌ടികളുടെ താഴെ അവൻ നിന്നു; അവൻ ദേവാലയത്തിലേക്കു നേരേ തിരിഞ്ഞു നിന്നുകൊണ്ട് ക്ഷണനേരം പ്രാർത്ഥിച്ചു: "ദുഃഖങ്ങളെ സന്തോമായി പകർത്തുവാൻ കഴിവുള്ള കർത്താവേ! റാഹേലിനെ അനുഗ്രഹിക്കേണമേ! ദൈവമേ, ഞാൻ അങ്ങയെ മറന്നാലും അങ്ങ് എന്നെ മറക്കരുതേ!" പ്രാർത്ഥനകളുടെ മുമ്പിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടുമെന്ന് അവൻ വിശ്വസിച്ചു.

വഴിയരികിലേക്കു മാറിനില്ക്കുക. അവൾ പള്ളിയിൽനിന്നു മടങ്ങിവരും, വരുമ്പോൾ കാണാം; അവളെ കാണാതെ പോകുവാൻ ആ പാവപ്പെട്ടവന്റെ മനസ്സ് അനുവദിക്കുന്നില്ല. അവൻ പുറകോട്ടു നടന്നു. വഴിത്തിരിവിൽ നില്ക്കുന്ന മുതുക്കൻ പുളിയുടെ ചുവട്ടിൽ അവൻ നിന്നു, അവളെക്കാത്ത്. ഇച്ചിരിമേത്തൻ രണ്ടു കാളമൂരികളെയുംകൊണ്ട് ആ വഴിവന്നു. "എന്താടാ അന്തോന്യേ, നീ ഇവിടെ നിക്കുന്നെ?"

"ഓ ചുമ്മാ, ഇച്ചിരിമേത്തൻ എങ്ങോട്ടാ?"

"അങ്ങത്തേക്കാരുടെ കല്യാണത്തിനു കൊണ്ടുപോവാ ഇവന്മാരെ."

മൂരികളെയുംകൊണ്ട് ഇച്ചിരിമേത്തൻ പോയി.

തടിയൻ കറിയാ കാളവണ്ടിയുംകൊണ്ട് ആ വഴിവന്നു.

"എങ്ങോട്ടാ കറ്യാ?"

"ചന്തയ്ക്ക്. നീയെന്തിനാ ഇവിടിരിക്കുന്നെ?"

"ഒരാളെ കാത്തുനില്ക്കുകാ."

അന്തോനിയുടെ പ്രിയപ്പെട്ട കാളകൾ - ആ വാലുമുറിയൻ. അവറ്റകൾ ഇപ്പോൾ അവനെ അറിയുകപോലുമില്ല; പുതിയ യജമാനൻ്റെ ചൊൽപ്പടിയിൽ ആ പാവങ്ങൾ നീങ്ങുന്നു. അടിമകളെപ്പോലെ.

വയറ്റാട്ടി ഏലിച്ചേടത്തിക്ക് വർത്തമാനം പറയാൻ സമയമില്ല.

"ആ ത്രേസ്യാപ്പെണ്ണിന് നോവുകെട്ടിയെന്നു പറഞ്ഞ് ആളുവന്നു; ഞാൻ പോട്ടെ കുഞ്ഞ്; നിക്കാൻ നേരമില്ല."

റാഹേലിന്റെ കൂട്ടുകാരിയായ ത്രേസ്യാപ്പെണ്ണ്; അവൾ രണ്ടാമതും പ്രസവിക്കുകയാണ്.

ചെങ്കല്ലിന്റെ നിറംപുരണ്ട മുണ്ടും ബനിയനും ധരിച്ച്, കൈയിൽ മുഴക്കോലും ചുഴറ്റി പട്ടണത്തിൽ പണിക്കുപോകുന്ന പാക്കരനും നില്ക്കാൻ സമയമുണ്ടായില്ല.

ആ പുളിഞ്ചോട്ടിൽ അന്തോനി നില്ക്കുന്നതു പാവക്കിടാത്തൻ കണ്ടതേയില്ല; അവൻ കറമ്പൻപുലയൻ്റെ മകൾ തേവിക്കിടാത്തിയുമൊന്നിച്ച് എന്തോ സ്വകാര്യം പറഞ്ഞുകൊണ്ട് പണിക്കുപോവുകയാണ്. നെല്ലുകുത്താൻ പോകുന്ന കുഞ്ഞാളിപ്പണിക്കത്തി അന്തോനിയെ കാണാതിരുന്നത് ആ മുതുക്കിയുടെ

കാഴ്ച‌ക്കുറവുകൊണ്ടു മാത്രമാണ്.

ജീവിതത്തിന് അർത്ഥമുണ്ട്. അന്തോനി മാത്രം ആ അർത്ഥത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. വിചിത്രംതന്നെ ലോകഗതി. പള്ളി പിരിഞ്ഞു.

റാഹേൽ അവന്റെറെ അടുത്തെത്തി. ഹൃദയങ്ങൾ തുടിച്ചു. ദൃഷ്‌ടികൾ കൂട്ടിമുട്ടി, റാഹേലിന്റെ മുഖത്ത് ഒരു പുഞ്ചിരി മിന്നിപ്പൊലിഞ്ഞു; പുഞ്ചിരിയുടെ സ്ഥാനത്ത് ഒരു ശോകച്ഛവി ദൃശ്യമായി. അവളുടെ കൊച്ചരിപ്പല്ലുകളും നുണച്ചുഴികളും അങ്ങേ ന്താനിക്ക് ഒരിക്കൽക്കൂടി കാണാൻകഴിഞ്ഞു. അവൾ പതുക്കെ അന്തോനിയുടെ സമീപത്തെത്തി. അവൻ്റെ പുഞ്ചിരിക്ക് ദുഃഖത്തിൻ്റെ മേൽക്കോയ്മ ഉണ്ടായിരുന്നു.

അവൾ ഒരു മാലാഖയെപ്പോലെ അവൻ്റെ മുൻപിൽ നിന്നു. അവളുടെ മാർവ്വിടം പൊങ്ങുകയും താഴുകയും ചെയ്‌തു. അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ അന്തോനിയുടെ തഴമ്പിച്ച വലത്തെ കൈപ്പത്തി അവളുടെ കൈക്കുമ്പിളിലൊതുക്കി. ആ പരുപരുത്ത കൈവള്ളയിൽ റാഹേലിന്റെ നീലക്കണ്ണുകളിൽനിന്ന് ഒന്നുരണ്ടു ചൂടുള്ള കണ്ണുനീർത്തുള്ളികൾ പതിഞ്ഞു.

"റാഹേൽ... ഞാൻ മലബാറിലേക്കു പോകുന്നു." അന്തോനിയുടെ നാവു الد العلم

റാഹേൽ ഏങ്ങലടിച്ചു. അവളുടെ അധരങ്ങൾ വിറച്ചു.

"എന്നുവരും?"

"താമസിയാതെവരും."

"ഞാൻ കൂടെ പോരുന്നു."

"വേണ്ടാ."

അന്തോനി അവന്റെ കൈ പിൻവലിച്ചു.

കാറിന്റെ ഹോൺ മുഴങ്ങി.

രാജന്റെ ബ്യൂക്ക് കാർ കറുത്ത മിന്നൽപോലെ ആ വഴിയെ പാഞ്ഞുവന്നു. റാഹേലും അന്തോനിയും ഞെട്ടിത്തിരിഞ്ഞു നോക്കി കാറിൽ ഇരുന്നുകൊണ്ട് രാജൻ തലനീട്ടി; അവൻ അവരെക്കണ്ടു. കാർ പെട്ടെന്നു നിന്നു. റാഹേൽ നേരിയതുകൊണ്ടു ശിരസ്സുമൂടി. ആ നേരിയതിൻ്റെ തങ്കക്കസവ് ഇളംപകലിന്റെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി.

മുട്ടത്തു വർക്കി എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇണപ്രാവുകൾ
0.0
തണൽമരങ്ങൾ കുടചൂടിനിന്ന ഇടവഴികളിൽ, മകരക്കൊയ്ത്ത് കഴിഞ്ഞുകിടന്ന പാടങ്ങളിൽ, വിജനമായ ആറ്റിൻകര യിൽ എല്ലാം അവരൊന്നിച്ചായിരുന്നു. കുടുംബമഹിമയും പണവും സൃഷ്ടിക്കുന്ന വേർതിരിവുകളൊന്നുംതന്നെ അവരുടെ സ്നേഹത്തിനറിയില്ല. ആ സ്നേഹം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പടർന്നൊഴുകി. അന്തോണിയും റാഹേലും ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളായി. കേരളീയ ഗ്രാമാന്തരീക്ഷത്തിൽ സുപരിചിതമായ മനോ ഹരമായ ഒരു പ്രണയകഥ.
1

ഭാഗം - ഒന്ന്

11 January 2024
0
0
0

നല്ല ഓമനത്തമുള്ളൊരു പറങ്കിമാമ്പഴം ആയിരുന്നു അത്. മഞ്ഞയും ചെമപ്പും ഒന്നിച്ചലിഞ്ഞുചേർന്ന നിറത്തിൽ അങ്ങനെ തുടുതുടെക്കിടക്കുന്നു. അതു കണ്ടപ്പോൾ അന്തോനിയുടെ കൊച്ചുവായിൽ ഉമിനീരിളകി."ഇനിച്ചാ പായംതായേ!" ഉമിനീ

2

ഭാഗം -രണ്ട്

11 January 2024
0
0
0

തിണ്ണയിലിരുന്നു വെറ്റപ്പൊതി ശരിപ്പെടുത്തുകയാണ് കൊച്ചാപ്പി. അവനു വള്ളക്കടവിലേക്കു പോകുവാൻ സമയമായിരുന്നു. പോയാൽ ഇനി നാലാംപ ക്കമേ തിരിച്ചെത്തുകയുള്ളൂ.അവനോട് ഒരുപിടി കാര്യങ്ങൾ പറഞ്ഞയയ്ക്കുവാനുണ്ടായിരുന്നു

3

ഭാഗം -മൂന്ന്

11 January 2024
0
0
0

കലങ്ങിയ വെള്ളം തെളിയുകയും കൊച്ചുപിള്ളേർ വളരുകയും ചെയ്‌തു. തകിടിപ്പുരയിടങ്ങളിലും കൈത്തോട്ടിലും ഞാറക്കാട്ടിലും കുന്നിൻചെരുവുകളിലും കൊച്ചു കാറ്റുപോലെ കൂത്താടി കളിച്ചിരുന്ന കുഞ്ഞുങ്ങളുടെ കുഞ്ഞിക്കാലുകളുടെ

4

ഭാഗം- നാല്

11 January 2024
0
0
0

സന്ധ്യാപ്രാർത്ഥനയ്ക്കു ദേവാലയത്തിൽ മണിയടിച്ചു. ആ മണിനാദം വൃക്ഷങ്ങളുടെ മുകളിൽക്കൂടി ഒഴുകി കുന്നിൻചെരുവുകളിൽ മാറ്റൊലിക്കൊണ്ടു. തോളത്തു തൂമ്പായും പേറി കർഷകർ നാട്ടുവഴിയെ അപ്പോഴും പൊയ്ക്കൊണ്ടിരുന്നു. ഗ്രാമ

5

ഭാഗം-5

11 January 2024
0
0
0

എങ്കിലും മറിയച്ചേടത്തി അങ്ങനെ പറഞ്ഞുകളഞ്ഞല്ലോ. അന്തോനിക്ക് അതൊരു ആശ്ചര്യമായിത്തോന്നി. മാമ്മി ചോദിച്ചാൽ അവർ കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെയൊരനുഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. അവർ അവനെ ഒരു കൂലിക്കാരനായ

6

ഭാഗം -6

11 January 2024
0
0
0

പടിഞ്ഞാറെ മുറ്റത്തെ കൊച്ചു പറങ്കിമാവിൻ്റെ ചോട്ടിൽ അരികുകൾ കീറിപ്പറിഞ്ഞ ഒരു പഴയ കിടക്കപ്പായുടെ പുറത്ത് അമ്മിണി കാൽനീട്ടി ഇരിക്കുന്നു. അവളുടെ മടിയിൽ ഒരു കൊച്ചു മുറമുണ്ട്. അതിൻ്റെ ഒരുവശത്തായി അവൾ ചക്കക്ക

7

ഭാഗം -7

11 January 2024
0
0
0

രാജൻ്റെ ചിന്തകൾ പുഷ്‌പിച്ചു: മായാത്ത ഒരു മധുരസ്വ‌പ്നം അവന്റെ ചുറ്റും നൃത്തം വയ്ക്കുന്നതുപോലെ തോന്നി. ട്രോയിയിലെ ഹെലന്റെയും കാർത്തേജിലെ ക്ലിയോപാട്രയുടെയും കണ്വാശ്രമത്തിലെ ശകുന്തളയുടെയും ചിത്രങ്ങളെ അവൻ

8

ഭാഗം -8

11 January 2024
0
0
0

സന്ധ്യാദേവത' എന്ന കവിത എഴുതിക്കൊണ്ടിരിക്കുകയായിരുന്നു രാജൻ. മുണ്ടകപ്പാടത്തിന്റെ്റെ അരികുചേർന്നു പൂക്കൈതകളാൽ പരിവേഷം ചാർത്തിയ ആ കൊച്ചുകുളവും സന്ധ്യയുടെ പൊൻവെളിച്ചത്തിൽ അതിലെ തെളിനീരിൽ മുങ്ങിക്കുളിക്കുന

9

ഭാഗം -9

11 January 2024
0
0
0

മലബാറിൽപ്പോയ കുട്ടിച്ചേട്ടൻ്റെ മകൻ അന്ന് അന്തോനിയുടെ വീട്ടിൽ താമസിച്ചു. അവൻ മലബാറിലെ സുഖജീവിതത്തെപ്പറ്റി വർണ്ണിച്ചു. നാട്ടിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം വിറ്റുകിട്ടിയ പണവുമായി കുട്ടിച്ചേട്ടൻ മലബാറിനു പോ

10

ഭാഗം -10

13 January 2024
0
0
0

കുഞ്ചെറിയാച്ചന്റെ വീടിൻ്റെ മുറ്റത്തു ചിക്കുപായിൽ കറുത്തിട്ട്യാരൻനെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഈർക്കിലിയുടെ അഗ്രത്തിൽ ചുവന്ന വറ്റൽമുളകു കോർത്ത് ആ നെല്ലുപായുടെ നാലുമൂലയ്ക്കും നാട്ടിനിർത്തിയിട്ടുണ്ട്, ന

11

ഭാഗം -11

13 January 2024
0
0
0

കാർമേഘങ്ങൾകൊണ്ട് കാലേകൂട്ടി നീലിച്ച കിഴക്കേ ചക്രവാളത്തിലേക്കു രണ്ടു തൂവെള്ളപ്പിറാവുകൾ ഇണചേർന്നു പറന്നുപോകുന്നു. നീലസമുദ്രപ്പരപ്പിലൂടെ ഒഴുകുന്ന വെളുത്ത കൊച്ചോടങ്ങൾമാതിരി. അവൾ കണ്ണിമയ്ക്കാതെ വിദൂരതയിലേക

12

ഭാഗം -12

13 January 2024
0
0
0

ചന്തയുടെ വടക്കേ തെരുവിൽ വണ്ടിപ്പേട്ടയ്ക്കു സമീപം കൊങ്കിണിയുടെ അങ്ങാടിമരുന്നുകടയ്ക്കും, കുഞ്ചു വിൻ്റെ ബാർബർഷാപ്പിനും ഇടയ്ക്ക്. മാണിക്കച്ചെറിയമ്മ ഇരുന്നു മോരു വില്ക്കുന്ന വാളംപുളിയുടെ ചുവടിനും വഴിക്കും

13

ഭാഗം -13

13 January 2024
0
0
0

ന്റെ പൊന്നുമോളല്ലേ, എണീറ്റേ. ബാ, എണീക്കമ്മാ! മോളേ!" മറിയാമ്മ കേണപേക്ഷിച്ചു. റാഹേൽ അവളുടെ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. അവളുടെ കൈയ്ക്കുപിടിച്ചു പൊക്കുവാൻ ശ്രമിച്ചുകൊണ്ട് മറിയാമ്മ തുടർന്നു: "എണീറ്

14

ഭാഗം -14

17 January 2024
0
0
0

റാഹേൽ കട്ടിലിൽ എണീറ്റിരുന്നു. വളരെ വ്യത്യസ്‌തവും അപരിചിതവുമായ ഒരു ലോകം അവളുടെ ചുറ്റും നിന്ന് വിറയ്ക്കുന്നതുപോലെ തോന്നി. അടുത്തുനില്ക്കുന്ന അമ്മിണിയുടെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി. ആ സൂക്ഷിച്ചു

15

ഭാഗം -15

17 January 2024
0
0
0

കൈപൊള്ളുന്നപോലെ അന്തോനിക്കു തോന്നി. റാഹേലിന്റെ ലോലമോഹനങ്ങളായ കൈപ്പത്തികൾക്കുള്ളിൽ ഒതുക്കപ്പെട്ട ആ തഴമ്പിച്ച കൈ; ആ കൈ പിൻ വലിക്കപ്പെട്ടിട്ടും അവളുടെ ഹൃദയത്തുടിപ്പുകൾ അതിന്മേൽ പ്രതിധ്വനിക്കുന്നുണ്ടായിരു

16

ഭാഗം -16

17 January 2024
0
0
0

റാഹേലേ! ഈ നിൽക്കുന്ന മാത്യു എന്നു വിളിക്കപ്പെടുന്ന രാജനെ വിവാഹം കഴിക്കാൻ നിനക്കു സമ്മതമാണോ?" പൂരോഹിതൻ ചോദിച്ചു.തലകുനിച്ചു നിന്നിരുന്ന റാഹേൽ ഒന്നും മിണ്ടിയില്ല. പുരോഹിതൻ വീണ്ടും ചോദിച്ചു. റാഹേൽ ഉത്തരം

17

ഭാഗം -17

17 January 2024
0
0
0

ശുദ്ധഗതിക്കാരനായ കുട്ടിച്ചേട്ടൻ നൂറുശതമാനം വിശ്വസിച്ചിരിക്കുകയാണ്, അ ന്താനിയെക്കൊണ്ടു കുഞ്ഞമ്മയെ കെട്ടിക്കാമെന്ന്. ഏഴരയേക്കർ ഒന്നാംക്ലാസ്സ് ഭൂമിയാണ് അവനു സ്ത്രീധനമായി കൊടുക്കാൻ പോകുന്നത്. അന്തോനിയുടെ

18

ഭാഗം -18

17 January 2024
0
0
0

ഒരു പാവപ്പെട്ടവൻ്റെ മരണംനിമിത്തം ആകാശം ഇടിഞ്ഞു വീണില്ല; ആ ഗ്രാമത്തിനു യാതൊരു വ്യത്യാസവും കണ്ടില്ല; പഴേപടി കയ്യാലയിറമ്പുകളിൽ കോളാമ്പിപ്പൂക്കൾ വിടരുകയും, കപ്പൽമാവിൻ്റെ ചില്ലകളിൽ ഇരുന്നു കാക്കത്തമ്പുരാട്

19

ഭാഗം -19

18 January 2024
0
0
0

എല്ലാവരും നല്ലാണത്രങ്ങൾ അണിഞ്ഞ് കല്യാണത്തിനു പോകാൻ തയ്യാറായി വന്നു. വയറ്റാട്ടി ഏഖിച്ചേടത്തി ഒരു പുത്തൻ കച്ചമുറിയും അലക്കിത്തേച്ച ചട്ടയും ചുളിയുള്ള കരണിയും ധരിച്ചിരിക്കുന്നു. ഏറ്റവും നല്ല സാരിയും

20

ഭാഗം -പത്തൊൻപത് അവസാന ഭാഗം

18 January 2024
0
0
0

പന്തലിനു വെളിയിൽ നിന്നിരുന്ന ഇച്ചിരിമേത്തൻ അടുത്തു നിന്നവരോടു പറഞ്ഞു: "എന്നാൽ ആ കൊച്ചാപ്പീടെ മോളെ കുറെനേരത്തേക്ക് അവിടെ പിടിച്ചിരുത്ത്.""പോടാ അസംബന്ധം പറയാതെ." തടിയൻ കറിയാ വിലക്കി.ബോധരഹിതയായിത്തീർന്ന

---

ഒരു പുസ്തകം വായിക്കുക