shabd-logo

ഒന്ന്

13 September 2023

0 കണ്ടു 0
മതിലുകള് എന്ന പേരില് ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? ) മുമ്പു പറഞ്ഞതായി ഓര്മ്മ തോന്നുന്നില്ല. “സ്ത്രീയുടെ ഗന്ധം' അല്ലെങ്കില് “പെണ്ണിന്റെ മണം' എന്നതിന് ഏതെങ്കിലും ഒരു പേരിടാമെന്നു വിചാരിച്ചു. പിന്നെ ഇങ്ങനെ, ഇപ്പോളങ്ങു പറയുകയാണ്. ശ്രദ്ധിച്ചു കേട്ടുകൊള്ളണം. സംഭവം കുറെ പഴക്കമുള്ളതാണ്. നമ്മള് സാധാരണമായി കാലം എന്നൊക്കെ പറയാറുണ്ടല്ലോ. ആ മഹാകാലത്തിന്റെ അക്കരെ നിന്നുള്ളതാണ്. ഞാനിപ്പോള് ഇക്കരെയാണെന്നോര്ക്കണം. ഏകാന്തമായ ഹൃദയം. അതിന്റെ മഹാതീരത്തുനിന്നു വന്നുചേരുന്ന ഒരു ശോകഗാനമാണിത്.

ഉയര്ന്ന കന്മതിലുകള് ആകാശം മുട്ടുന്ന മാതിരി. അത് എന്നെയും സെന്ട്രല് ജയിലിനെയും ചുറ്റിക്കൊണ്ടങ്ങനെ നില്ക്കുകയാണ്. ഉള്ളില് അനേകം കെട്ടിടങ്ങള്. അനേകം മനുഷ്യര്. തടവുകാരെയെല്ലാം അകത്താക്കിക്കഴിഞ്ഞു. കാര്യമായ ശബ്ദങ്ങളൊന്നുമില്ല. വെളുപ്പിനു തൂക്കിക്കൊണ്ടവരുണ്ട്. കാലാവധി തീര്ന്നു നാളെ സ്വതന്ത്രലോകത്തേക്കു പോകുന്നവരുണ്ട്. എങ്കിലും ആകെക്കൂടി ഒരു... ഒരു പ്രശാന്തത.

ഞങ്ങള് നടക്കുകയാണ്; തൂക്കുമരത്തിന്റെ ഏതാണ്ട് അടുത്തുകൂടി. വളരെ വീതിയില്ലാത്ത റോഡ്. ഇടവും വലവും തൊട്ടടുത്തും നെടുനീളത്തില് മതിലുകള്. എന്റെ മുമ്പേ വാര്ഡര്. ജയില് വസ്ത്രങ്ങള് ധരിപ്പിച്ച് എന്നെ ഒരു നമ്പര് ആക്കിയിട്ടു കുറെ മിനിട്ടുകളേ ആയിട്ടുള്ളൂ. കറുത്ത വരയുള്ള വെള്ളത്തൊപ്പി, വെള്ള ഷര്ട്ട്, വെള്ള മുണ്ട്, കിടക്കാനുള്ള ജമുക്കാളം, പുതയ്ക്കാനുള്ള കരിമ്പടം, ഉണ്ണാനും കുടിക്കാനുമുള്ള പാത്രങ്ങള്... എല്ലാറ്റിലുമുണ്ട് നമ്പര്. ഞാനൊരു കന്നിക്കാരനൊന്നുമല്ല. മുമ്പും കുറെ പ്രാവശ്യം ജയിലുകളിലെ നമ്പരുകളായിട്ടുണ്ട്. ന്യൂമറോളജി' എന്ന ഒരു പുസ്തകം പണ്ടു വായിച്ച ഓര്മ്മ വെച്ചുകൊണ്ട് എന്റെ പുത്തന് നമ്പര് ഞാനൊന്നു നോക്കി. അക്കങ്ങളെല്ലാം ഒരുമിച്ചു കൂട്ടിനോക്കി. നല്ലത്. ഞാന് ഒമ്പതാണ്!

ഒമ്പതിന്റെ ഫലം എന്തൊക്കെയാണ്? ഈ ജയിലില് അനുഭവപ്പെടാന് പോകുന്ന സംഭവവികാസങ്ങള് എന്തെല്ലാം? ചുമ്മാ ചിന്തിച്ചു. നടപ്പു പതുക്കെയാണ്. “ഒന്നും വേഗം നടക്കാമോ?' വാര്ഡറുടെ ആജ്ഞ! അതുകേട്ടപ്പോള് എനിക്കങ്ങു

ചിരിവന്നു. ചിരിക്കാനുള്ള സന്ദര്ഭങ്ങള് ഒരിക്കലും ഞാന് പാഴാക്കാറില്ല. മാനുഷകുലത്തിനായുള്ള ഈശ്വരന്റെ പ്രത്യേകമായ ഒരനുഗ്രഹമാണ് ഈ ചിരി. ഞാന് ചോദിച്ചു:

“ഇത്ര ധൃതിയിലെങ്ങോട്ടാണ്... ഈ ഭൂഗോളത്തില്നിന്ന്? വാര്ഡര് മിണ്ടിയില്ല, നടക്കുകയാണ്. ഞാന് പറഞ്ഞു:

“എന്നെ വല്ല മാളത്തിലും കൊണ്ടുപോയി അടച്ചിട്ട് ഓടിപ്പോയി വലിയ ഒരു കച്ചവടം നടത്താനുണ്ടല്ലേ?'

എന്താണെന്നുവെച്ചാല് സംഗതി ഒരല്പം ഗൗരവമുള്ളതാണ്. ഒരമ്പതറുപതു മൈല് ദൂരെ, ഒരു പട്ടണത്തിലെ പ്രധാനപ്പെട്ട ഒരു പോലീസ് ലോക്കപ്പില് എന്നെ തടവില് ഇട്ടിരിക്കുകയായിരുന്നു; ഒരു പതിനൊന്നോ, പതിന്നാലോ മാസം. കേസെടുക്കുകയില്ല. ചുമ്മാ ഇട്ടിരിക്കുന്നു! പോലീസ് ഇന്സ്പെക്ടറുടെ ഉപദേശമനുസരിച്ചു ഞാന് ബഹളമുണ്ടാക്കി. പട്ടിണി കിടന്നു. എന്നു പറഞ്ഞാല് നിരാഹാരവ്രതസത്യാഗ്രഹം! അങ്ങനെ കേസെടുപ്പിച്ചു. ശിക്ഷ വാങ്ങിച്ചു. ഒരേ കുടുംബത്തിലെ അംഗമെന്ന നിലയിലാണു ഞാന് ആ പോലീസ് ലോക്കപ്പില് പത്തുനൂറു പോലീസുകാരുടെയും ഇന്സ്പെക്ടറുടെയും മേല്നോട്ടത്തില് കഴിഞ്ഞത്. എന്റെ വലതുകൈ, നടുവിരലിന്റെ അറ്റം മുതല് ഉരംവരെ അടിച്ചുതകര്ത്തു പഞ്ഞിയാക്കിക്കളയും! എന്നോ മറ്റോ കുറെ റിസര് വ് പോലീസുകാര് പറഞ്ഞിരുന്നു, എന്റെ മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടും. സത്യത്തില് പോലീസുകാരല്ല പറഞ്ഞത്. ഒരു മജിസ്ട്രട്ടാണ്! പോലീസുകാരുള്ള മൂച്ച്! എന്നെ അറസ്റ്റ് ചെയ്യാന് വീടുവളഞ്ഞ സന്ദര്ഭം. ഞാന് അവിടെ ഉണ്ടായിരുന്നില്ല. ഒടുവില് എന്നെ പിടിച്ചു. ആരും എന്നെ തല്ലിയില്ല. പോലീസുകാരില് പലരും എന്റെ ശിഷ്യന്മാരായിത്തീര്ന്ന മട്ടിലായി. ഒരു ഹെഡ് കോണ്സ്റ്റബിളിന്റെ പ്രൗഢിയായിരുന്നു എനിക്കവിടെ. ലോക്കപ്പില് കിടന്നു ഞാന് കുറെ പോലീസുകഥകളുമെഴുതി, കടലാസും പെന്സിലും പോലീസ് ഇന്സ്പെക്ടര് തന്നതാണ്.

ഞാന് അവിടെനിന്ന് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. കൂടെ രണ്ടു പോലീസുകാരുമുണ്ടായിരുന്നു. അവരുടെ കൈയില് രണ്ടു തോക്കുകളുമുണ്ടായിരുന്നു. പോക്കറ്റില് കൈവിലങ്ങും. അവരാണു സെന്ട്രല് ജയിലില് എന്നെക്കൊണ്ടേല്പിച്ചത്. ഇപ്പറഞ്ഞതൊന്നുമല്ല സംഗതി. ആ പോലീസുകാര് എനിക്കു രണ്ടു കെട്ടു ബീഡിയും ഒരു തീപ്പെട്ടിയും ഒരു പുത്തന് ബ്ലേഡും വാങ്ങിച്ചു തന്നിട്ടുണ്ടായിരുന്നു. "ഇതൊന്നും ജയിലില് അനുവദിക്കാന് പാടില്ല' എന്നുള്ള സുന്ദരമായ പ്രസ്താവനയോടെ എന്റെ പോക്കറ്റില് നിന്നും വാര്ഡര് അതെല്ലാം എടുത്തു. എന്നിട്ടു തന്റെ മഹോന്നതമായ തൊപ്പിയെടുത്ത് അതിനുള്ളിലാക്കിയിട്ടു പഴന്തുണി വെച്ചു മൂടി തലയില് കമഴ്ത്തി ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി നടക്കുകയാണ്, പരമദ്രോഹി! നടക്കട്ടെ!

ആ ബെല്ഡെന്തിനാണെന്നോ! നിങ്ങള് ഉദ്ദേശിക്കുന്നതിനൊന്നുമല്ല. തീപ്പെട്ടിക്കോലുകള് രണ്ടായിട്ടു കീറാനാണ്. ആറായിട്ടു കീറുന്ന മഹാകലാകാരന്മാരെ മുമ്പ് ഈയുള്ളവന് കണ്ടിട്ടുണ്ട്. ബ്ലേഡുകൊണ്ടു വേറെയുമുണ്ടു പണി. ജയിലില് തീപ്പെട്ടി സുലഭമായി കിട്ടിയെന്നു വരില്ല. അതിനു കാശു വേണമല്ലോ. അതു നമ്മുടെ പക്കലില്ല. ആ ബ്ലേഡിനെ ഒരു 'ചക്കി' യാക്കാം. അവനെ ഒറ്റയ്ക്കു ചക്കി എന്നു പറയുക നിഷിദ്ധം. ചക്കിയുടെ ജനനം താഴെ പറയുന്ന പ്രകാരമാണ്:

സര്ക്കാര് കിടക്കാന് തന്നിട്ടുള്ള ജമുക്കാളമുണ്ട്. അതിന്റെ നൂല് ഒരു രണ്ടു വിരലവണ്ണത്തില് സംഭരിക്കുക. നീളം കൈപ്പത്തിയുടേതു മതി. ഒരു രണ്ടിഞ്ചു തല വെച്ചൊന്നു കെട്ടണം. എന്നിട്ട് ആ തല നല്ലവണ്ണം തീകൊളുത്തി കരിക്കുക. കരിയുള്ള ഭാഗം ഒരു തുകല്ക്കഷണം രണ്ടുമൂന്നായി മടക്കി അതില് വെച്ചു കെട്ടുകയാണു വലിയ കലാകാരന്മാര് ചെയ്തു. നമ്മെപ്പോലുള്ള ദരിദ്രകലാകാരനു പ്ലാവില കിട്ടിയാലും മതിയാകും. ഇനി നമുക്കു വേണ്ടത് ഒരു ചെറിയ ഉരുക്കുകഷണമാണ്. അത് എവിടെ കിട്ടും? ഉരുക്കുകഷണംതന്നെയല്ല ബീഡി, തീപ്പെട്ടി, കഞ്ചാവ്, ചാരായം, ചക്കര എന്നു വേണ്ട ഒരുവിധം ആവശ്യമുള്ളതെല്ലാം ജയിലില് കിട്ടും. അതിനൊക്കെ കാശു വേണം. ഒരു ബ്ലേഡ് കൈയിലുണ്ടെങ്കില് അതു സിമന്റുതറയിലോ, കരിങ്കല്ലിലോ ഉരച്ചാല് തീപ്പൊരിയുണ്ടാകും. ആ തീപ്പൊരി മറ്റവന്റെ കരിഞ്ഞ തലയിക്കൊണ്ടാല് തീ സുലഭം! ബ്ലേഡ് ഒരു കഷണം മരക്കമ്പില് ആഴി, വായ്ക്കല ശകലം മാത്രം വെളിയിലാക്കി വെക്കണം. ഇത്രയും വിശേഷങ്ങളാണ് ആ വാര്ഡര് ഹാന്റെ മഹത്തായ തൊപ്പിക്കുള്ളിലിരിക്കുന്നത്!

ഞാന് പറഞ്ഞു:

"പോലീസുകാര് ദരിദ്രവാസികളല്ല!

വാര്ഡര് കേട്ടില്ലേ? അയാള് മിണ്ടാതെ നടക്കുകയാണ്. എല്ലാം അയാള് വില്ക്കും. മക്കള്ക്കും മക്കളുടെ മക്കള്ക്കും ആചന്ദ്രതാരം തിന്നാനുള്ള വക ദരിദ്രവാസി ഇപ്പോള് സമ്പാദിച്ചുകഴിഞ്ഞു!

ഞാന് ചോദിച്ചു:

"വാര്ഡര്ക്കു മക്കളെത്രയുണ്ട്?'

മനോരാജ്യത്തില് നിന്നുണര്ന്ന് വാര്ഡര് പറഞ്ഞു:

“ആറ്. അഞ്ചു പെണ്ണും ഒരാണും. പാവം വാര്ഡര്! അഞ്ചു പെണ്ണ

ഞാന് ചോദിച്ചു:

“കുഞ്ഞുങ്ങള്ക്കും തള്ളയ്ക്കുമെല്ലാം സുഖം തന്നെ അല്ലേ?'

“അതെയതെ.' വാര്ഡര് പറഞ്ഞു: “വേഗം നടക്ക്!' ധൃതിയുടെ രഹസ്യം

സ്പഷ്ടാല് സ്പഷ്ടം!

ഞാന് ചോദിച്ചു:

“നിങ്ങള് മരിച്ചുപോയാല് അവരുടെ സ്ഥിതി എന്ത്?'

വാര്ഡര് പറഞ്ഞു: “ദൈവം രക്ഷിക്കും.

ഞാന് പറഞ്ഞു:

“എനിക്കു സംശയമാണ്.

വാര്ഡര് ചോദിച്ചു:

“അതെന്താ?

ഞാന് പറഞ്ഞു:

“ദിവ്യജ്ഞാനം....! എങ്ങനെ കിട്ടി എന്നു പറയാം. ഞാന് പണ്ട് ഒരു സന്ന്യാസിയായിരുന്നു. ഞാന് ചെന്നു താമസിച്ചിട്ടില്ലാത്ത വിശുദ്ധ മസ്ജിദുകള്, പുണ്യക്ഷേത്രങ്ങള് ഇന്ത്യയിലില്ല. ചെന്നു കുളിച്ചിട്ടില്ലാത്ത പുണ്യനദികളുമില്ല. കൊടുമുടികള്, താഴ്വരകള്, വനാന്തരങ്ങള്, മരുഭൂമികള്, കടലോരങ്ങള്, തകര്ന്നടിഞ്ഞ ദേവാലയങ്ങള്

“അതുകൊണ്ട്?

“ദൈവം നിങ്ങളെ വെറുതെ വിടുകില്ല!

വാര്ഡര് പറഞ്ഞു:"ഞാന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ?' ഞാന് ചോദിച്ചു:

"ഇന്നു വാര്ഡര് നടത്തിയ ഭയങ്കര തീവെട്ടിക്കൊള്ളയോ?'

വാര്ഡര്ക്ക് അത്ഭുതം തോന്നി. അയാള് ചോദിച്ചു:

“ഇന്നു ഞാന് എന്തു തീവെട്ടിക്കൊള്ള നടത്തി?'

ഞാന് പറഞ്ഞു:

"വാര്ഡര് മരിക്കുന്നു. ആത്മാവ് ദൈവത്തിന്റെ മഹാസന്നിധിയില് ചെല്ലുന്നു. ദൈവം ചോദിക്കുന്നു: ദരിദ്രവാസിയായ ഹേ ജയില്്വാര്ഡറേ....! ആ പാവപ്പെട്ട ബഷീറിന്റെ ഒരു ബ്ലേഡും ഒരു തീപ്പെട്ടിയും രണ്ടു കെട്ടു ബീഡിയും എവിടെ?'

വാര്ഡര് മിണ്ടുന്നില്ല. നില്ക്കുകയാണ്. ഞാന് പറഞ്ഞു:

'വരൂ, വരൂ! എന്നെക്കൊണ്ടുപോയി കൂട്ടിലടച്ചിട്ടു കച്ചവടത്തിനു പോകണ്ടേ?' വാര്ഡര് അനങ്ങുന്നില്ല. മിണ്ടുന്നില്ല. അയാള് പതുക്കെ കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ടു തൊപ്പി ഊരി. എന്നിട്ട് എന്റെ സ്വത്തുക്കള് എല്ലാം തിരിയെത്തന്നു.

“നല്ല വാര്ഡര്!' ഞാന് പറഞ്ഞു: “ഗാന്ധിജി നിരാഹാരവ്രതത്താല് മരണശയ്യയിലാണെന്ന് ഇന്നു കാലത്തും ആ പോലീസ് ഇന്സ്പെക്ടര് എന്നോടു പറഞ്ഞു. വാര്ഡര് വല്ല വിശേഷവും കേട്ടോ?'

വാര്ഡര് പറഞ്ഞു:

"അദ്ദേഹം നിരാഹാരവ്രതം അവസാനിപ്പിച്ച് മധുരനാരങ്ങനീരു കുടിച്ചു.

സന്തോഷം. മോഹന് ദാസ് കരംചന്ദ് ഗാന്ധി നീണാള് ജീവിക്കട്ടെ! എല്ലാ

മനുഷ്യരും!

ഞങ്ങള് പല ഇരുമ്പുവാതിലുകളും കടന്നങ്ങനെ പൊയ്ക്കൊണ്ടിരുന്നു. മതിലുകള്

മതിലുകള്

ഞാന് ചോദിച്ചു:

“ഇപ്പോള് ഈ ജയിലില് രാഷ്ട്രീയത്തടവുകാരായി എത്ര പേരുണ്ട്?

“നിങ്ങളെ കൊണ്ടുപോകുന്നിടത്തു പതിനേഴു പേരുണ്ട്. നിങ്ങളും ചേര്ന്ന്

പതിനെട്ടാകും.

അതു ശരി. ഒരു പ്രത്യേക സ്ഥലത്തേക്കാണല്ല കൊണ്ടുപോകുന്നത്? സര്ക്കാര് ഈയുള്ളവനെ വേണ്ടത്ര ഗൗരവത്തോടുകൂടിത്തന്നെ വീക്ഷിക്കുന്നുണ്ട്. നല്ലത്!

അങ്ങനെ നടക്കുമ്പോള് ഈ ലോകത്തില് വെച്ച് ഏറ്റവും മാദകമായ പരിമളം:

സ്ത്രീയുടെ ഗന്ധം! പെണ്ണിന്റെ മണം!

ഞാന് ആകെ ഇളകിപ്പോയി. എന്റെ ഓരോ അണുക്കളും ഉണര്ന്നു. എന്റെ നാസാരന്ധ്രങ്ങള് വിടര്ന്നു. ഞാന് ഈ ലോകത്തെ മുഴുവനും എന്നിലേക്ക്... എന്നിലേക്കു

വലിച്ചു.

എവിടെ അവള്

ഞാന് ചുറ്റിനും നോക്കി, ആരുമില്ല! ഒന്നുമില്ല!

അങ്ങനെ നടക്കുമ്പോള് ഈ ലോകത്തില് വച്ച് ഏറ്റവും മനോഹരമായ ശബ്ദം:സ്ത്രീയുടെ ചിരി!

ഈ ശബ്ദവും ഗന്ധവും ഒരുമിച്ചുവന്നതാണോ? അതോ ഒന്നില്നിന്നു മറ്റൊന്നു ഞാന് ഭാവന ചെയ്തതോ?

സ്ത്രീ എന്ന അത്ഭുതസൃഷ്ടിയെ ഞാന് മറന്നിരിക്കുകയായിരുന്നു; മറന്നിരിക്കയായിരുന്നു.

ഞാന് കേട്ട ചിരി സത്യം! എന്നിലേക്കു പാഞ്ഞു വന്ന ഗന്ധവും സത്യം! ഞാന് പറയുന്നതു സോപ്പിന്റെ ഗന്ധമല്ല. ഇഞ്ചയുടെയോ, താളിയുടെയോ,

എണ്ണയുടെയോ ഗന്ധമല്ല. പൗഡറും വിയര്പ്പും കൂടിക്കലര്ന്ന ഗന്ധവുമല്ല. സാക്ഷാല് സ്ത്രീയുടെ അതിശയകരമായ ഗന്ധം

ഇതെവിടെനിന്ന്... ആ ചിരിയോ?

ആ ഗന്ധം പിന്നെയും ഞാന് ഓര്ത്തു... എനിക്കാകെ ഒരു ശ്വാസംമുട്ടലുപോലെ. നാസാരന്ധ്രങ്ങള് വീണ്ടും വീണ്ടും വിടര്ന്നു. ഹൃദയം ഉത്കണ്ഠയോടെ പൊട്ടാന് പോകുന്നതുപോലെ. പെണ്ണേ നീ എവിടെ?

ഞാന് ചോദിച്ചു:

“ആ കേട്ട പെണ്ണിന്റെ ചിരി എവിടെനിന്ന്?'

വാര്ഡര് പരിഹസിക്കുന്ന മട്ടില് ചോദിച്ചു:

'കല്യാണം കഴിച്ചിട്ടില്ല?

ഞാന് പറഞ്ഞു:

ബന്ധം? "ഇല്ല... പക്ഷേ, എന്റെ ചോദ്യവുമായി ഈ കല്യാണക്കാര്യത്തിനെന്തു

“അതെല്ലാം ശ്രദ്ധിക്കുന്നതെന്തിന്?

"ഭീതി ജനിപ്പിക്കുന്ന സെന്ട്രല് ജയിലിനകത്ത്... കൊല്ലുന്ന തൂക്കുമരത്തിന്റെ പരിസരത്തുവെച്ച്... ഒരു സ്ത്രീയുടെ ചിരി കേട്ടു. അതിനുടനെ ഞാന് കല്യാണം കഴിക്കണം! എന്നാല് മാത്രമേ അതെവിടെനിന്നാണെന്നു ചോദിക്കാന് എനിക്ക് അവകാശമുള്ളു? നല്ല ന്യായം!'

വാര്ഡര് ചിരിച്ചു. അയാള് പറഞ്ഞു: 'അതു പെണ് ജയിലില്നിന്നാണ്. അതിന്റെ തൊട്ടടുത്താണു നിങ്ങള്

താമസിക്കാന് പോകുന്നത്. ഇടയ്ക്ക് ഒരു മതിലേയുള്ളൂ.

ശിക്ഷ എത്ര കാലം!

“രണ്ടു കൊല്ലം കഠിനതടവും ആയിരം രൂപാ പിഴയും. പിഴ ഒടുക്കിയില്ലങ്കില്

മണ്ണുചുമട് ആറു മാസംകൂടി! എനിക്കും പെണ് ജയിലിനുമിടയ്ക്ക് ഒരു മതില് മാത്രമേ ഉണ്ടായിരിക്കൂ. അല്ലേ?'

മതില്... പെണ്ജയില്. തങ്കക്കുടങ്ങളേ!

ഞങ്ങള് നടന്നു. ജമുക്കാളവും കരിമ്പടവും ഞാന് എന്റെ ഹൃദയത്തോടടുപ്പിച്ചു. ഇരുമ്പഴിവാതില് തുറന്നു ഞങ്ങള് ഒരു പ്രത്യേക മതിക്കെട്ടിനുള്ളില് കടന്നു. വളരെ വൃക്ഷങ്ങള്. അധികവും പ്ലാവാണ്. കുറെ കോട്ടേജുകള്. കിഴക്കോട്ടു തിരിഞ്ഞുനില്ക്കുമ്പോള് ദൂരെയായി ഇരുവശവും ഓരോ വന്മതിലുകള്. വലതുവശത്തെ മതിലിനപ്പുറം വിശാലമായ സ്വതന്ത്രലോകം. ഇടതുവശത്തെ മതിലിനപ്പുറത്ത്..... പെണ്ജയില്.

ഈ കോട്ടേജുകളോരോന്നും ചെറുമതിലുകളാല് ചുറ്റപ്പെട്ട ലോക്കപ്പുകളാണ്.

എന്നെ അവിടെയുള്ള വാര്ഡര് ഏറ്റുവാങ്ങി. കൂടെ വന്ന വാര്ഡറെ ഞാന്

തൊഴുതു. അയാള് എന്നെയും തൊഴുതിട്ടുപോയി. നല്ല വാര്ഡര്. ദൈവം രക്ഷിക്കട്ടെ!

പുത്തന് വാര്ഡര് എന്നെ ഒരു കോട്ടേജിലേക്കു കൊണ്ടുപോയി. അതിന്റെ ഇരുമ്പുവാതില് തുറന്നു. വളരെ ചെറിയ ഒരു മുറി. മുറിക്കു വെളിയില് ഒരു വശത്തു ദൂരെ കക്കൂസ്. വാതിലിനടുത്തെന്നവണ്ണം പൈപ്പ്. ഞാന് ആ പൈപ്പു തുറന്നു കൈകാല്മുഖം കഴുകി. കുറെ വെള്ളം കുടിച്ച് ഒരു പാത്രത്തില് വെള്ളവുമായി ഈശ്വരനാമം ഉച്ചരിച്ചുകൊണ്ടു വലതുകാല് വച്ചു ചെറുജയിലിന്റെ അകത്തു കയറി.

മതിലുകളുടെ, മതിലുകളുടെ, അനേകമനേകം മതിലുകളുടെ അകത്താണു ഞാന്. വാര്ഡര് ഇരുമ്പഴിവാതില് അടച്ചു താഴിട്ടു പൂട്ടി.

ഞാന് പറഞ്ഞു:

"പൊന്നുസര്ക്കാരിന്റെ ഈ പുതിയ അഗതിക്ക് അത്താഴം തന്നില്ല!

വാര്ഡര് പറഞ്ഞു: "ഇന്നത്തെ കണക്കിലല്ല നിങ്ങള് വന്നത്. നാളെ കാലത്തുമുതല് കിട്ടും!'

ഞാന് പറഞ്ഞു: “എന്നാല്, എന്നെ തുറന്നുവിടൂ. നാളത്തെ കണക്കില് വരാം!

വാര്ഡര് ചോദിച്ചു:

'കേസ്സെന്താണ്? ഞാന് പറഞ്ഞു:

"എഴുത്ത്... രാജദ്രോഹം.

വാര്ഡര് ഞെട്ടിത്തെറിച്ച മട്ടില് പറഞ്ഞു:

"രാജദ്രാഹം....! ശ്രീപത്മനാഭാ! രക്ഷിക്കണേ! * രാജഭക്തന്! ലോക്കപ്പിന്റെ കമ്പിയഴിവാതിലിനു വെളിയിലായി മുകളില് ഭയങ്കര വെളിച്ചമുള്ള ഒരു ബള്ബ് തെളിഞ്ഞു. വാര്ഡര് പോയി. പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിലെ ചെറിയ ജയിലില് ഞാന് തനിച്ച്.

ഞാനും അനന്തതയും!

ഞാന് ജമുക്കാളം ശരിപ്പെടുത്തി. പാത്രങ്ങള് മൂലയില് വെച്ചു. സന്ധ്യ മയങ്ങിവരികയാണ്. ഞാനും ലോക്കപ്പിനകവും നല്ല വെളിച്ചത്തിലാണ്. ഞാന് ഇന്നത്തെ കണക്കിലുള്ളവനുമല്ല! ദൈവമേ, അതുകൊണ്ടു രാത്രി പട്ടിണികിടക്കണം. എന്തെങ്കിലും ആഹാരം വരുത്താന് നന്നായി എനിക്കറിയാം. ഇരുമ്പുവാതില് പിടിച്ചു ഭയങ്കരമായി കുലുക്കി വാര്ഡറെ വിളിച്ചുകൂവി ബഹളമുണ്ടാക്കാം. ജയിലര്, സൂപ്തണ്ട് മുതലായവരെ വരുത്തുകയും ചെയ്യാം. അങ്ങനെ ആഹാരം കിട്ടും. ഞാന് വിചാരിച്ചു, വേണ്ട. സാഹിത്യത്തിന്റെ പേരില് എന്തെങ്കിലുമൊക്കെ ചെറിയ ത്യാഗം അനുഷ്ഠിക്കണമല്ലോ. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കുറെ ഏറെ അടി ഇടിയൊക്കെ വാങ്ങിച്ചിട്ടുണ്ട്. വളരെ ദയവോടെ തോക്കിന്റെ പാത്തികൊണ്ട് എന്റെ നെഞ്ചത്തിടിച്ച് എന്നെ പതുക്കെ വീഴ്ത്തിയിട്ടുണ്ട്. തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ കുറെ പ്രാവശ്യം ജയിലിലും കിടന്നു. ഇനിയോ? ഇപ്പോഴത്തെ ഈ ജയില് വാസം സാക്ഷാല് സാഹിത്യത്തിനു വേണ്ടിയത്രെ...!

രാഷ്ട്രീയവുമുണ്ട്. ഓര്ത്തപ്പോള് ശകലം അഭിമാനമൊക്കെ തോന്നി. കുറെ വെള്ളം കുടിച്ചു. ബ്ലേഡ് എടുത്തു തീപ്പെട്ടിക്കമ്പു രണ്ടായി പിളര്ക്കാന് മറന്നു. ഒരു മുഴുവന് കോലുതന്നെ കത്തിച്ചു രാജകീയമട്ടില് ഒരു ബീഡി വലിച്ചു. അഞ്ചാറു വലി വലിച്ചതിനുശേഷം ബീഡി കെടുത്തിവെച്ചു. ധൂര്ത്തു നല്ലതല്ല!

അങ്ങനെ ഇരുന്നു ഞാന് ശ്രദ്ധിച്ചു. സ്ത്രീയുടെ ചിരി കേള്ക്കുന്നില്ല! പെണ്ണിന്റെ മണം അനുഭവപ്പെടുന്നില്ല! എന്താണു കാരണം? ഞാനിരിക്കുന്നത് പെണ് ജയിലിന് അടുത്താണുതാനും. നീ എവിടെയാണ് പെണ്ണേ?

പെണ്ണിന്റെ ആ, ആദിമമായ മണം ഒരുപക്ഷേ, എന്റെ ഭാവനയായിരിക്കുമോ....? പണ്ട്... അനന്തകോടി മന്വന്തരങ്ങള്ക്കു മുമ്പ്... ആദമായി ഏദന്തോട്ടത്തില് ഉണര്ന്നപ്പോള് അനുഭവപ്പെട്ട ഹവ്വയുടെ അത്ഭുതകരമായ മണം.....! എന്റെ ആത്മാവില് സംഭരിച്ചു വെച്ചിരുന്നതായിരിക്കാം... മരുഭൂമിയില് ദാഹിച്ചുവലഞ്ഞു തളര്ന്ന യാത്രക്കാരന് കാണുന്ന തെളിനീര്തടാകം വെറും മരീചിക... അതുപോലെ എല്ലാം മാഞ്ഞുപോയി. പക്ഷേ, ഉണര്ന്ന ആത്മാവ്... വിടര്ന്ന നാസാരന്ധ്രങ്ങള്... പൊട്ടാന് പോകുന്ന ഹൃദയം... പെണ്ണ

എവിടെ ആ മനോഹരശബ്ദം...? എവിടെ എവിടെ ആ മാദകപരിമളം? ഞാന് ഇരുമ്പഴികളിലൂടെ വെളിയിലേക്കു നോക്കി. വെളിച്ചത്തിന്റെ ഉത കാരണം ഒന്നും കാണാന് വയ്യ. ലോകത്തെ ഇരുള് മൂടിക്കഴിഞ്ഞു. എന്നാല്, ഇരുട്ടിനെ ശരിക്കു കാണാനും വയ്യ.

ഒന്നു മനസ്സിലായി. ഞാനിതുവരെ ഇരുട്ടു കണ്ടിട്ടില്ല....! ഒന്നും കാണാന് കഴിയാത്ത അത്ഭുതകരമായ ആദിമമായ കൂരിരുളേ! അന്തമില്ലാത്ത ആകാശവിശാലതയില് മിന്നി, മിന്നിത്തിളങ്ങുന്ന നക്ഷത്രകോടികളേ ചന്ദ്രികാചര്ച്ചിതമായ മോഹന, മോഹനരാവേ!

നിങ്ങളെ... നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ...?

ഇതു ശരിയല്ല! കണ്ടിട്ടുണ്ട്. എല്ലാം ഞാന് കണ്ടിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലന്നു മാത്രം. രാത്രിയുടെയും മറ്റും സൗന്ദര്യം ആരു വകവെക്കുന്നു! ആരു ശ്രദ്ധിക്കുന്നു?

യാമിനി

ഓര്ത്തപ്പോള് പണ്ടത്തെ ഒരു സുന്ദരരാത്രി ഓര്മ വന്നു. ഒരു ചെറുഗ്രാമം. പിന്നെയങ്ങോട്ട് ആയിരമായിരം മൈല് വെറും പൊടിമണല് നിറഞ്ഞ മരുഭൂമി. ചക്രവാളം, മഹാചക്രവാളം നിറയെ. ഇതുപോലുള്ള ഒരു സന്ധ്യ. ഞാന് ആ മരുഭൂമിയിലേക്കിറങ്ങി. ഏതാണ്ട് ഒരു മൈല് നടന്നുകാണും... ചുറ്റും വെണ് പട്ടുവിരിച്ചതുപോലെ.... മണല്പ്പരപ്പുമാത്രം. ഞാന് ആ മഹാപ്രപഞ്ചത്തിന്റെ ഒത്ത നടുക്കു തനിച്ച്... തനിച്ച്... തലയ്ക്കു മീതെ കൈയെത്തിച്ചു തൊടാവുന്ന ഉയരത്തില് തെളിവേറിയ പൂര്ണചന്ദ്രന്. കഴുകി വെടിപ്പാക്കിയ നീലാകാശം. പൂര്ണചന്ദ്രനും നക്ഷത്രങ്ങളും.

വളരെ മുഴുപ്പോടെ തിളങ്ങുന്ന നക്ഷത്രങ്ങള്. കോടി.... അനന്തകോടി....

എണ്ണമില്ലാത്ത നക്ഷത്രങ്ങള്. പൂര്ണവൃത്തത്തില് ചന്ദ്രന്.

നിശ്ശബ്ദപ്രപഞ്ചം.... എന്നാല്.... എന്തോ.... ഏതോ ദിവ്യമായ നിശ്ശബ്ദസംഗീതംപോലെ... നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം... എല്ലാം അതില് മുഴുകിപ്പോയിരിക്കുന്നു. ആനന്ദാദ്ഭുതത്തോടെ ഞാന് നിന്നു. എന്റെ അദ്ഭുതവും ആനന്ദവും കണ്ണുനീരായി മാറി. ഞാന് കരഞ്ഞു. ആവതില്ലാതെ ഞാന് കരഞ്ഞുകൊണ്ട് മനുഷ്യരുടെ ഇടയിലേക്ക് ഓടി.

"ലോകാലോകങ്ങളുടെ സ്രഷ്ടാവേ...! എന്നെ രക്ഷിക്ക്. എനിക്കിതെന്നില് ഉള്ക്കൊള്ളാന് തീരെ കഴിയുന്നില്ല. നിന്റെ ഈ മഹാപ്രാഭവം...ഈ മഹാത്ഭുതം.. ഞാന് വളരെ ചെറിയ ഒരു ജീവിയാണല്ലോ. എനിക്കു വയ്യ; എന്നെ രക്ഷിക്ക്! പിന്നീടെനിക്ക് ഓര്മവരുന്നത് ജയില് വാര്ഡര് രാവിലെ വന്നു താഴു തുറന്ന്

ഇരുമ്പഴികളില് പിടിച്ച് ഒന്നു കുലുക്കിയപ്പോഴാണ്. "സെലാം പ്രപഞ്ചമേ!' ഞാന് എണീറ്റു. കഷണം ബീഡിയും കത്തിച്ചു പോയി രാജകീയമട്ടില്ത്തന്നെ പ്രഭാതകൃത്യങ്ങള് ആരംഭിച്ചു.

പല്ലു തേച്ചത് ഒരു ആര്യവേപ്പിന്റെ കമ്പുകൊണ്ടാണ്. പണ്ട് ഞാന് ഹിമാലയസാനുക്കളില് ഇതുപോലെ ആര്യവേപ്പിന്കമ്പുകൊണ്ടു പല്ലുകള് വൃത്തിയാക്കിയിരുന്നു. പൈപ്പിനു താഴെ നിന്നു രാജകീയമട്ടില്ത്തന്നെ കുളിച്ചു. എന്നിട്ട് ജയില് ഉടുപ്പുകള് ധരിച്ച് കഞ്ഞിക്കുള്ള പാത്രം എടുത്തു കഴുകിയിട്ട് നേതാക്കന്മാരെ കാണാന് പോയി. അവിടെയുള്ളവരെല്ലാംതന്നെ നേതാക്കന്മാരാണ്. എല്ലാവരെയും കണ്ടുകഴിഞ്ഞപ്പോള് വലിയ ഒരു പാത്രത്തില് കഞ്ഞി വന്നു. സമൃദ്ധമായി ചട്ട്ണിയും ചേര്ത്തു കഞ്ഞി കുടിച്ചു. വാസ്തവത്തില് കഴിച്ചത് “കഞ്ചോ' യാണ്. ഈ കബോയുടെ വിധി ശരിക്കു പറയാം. കഞ്ഞിവെള്ളം ആദ്യം കുറെയേറെ അങ്ങുവലിച്ചുകുടിക്കുക. എന്നിട്ട് ചട്ട്ണിയിട്ടു കുഴച്ചു സ്റ്റൈലനായി വാരിവാരി ചോറ് ഉണ്ണുക. അതിനുശേഷം കൈയ്, വായ്, പാത്രം ഒക്കെ കഴുകണം. അതിനുശേഷം പച്ചവെള്ളം ലേശം കൂടി കുടിക്കുക... ജീവിതം പരമസുഖം! ഇങ്ങനെ സുഖം വരുത്തിയതിനുശേഷം ഒരു തീപ്പെട്ടിക്കോല് രണ്ടായി കീറി ഒരു ബീഡി കത്തിച്ചു വലിച്ചു. അതു കെടുത്തിവെച്ചിട്ട് ജയിലിനകത്തെ ലോകം കാണാന് ഇറങ്ങി. എന്നുവച്ചാല് ജയില് ആകെ ഒന്നു സന്ദര്ശിക്കാന് തന്നെ. എനിക്കു തേയില വേണം. പഞ്ചസാര വേണം. ജയിലാണെങ്കിലും ശകലം ചായ കുടിക്കണം. കടുംചായ മതി. നേതാക്കന്മാരുടെ പക്കല് തേയിലയുമില്ല, പഞ്ചസാരയുമില്ല. ഒരുഗന് നേതാവിന്റെ കൈയില് രഹസ്യമായി "ഇനോസ് ഫ്രൂട്ട്സാള്ട്ട്' ഉണ്ട്. അതില്ലാതെ അദ്ദേഹത്തിനു പ്രഭാതകൃത്യങ്ങള് ആരംഭിക്കാന് തന്നെ വയ്യ. വേറൊരു മൊശടന് നേതാവിന്റെ പക്കല് രഹസ്യമായുള്ളത് കാറല് മാര്ക്സിന്റെ 'ക്യാപ്പിറ്റല്' എന്ന തകര്പ്പന് പുസ്തകമാണ്. വേറൊരു രസികന് നേതാവിന്റെ പക്കല് രഹസ്യമായി രണ്ടുകുത്തു ചീട്ടുകളുണ്ട്; എന്നെ ബ്രിഡ്ജ് എന്ന അദ്ഭുതകളി പഠിപ്പിക്കാം!ഞാന് നേതാക്കന്മാരെ വര്ജിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള് രാജകീയനിലയില് "ഡീലക്സ് ലൈഫ് ആണ്

നമ്മുടേത്!

നമ്മുടെ കൂടിന്റെ മൂലയില് രണ്ടിഷ്ടികകളുണ്ട്. അടുത്തുതന്നെ പ്ലാവിന്റെ വണ്ണം കുറഞ്ഞ ഉണക്കക്കൊമ്പുകള് ഒരു കെട്ട്. അതിനടുത്ത് ഒരു ചെറിയ പാത്രം. ചായ ഉണ്ടാക്കാനാണ്. തേയിലയും പഞ്ചസാരയും രണ്ടു കടലാസുകെട്ടുകളില് കിടക്കയുടെ അടിയില് ചെറുതലയിണകളായി പ്രശോഭിക്കുന്നു. പിന്നെ ഒരു ഡീലക്സ് ചക്കി. ഇഷ്ടംപോലെ ബീഡി. എഴുതാനുള്ള കടലാസുകള്. പെന്സില്. ഒരു വലിയ കത്തി. ഈ കത്തി ജയില് പണ്ട് സദയം എനിക്കു പ്രത്യേകമായി അനുവദിച്ചുതന്നതാണ്... മാവ് പതിവെക്കുക, ഒട്ടിക്കുക, ചെടികള് നട്ടുവളര്ത്തുക എന്നീ കലയില് നൈപുണ്യമുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. എന്റെ ലോക്കപ്പെന്ന ചെറുജയിലിന്റെ നേരെ മുന് വശത്ത ദീര്ഘചതുരത്തില് ഒരു മുറ്റമുണ്ടാക്കിയിട്ടുണ്ട്. മുറ്റത്തിന്റെ അതിരുകള് മുഴുവനും വിടര്ന്നു പരിമളം പരത്തുന്ന പനിനീര്ച്ചെടികളാണ്. പിന്നെ ഊണിനു മീന് വറുത്തത്, കോഴിമുട്ട, കരള്, ഒരു സ്പെഷ്യല് ചട്ട്ണി... ഈ ഐശ്വര്യപൂര്ണമായ രാജകീയജീവിതത്തിന്റെ തുടക്കം രാവിലെ കഞ്ഞി കൊണ്ടുവരുന്ന മഹാന്മുതലാണ്. അദ്ദേഹം ഒരു ചുവന്ന തൊപ്പിക്കാരനാകുന്നു. എന്നു പറഞ്ഞാല് ഒരാളെ കൊന്നിട്ടുണ്ട്! തൂക്കിലിട്ടില്ല. ജീവപര്യന്തം കഠിനതടവ്. വട്ടമുഖവും മന്ദഹസിക്കുന്ന കണ്ണുകളുമുള്ള ഒരു

വെളുത്ത തടിയനാകുന്നു അദ്ദേഹം. ഞാന് കാലത്തെ എണീറ്റു ചില്ലറ കസര്ത്തെല്ലാം ചെയും. ചെറിയ തോതില് ഫയവാനാണല്ലോ. എന്റെ പനിനീര്തോട്ടത്തിനടുത്ത് വളരെ ഉയരത്തില് പോകുന്ന, വണ്ണം കുറഞ്ഞ ഒരു പ്ലാവുണ്ട്. അതിന്റെ താഴത്തുള്ള കൊമ്പ് എന്റെ തുടയുടെ വണ്ണമുള്ളതാണ്. അതു ഞാന് ബാറാക്കി അതിലും ചില കസര്ത്തുകള്ചെയും. ഇതെല്ലാം കഴിഞ്ഞ് കുളിച്ചുവരുമ്പോള് അദ്ദേഹം (ചിരിക്കുന്ന കണ്ണുകളുള്ള ചുവന്ന തൊപ്പി) എന്റെ കബോയും ഒരു സ്പെഷ്യല് ചട്ട്ണിയും ലോക്കപ്പുമുറിയില് മൂടിവെച്ചിട്ടുണ്ടാവും. കഞ്ഞി എന്ന ഡിപ്പാര്ട്ടുമെന്റില്ല. ചോറാണ്. എന്നാല്, ചോറാണോ? കുറച്ചു കഞ്ഞിവെള്ളവുമുണ്ട്. ആദ്യമായി എനിക്കു കഞ്ഞി ഒഴിച്ചുതന്നപ്പോള് അദ്ദേഹം പതുക്കെ എന്നോടു പറഞ്ഞു: “ആശുപത്രി ഓര്ഡിയെ ചെന്നു കാണണം. ചായ ഉണ്ടാക്കിവെച്ചേക്കും!

ഞാന് ചെന്നു. ഞാന് കണ്ടു. കറുത്തു മെലിഞ്ഞ ഒരു സിംബ്ലന് മീശക്കാരന്. നല്ല വെളുത്ത പല്ലുകള്. സുന്ദരമായ ചിരി. എന്റെ ഒരു പഴയ സ്നേഹിതനാണ്. അദ്ദേഹത്തിന്റെ നാട്ടില് ഞാന് താമസിച്ചിട്ടുണ്ട്. അദ്ദേഹം ഒരു തീവെയ്പുകേസില്പെട്ടു. അക്കൂട്ടത്തില് രണ്ട് ആളുകളെയും കൊന്നിട്ടുണ്ട്. ചുവന്ന തൊപ്പി. ജീവപര്യന്തം കഠിനതടവ്. സ്വഭാവഗുണംകൊണ്ടും വിദ്യാഭ്യാസം കൊണ്ടും ആശുപത്രി ഓര്ഡരിയായി. തേയില, പഞ്ചസാര, മുട്ട, കരള്, റൊട്ടി, പാല്, ബീഡി എന്നിത്യാദികള്ക്കു മേലില് ഞാന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല... അങ്ങനെ നോക്കുമ്പോള് റോസച്ചെടികളുടെ ഒരു വനം. ആശുപത്രിയുടെ പിറകില്. വേരുപൊട്ടിക്കാതെ മണ്ണോടെ കൊണ്ടുവന്നു നട്ടതാണ്. എന്റെ ചിന്നജയിലിന്റെ മുന്വശത്തുള്ള പനിനീര്തോട്ടം! എന്റെ പൂന്തോട്ടം കണ്ടപ്പോള് നേതാക്കന്മാര്ക്കും വേണം അത്തരത്തിലൊന്നു വീതം! എല്ലാവര്ക്കും ഓരോന്നുണ്ടാക്കിക്കൊടുത്തു. നേതാക്കന്മാര് പുറംലോകവുമായി സമ്പര്ക്കം പുലര്ത്തി വന്നു. ജയില് വാര്ഡര്മാര്വഴിയാണ്. എഴുത്തുകള് കൊണ്ടുപോകും. എഴുത്തുകള് കൊണ്ടുവരും. അതിനൊക്കെ പണച്ചെലവുണ്ട്. വെളിയില് നിന്നു രാത്രികാലങ്ങളില് ചില പൊതികള് ഉയര്ന്ന മതിലിനു മീതെകൂടി അകത്തു വീഴും! കാലത്തേ നേതാക്കന്മാര് അതെല്ലാം പെറുക്കിയെടുക്കും. കായ് വറുത്തത്, ശര്ക്കരയുപ്പേരി, നാരങ്ങാ അച്ചാറിട്ടത് മുതലായവ, ചിലപ്പോള് ചെറിയ ടിന്നുകളും പാട്ടകളും പെറുക്കാന് ഞാനും കൂടും. ഒരു ദിവസം ഒരു നേതാവ് എനിക്കു ശകലം നാരങ്ങാ ഉപ്പിലിട്ടതു തന്നു. ഹാ, എന്തൊരു രുചി! എത്ര അമൂല്യമായ ഒരു പദാര്ത്ഥം....അതു തന്നപ്പോഴുള്ള അദ്ദേഹത്തിന്റെ ആ മുഖഭാവം... അതിന്റെ ഗുണഗണങ്ങളെപ്പറ്റി ഒരു മഹാകാവ്യംതന്നെ രചിച്ചുകൊടുത്താലും നമ്മുടെ കടമ തീരുകില്ല!

ഞാനങ്ങനെ എന്റെ സുഹൃത്തുക്കളും ശിഷ്യന്മാരുമായ ചുവന്ന തൊപ്പിക്കാരോടു ചേര്ന്ന് സസുഖം വാണരുളുന്നു. ഒന്നിനും ഒരല്ലലുമില്ല. ചിലപ്പോള് ഞാന് പെണ്ജയില്ഭാഗത്തേക്കു നോക്കും. ഭീകരവും പൈശാചികവുമായ മതില്...! ഞാന് കേട്ട ചിരി ഓര്ക്കും. അനുഭവപ്പെട്ട മണവും....! ഞാന് ആ പൂന്തോട്ടത്തിന്റെ അടുത്തുള്ള പ്ലാവില് വലിഞ്ഞുതൂങ്ങി കയറും. നേതാക്കന്മാരും മറ്റും ഊണുകഴിഞ്ഞ് ഉച്ചയ്ക്കൊന്നു മയങ്ങുന്ന സമയത്താണ്. പ്ലാവിന്റെ ഉച്ചിയില് ഞാന് കയറി നില്ക്കും.... സ്വതന്ത്രലോകത്ത് അല്ലെങ്കില്, എന്തു സ്വതന്ത്രലോകം? ഭൂഗോളംതന്നെ ഒരു വലിയ ജയിലാണല്ലോ. ഏതായാലും വനമതിലിനു വെളിയില്... ദൂരെ... ദൂരെയുള്ള റോഡേ സ്ത്രീപുരുഷന്മാര് ഈ ചെറിയ ജയിലിലെ വിവരമൊന്നുമറിയാതെ നടന്നുപോകുന്നു.

സുഹൃത്തുക്കളെ, ഒന്നിങ്ങോട്ടു തിരിഞ്ഞുനോക്ക്...! ഞാന് പറയുന്നത് സ്ത്രീജനങ്ങളോടാണ്. ഒന്നു തിരിഞ്ഞുനോക്കൂ! നിങ്ങളെ ഒന്നു കണ്ട് കണ്കുളിര്പ്പിക്കട്ടെ! അങ്ങനെ കുറെകഴിഞ്ഞു താഴെയിറങ്ങിപ്പോരും. ഞാന് ഈ പറയുന്നത് ജയിലിലുള്ള ഓരോ പുരുഷനും പറയാന് കഴിയും. എന്റെ വിചാരവികാരങ്ങള്തന്നെ ഓരോ ജയില്പ്പുള്ളിയുടേതുമെന്ന് വിചാരിക്കുക. ഞങ്ങളുടെ ഏകാന്തരാത്രികള്... ഞങ്ങളുടെ ഏകാന്തചിന്തകള്... ഞങ്ങളുടെ ലൈംഗികസ്വപ്നങ്ങള്. ഏതായാലും ഞങ്ങളുടെ ഹൃദയങ്ങളിലേക്കു ചുഴിഞ്ഞിറങ്ങാതിരിക്കുന്നതാണു നല്ലത്.

ഞാനെന്റെ പനിനീര്തോട്ടത്തിന്റെ നടുക്ക് ചുമ്മാ നില്ക്കും. ചുറ്റും വിടര്ന്നു സൗരഭ്യം പരത്തുന്ന പുഷ്പങ്ങള്. സൗന്ദര്യമുണ്ട്. മണവുമുണ്ട്. പക്ഷേ, എന്തോ ഒന്നില്ല. ആരുടെയോ എന്തിന്റെയോ ഒരഭാവം... എന്താണത്?

വേണ്ട, ഈ ചിന്തകള് നല്ലതല്ല. പെണ്ണിലേക്കാണു ചിന്തകളെല്ലാം പോകുന്നത്. ഞാന് എണീറ്റു നടന്നു. പലേ മതിലുകള്. പലേ വാതിലുകള്. എല്ലായിടത്തും വാര്ഡര്മാരുണ്ട്. വാര്ഡര്മാരുടെ കണ്ണില്പ്പെടാതെ ജയിലില് ഒന്നും നടത്താന് സാധ്യമല്ല. ഉയരത്തില് നിന്നു നോക്കാന് വലിയ ഗോപുരവുമുണ്ട്.

ഞാന് ആ ഗോപുരത്തിന്റെ പരിസരത്തുകൂടി നടക്കുകയാണ്. അപ്പോള് ഒരു കാഴ്ച കണ്ടു. ഞാന് നിന്നു ചിരിച്ചുപോയി. അത്രയ്ക്കു നല്ലാരു വരവ്...! കൂച്ചുചങ്ങലകളിട്ട ഒരു മദയാന. അല്ല... മനുഷ്യന്. കറുത്ത തൊപ്പി. വെളുത്ത നീണ്ട ഒത്ത വണ്ണമുള്ള ഒരു യുവാവ്. തേജോമയങ്ങളായ കണ്ണുകള്, തല എടുത്തുപിടിച്ചു പിറകോട്ടു വളഞ്ഞു ബുദ്ധിമുട്ടി നടക്കുന്നു. കഴുത്തില്നിന്നും രണ്ടു ചങ്ങലകള് പുറത്തുകൂടി കാലുകളില് തളച്ചിരിക്കുന്നു. അതിന്റെ വലിവാണ് ആ വളവ്. ജയില് ചാടാന് ശ്രമിച്ച വല്ല കള്ളനുമാണോ? ഞാന് അടുത്തു ചെന്നു സ്തബ്ധനായി നിന്നുപോയി... എന്റെ ഒരു പഴയ ക്ലാസ്മേറ്റാണ്. ഞങ്ങളുടെ കണ്ണുകള് നോക്കി. ഞങ്ങളുടെ മനസ്സുകള് ഓര്മിച്ചു. ഞങ്ങള് ചിരിച്ചു. ഞങ്ങള് പലേ വര്ത്തമാനങ്ങളും പറഞ്ഞു. പിന്നെയും ഞങ്ങള് ചിരിച്ചു. മൂപ്പര് എന്നെ എങ്ങനെയെങ്കിലും രഹസ്യമായി കാണാന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്

ഞാന് ചോദിച്ചു:

“ആരെയെങ്കിലും പറഞ്ഞയയ്ക്കാന് വയ്യായിരുന്നോ?'

"നമ്മള് തമ്മില് പരിചയമുണ്ടെന്ന്... ആളുകളറിഞ്ഞാല് നിങ്ങള്ക്കു

കുറച്ചിലല്ലേ? “നിന്റെ സ്നേഹിതനാണെന്നു പറയെടാ കള്ളബടുക്കൂസേ ഞാന്. പുല്ല

ഞാന് കെട്ടിപ്പിടിച്ചു കവിളില് ഒരു ചുംബനം വെച്ചുകൊടുത്തു. അതു ഞാന് ജയിലിലെ ഓരോരുത്തരെയും ചുംബിച്ചപോലെയായി. ഈ ചുംബനവൃത്താന്തം ജയിലാകെ അറിഞ്ഞു. ജയില് രോമാഞ്ചംകൊണ്ടു!

ഈ ചങ്ങലയ്ക്കിട്ട തേജോമയങ്ങളായ കണ്ണുകളുടെ ഉടമസ്ഥന്... ജീവിച്ചിരിക്കുന്ന ജയിലിലെ ഒരു ഇതിഹാസമാണ്. രക്തസാക്ഷിയാണ്!

മൂപ്പര് ഒന്നരക്കൊല്ലത്തെ ശിക്ഷയുമായി വന്ന ഒരു കള്ളനാകുന്നു. ബീഡി, ചെറിയ ചക്കര, ഉണക്കപ്പരവ എന്നിവകളുടെ ബിസിനസ്സുണ്ട് ജയിലില് മൂപ്പര്ക്കിപ്പോഴും. ജയിലില് വന്ന് ഒരാറുമാസം കഴിഞ്ഞപ്പോള് ഒരു ചെറിയ സംഭവമുണ്ടായി. ഒരു ജയില് വാര്ഡന് ഒരു കുശാണ്ടം ഒപ്പിച്ചു. മുമ്പ് ഒരു വാര്ഡറും ചെയ്യാത്തതാണ്. പ്രത്യേകം ശ്രദ്ധിക്കണമിത്. നമുക്ക് ആ വാര്ഡറെ 'കുശാണ്ടവാര്ഡര്' എന്നു വിളിക്കാം. കുശാണ്ടവാര്ഡറുടെ ചൈതി എന്റെ ക്ലാസ്മേറ്റിനു പിടിച്ചില്ല. ഈ ജയിലില് നടക്കുന്ന ബിസിനസ്സിന്റെ ലാഭത്തില് ഒരംശം ഒരുമാതിരി വാര്ഡര്മാര്ക്കെല്ലാമുണ്ട്. ജയിലിനു പുറത്തു ദൂരെ ചില സ്ഥലങ്ങളില് പാറ പൊട്ടിക്കാനും മറ്റുമായി കുറെ അധികം ജയില്പ്പുള്ളികളെ പുറത്തേക്കു കൊണ്ടുപോകും. ആ ഭാഗങ്ങളില് ആള്ക്കാര്പ്പുള്ള ധാരാളം കുടിലുകളുണ്ട്. അവിടെയാണു മൊത്തക്കച്ചവടം. പിന്നെ...! അങ്ങനെ എന്റെ ക്ലാസ്മേറ്റ് ജയിലിലെ ഒരു വലിയ ബിസിനസ്മാനായിത്തീര്ന്നു. ലങ്കോട്ടി വഴിയാണ് പലതും ജയിലിനുള്ളില് വരുന്നത്. ഗേറ്റില് പരിശോധനയുണ്ട്. തുണി ഒന്നുരിഞ്ഞു കാണിക്കണം. കാല്നിമിഷം മതി. ക്ലീന്! എന്താണെന്നുവെച്ചാല് തൊപ്പി, ഷര്ട്ട്, മുണ്ട്, തോര്ത്ത് ഇത്രയും ജയിലില് നിന്നു കൊടുക്കുന്നതാണ്. അതൊക്കെ പരിശോധിച്ചു. അതിലൊന്നും ഒരു ചുക്കും കണ്ടില്ല. ലങ്കോട്ടി ജയിലിന് അജ്ഞാതമാണ്! ഒരുപക്ഷേ, അതു മനുഷ്യരുടെ ഒരു ഭാഗമായിരിക്കാം. ഇങ്ങനെ പോകുന്നു കിസ്സ. ഇതിലൊന്നും കാര്യമായി ശ്രദ്ധിക്കണമെന്നില്ല. ഞാന് പറഞ്ഞുവരുന്നതു വേറെയാണ്. നമ്മുടെ കുശാണ്ടവാര്ഡര് ഒരു കുശാണ്ടം ഒപ്പിച്ചു എന്നു പറഞ്ഞല്ലോ. ആ കുശാണ്ടവാര്ഡറുടെ കരണക്കുറ്റിക്കു രണ്ടു സുന്ദരനീക്ക് എന്റെ ക്ലാസ്മേറ്റ് വെച്ചുകൊടുത്തു....! വിവരം ജയിലാകെ അറിഞ്ഞു. ആയില്തന്നെയല്ല പെണ് ജയിലും. രണ്ടിനും രോമാഞ്ചമുണ്ടായി.....! എന്റെ ക്ലാസ്മേറ്റിനു മുക്കാലിയില് കെട്ടി പന്ത്രണ്ട് നല്ല അടി കിട്ടി. ക്ലാസ് മേറ്റിന്റെ ശിക്ഷ വര്ദ്ധിച്ചു. മൂന്നു കൊല്ലമായി! മുറിവുകള് ഉണങ്ങി.എന്റെ ക്ലാസ്മേറ്റ് ശരിക്കു നടന്നുതുടങ്ങി. വെളിയില് കല്ലു പൊട്ടിക്കാന് പോകണമല്ലോ. പക്ഷേ, കുശാണ്ടവാര്ഡര് അതിന് എതിര്.

“നിങ്ങള്ക്ക് എന്നെ അറിഞ്ഞുകൂടാ. എന്റെ നാടും അറിഞ്ഞുകൂടാ. ന്നാ പിടിച്ചോ! എന്നുള്ള ഉശിരന് മുഖപ്രസംഗത്തോടെ എന്റെ ക്ലാസ്മേറ്റ് വെച്ചുകൊടുത്തു കുശാണ്ടവാര്ഡറുടെ ചങ്കിനു രണ്ടു കുത്ത്. മേമ്പൊടി എന്നവണ്ണം നാഭിക്ക് ഒരു പരമരസികന് തൊഴിയും!

ഇതില് കാര്യമായ തെറ്റൊന്നുമില്ല. ജയിലിനു വെളിയിലായാലും കുശാണ്ടവാര്ഡര് ജയിലില് ചെയ്ത ചൈതികള് കേട്ടാല് അയാളെ ആരും ഓടിച്ചിട്ടടിക്കും. അത്രയ്ക്കു സംസ്കാരശൂന്യമായ പണിയാണ് അയാള് ചെയ്തത്. എന്റെ ക്ലാസ്മേറ്റിനു മുക്കാലിയില് കെട്ടി ഇരുപത്തിനാലടികൂടി കിട്ടി. അദ്ദേഹം അതെല്ലാം നിന്നുകൊണ്ടു. ബോധക്ഷയമുണ്ടായില്ല. ശിക്ഷയങ്ങനെ ആറു കൊല്ലമായി!

ജയിലില് കുശാണ്ടവാര്ഡര് ഒറ്റപ്പെട്ടു. പുള്ളികളായ പുള്ളികളുടെയെല്ലാം നോട്ടപ്പുള്ളിയായി. ഓരോരുത്തരുടെയും കണ്ണുകളില് അയാള് കണ്ടതു കൊലപാതകത്തിന്റെ തിളക്കമാണ്. കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നുകളഞ്ഞെങ്കിലോ? വെളിയില് അത്യാവശ്യമായ ജോലിയുണ്ടെന്നുള്ള കാരണം പറഞ്ഞ് കുശാണ്ടവാര്ഡര് പേടിച്ചു ജോലി രാജിവച്ചുപോയി!

ജനങ്ങള് ഒറ്റക്കെട്ടായി നില്ക്കണം എന്നൊക്കെ പറയാറുണ്ടല്ലോ. ജയിലില് ഒറ്റക്കെട്ടായിത്തന്നെ നിന്നു! കല്ലുപൊട്ടിക്കാന് വെളിയില് പോയില്ലങ്കിലും ജയിലിലെ കച്ചവടമെല്ലാം നടത്തുന്നത് എന്റെ ക്ലാസ്മേറ്റാണ്

ഈ വിധമെല്ലാം പരമസൗഖ്യത്തില് ഞാന് ജീവിക്കുന്നു. അത്യാവശ്യസാധനങ്ങളെല്ലാം എന്റെ കൂട്ടിലുണ്ട്. ഇത് ഒട്ടു മിക്ക ആളുകള്ക്കും അറിയാം. പലപ്പോഴും ഒരു അസിസ്റ്റന്റ് ജയിലര് എന്റെ ലോക്കപ്പില് വരും. ഹാറ്റും കാക്കി ഷര്ട്ടും കാക്കി പാന്റും ഷൂസും ധരിച്ച വിനോദപ്രിയനായ ഒരു വെളുത്ത ചെറുപ്പക്കാരന്. അദ്ദേഹത്തെ അനിയന്ജയിലര് എന്നാണ് പുള്ളികള് വിളിക്കുന്നത്. അദ്ദേഹം എന്റെ അടുത്തു വരുന്നത് ലോക്കപ്പ് പരിശോധിക്കാനല്ല, ചുമ്മാ വര്ത്തമാനം പറയാനാണ്. അദ്ദേഹത്തിനു ചെറിയ ഒരു അള്സേഷ്യന് നായയുണ്ട്. ജോക്കര് എന്നാണ് അവന്റെ പേര്. അവന്റെ പരിശീലനം, വ്യായാമം, ആഹാരം എന്നി വിഷയങ്ങളെപ്പറ്റി ഞങ്ങള് സംസാരിക്കും. ഞാന് കുറെയധികം പട്ടിക്കഥകള് പറയും. അനിയന് അതെല്ലാം കേള്ക്കാന് ബഹുരസമാണ്. ഞാന് അദ്ദേഹത്തിനു കടുംചായ ഉണ്ടാക്കിക്കൊടുക്കും. എന്റെ പക്കല് തേയിലയും പഞ്ചസാരയുമുണ്ടെന്നു മിക്കവര്ക്കും അറിയാം. വെളുപ്പിന് അഞ്ചുമണിക്കു തൂക്കിക്കൊല്ലാന് പോകുന്ന ചില പുള്ളികള്ക്കു രാത്രി ലേശം ചായ കുടിക്കണമെന്നു തോന്നും. വാര്ഡര് എന്നെ വിളിച്ചെണീപ്പിച്ചു വിവരം പറയും. ഞാന് കടുംചായയുണ്ടാക്കിക്കൊടുത്തയയ്ക്കും. ഒന്നുരണ്ടു ബീഡിയും തീപ്പെട്ടിയും. ധൈര്യമായിരിക്കാന് പറഞ്ഞയയ്ക്കും. മരണത്തെ രണ്ടു വിധത്തില് നേരിടാമെന്നു പറഞ്ഞയയ്ക്കും. കരഞ്ഞുകൊണ്ട്; ചിരിച്ചുകൊണ്ട്... എങ്ങനെയായാലും മരിക്കും. ആയതിനാല് ചിരിച്ചുകൊണ്ടുതന്നെ മരണത്തെ നേരിടുക! മംഗളം

അപ്പോഴൊക്കെ ഞാന് ഉറങ്ങാതിരിക്കും. അഞ്ചുമണിക്കുള്ള തൂക്കിക്കൊല്ലല് കഴിഞ്ഞ് ആറുമണിക്കേ ഞാന് കിടക്കൂ. മയങ്ങിപ്പോകുമ്പോഴായിരിക്കും, നേതാക്കന്മാര് ആരെങ്കിലും വന്ന് എന്നെ വിളിച്ചുണര്ത്തുന്നത്. ഇതു ദോഹബുദ്ധിയോടെയല്ല. ഞാന് മരണത്തിനു കൂട്ടിരിക്കയായിരുന്നു എന്നവര്ക്കറിഞ്ഞുകൂടല്ലോ.

അവിടെ വാദപ്രതിവാദങ്ങളും പൊട്ടിച്ചിരിയുമാണ്. ആകെക്കൂടി ഒരു ചെറിയ ടൗണ്. തര്ക്കങ്ങള്, ഒച്ച, ചിരി, ബഹളം. ചിലപ്പോള് അനിയന്ജയിലറുടെ കൂടെ ജയില്പ്രണ്ടും വരും. നേതാക്കന്മാരുമായി വര്ത്തമാനം പറഞ്ഞിട്ട് എന്റെ പൂന്തോട്ടത്തില് വരും. എനിക്കു വൃക്ഷങ്ങളെയും ചെടികളെയുമൊക്കെ വലിയ ഇഷ്ടമാണ്. ഓരോ വൃക്ഷത്തെയും ഓരോ ചെടിയെയും ഞാന് സ്നേഹിക്കുന്നു. ഞാന് വര്ത്തമാനം പറഞ്ഞാല് ചെടികള്ക്കും വൃക്ഷങ്ങള്ക്കും മനസ്സിലാകും എന്നുവരെ എനിക്കു തോന്നീട്ടുണ്ട്. ജയില്ണ്ടിനും ഇതേ ഭാവമാണ്. ഞങ്ങള് ചെടികളെപ്പറ്റി സംസാരിക്കും, വൃക്ഷങ്ങളെപ്പറ്റി സംസാരിക്കും. അതിന് ഇടേണ്ട വളം, ചെണ്ട ശുശ്രൂഷകള് എല്ലാം. അങ്ങനെ വര്ത്തമാനം പറഞ്ഞുകൊണ്ടു ഞങ്ങള് നടക്കും. ജയില്ണ്ടിന്റെ വീട്ടില് ഒരു ആറു ചട്ടി നല്ല റോസാച്ചെടികളുണ്ട്. അതെല്ലാം ഈയുള്ളവന് കൊടുത്തയച്ചതാണ്. ഈ ജയില് സൂപ്രണ്ടുമായുള്ള എന്റെ കൂട്ടുകെട്ട് എന്റെ സുഹൃത്തുക്കളായ ചില ചുവന്ന തൊപ്പിക്കാര്ക്ക് ഇഷ്ടമായില്ല. അയാളുടെ ശുപാര്ശ കൂടാതെ ഇവിടെ ജീവിക്കാന് വയ്യ? എന്തിനയാളോടു ചിരിച്ചുകുഴഞ്ഞു വര്ത്തമാനം പറയുന്നു? അയാളല്ല എന്റെ ക്ലാസ്മേറ്റിന്റെ മുക്കാലിയില് കെട്ടിയുള്ള അടി രണ്ടു ഡസനാക്കിയത്? ആ അനിയന്ജയിലര് അയാളെക്കാള്

എത്രയോ നല്ലവന്

സംഭവങ്ങളുടെ പോക്കു കണ്ടോ? ഏതെങ്കിലും ഒരു പാര്ട്ടിയില് ചേരുകതന്നെ വേണം! ഒരു ചേരിയിലും ചേരാതെ ഒരു സ്വതന്ത്ര മനുഷ്യനായി എല്ലാവരെയും സ്നേഹിച്ചുകൊണ്ടു ജീവിക്കാന് സാദ്ധ്യമല്ല!

ഞാന് അധികവും കൂട്ടില്ത്തന്നെയാണ്. അല്ലെങ്കില്, ചെടികളോടോ വൃക്ഷങ്ങളോടോ വര്ത്തമാനം പറഞ്ഞുകൊണ്ടു നില്ക്കും. ഇങ്ങനെയുള്ള ഒരു സമയത്ത് അനിയന്ജയിലര് വന്നു പറഞ്ഞു, രാഷ്ട്രീയത്തടവുകാരെ എല്ലാം വിടാന് പോകുന്നു! എല്ലാവര്ക്കും സന്തോഷമായി, ചിരിയും ബഹളവും ആര്പ്പും. എല്ലാവരുടെയും വസ്ത്രങ്ങള് അനിയന്ജയിലര് വരുത്തിച്ചു തന്നു.

അതെല്ലാം അലക്കി ഇസ്ത്രി ഇടീച്ചു കടലാസുപൊതികളിലാക്കിവച്ചു. സമൃദ്ധമായി എല്ലാവരും മുടിവെട്ടിച്ച്, ഷേവ് ചെയ്തു. കൂട്ടത്തില് ഈയുള്ളവന്റെ കഷണ്ടിത്തലയിലെ എളിയ തോതിലുള്ള മുടിയും വെട്ടിച്ചു മുഖവും വടിപ്പിച്ചു. മീശ നിര്ത്തി. സുന്ദരനായി എന്ന വിശ്വാസത്തോടെ സന്തോഷിച്ചു. ഞങ്ങള് പോകാന് തയ്യാറായി.

ഞാന് കള്ളന്മാരും കൊലപാതകികളുമായ സുഹൃത്തുക്കളോടെല്ലാം യാത്ര പറഞ്ഞു. എല്ലാവര്ക്കും കത്തുകളയയ്ക്കാമെന്നു പറഞ്ഞു. എല്ലാവര്ക്കും

പുസ്തകങ്ങളയച്ചുകൊടുക്കാമെന്നേറ്റു. അങ്ങനെ വിടുതല്സമയവും പ്രതീക്ഷിച്ചിരിപ്പായി.

വിടാന് ഓര്ഡര് വന്നു.

വിട്ടു!

ഒരാളെ ഒഴിച്ച്! ഈ പാവപ്പെട്ടവനെ വിടാന് ഓര്ഡര് ഇല്ല! പിശകായിരിക്കും!

അനിയന്ജയിലര് ഓടി. ജയില്ണ്ടിനെക്കൊണ്ട് എനിക്കായി ഒരു സ്പെഷ്യല് ഫോണ് ചെയ്യിപ്പിച്ചു. ശരിതന്നെ! ഈയുള്ളവനെ വിടുന്നില്ല! നല്ലത്. വേണ്ടത്ര പാകത വരാത്തതുകൊണ്ടായിരിക്കും!

നേതാക്കന്മാര് ആഹ്ളാദത്തോടെ യാത്രയായി. ഇനോസ് ഫ്രൂട്ട്സാള്ട്ട്, കാറല് മാര്ക്സിന്റെ ക്യാപ്പിറ്റല്, രണ്ടു പെട്ടി ചീട്ടുകള്, ഒരു ചെറിയ കുപ്പി നിറയെ നാരങ്ങ ഉപ്പിലിട്ടത്, വലിയ ഒരു മിഠായി ടിന് നിറയെ കായ് വറുത്തത്, വലിയ ഒരു പാളപ്പൊതി നിറയെ ശര്ക്കരയുപ്പേരി, കുറെ ഇടിച്ചുകൂട്ടിയ പുകയില, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് എല്ലാറ്റിന്റെയും ഏക അവകാശി ഈയുള്ളവനായിത്തീര്ന്നു.

മന്ദഹാസത്തോടെ നേതാക്കന്മാര് എല്ലാവരും പോയി... ശബ്ദമില്ല, അനക്കമില്ല. ആളൊഴിഞ്ഞുപോയ പട്ടണത്തില് ഞാന് തനിച്ചായതുപോലെ... അല്ലെങ്കിലും ഈ മഹാലോകത്തില് തനിച്ചാണല്ലോ. തീറ്റാന് വിടുന്ന കൂട്ടത്തില്നിന്ന് ഒരു മുട്ടനാടിനെ മാത്രം വിടാതെ പിടിച്ചുകെട്ടിയിരിക്കുന്നു. എന്തിന്? കശാപ്പിനുതന്നെ. ഏതോ വലിയ ആപത്തു വരാന് പോകുന്നതുപോലെ. ചിരിയില്ല, സന്തോഷമില്ല, യാതൊന്നുമില്ല. ആകെക്കൂടി മനസ്സില് രാവും പകലും അല്ലാത്ത ഒരു നില... കാറല് മാര്ക്സിന്റെ ക്യാപ്പിറ്റല് ഞാന് അനിയന് ജയിലര്ക്കു കൊടുത്തു. ശര്ക്കരയുപ്പേരി ആശുപത്രിയിലും മറ്റെല്ലാ സുഹൃത്തുക്കള്ക്കും കൊടുക്കാന് ഏല്പിച്ചു. ചീട്ടുകെട്ടുകള് എന്റെ ക്ലാസ്മേറ്റിനു പ്രത്യേകം കൊടുത്തു. മുറുക്കാനുള്ളത് കഞ്ഞി കൊണ്ടുവരുന്ന കൊലപാതകി ശിഷ്യനു കൊടുത്തു. കായ് വറുത്തത് കുറേശ്ശെ എല്ലാവര്ക്കും കൊടുത്തു... കായ് വറുത്തതു ബാക്കി അരപ്പാട്ട. നാരങ്ങ ഉപ്പിലിട്ടതു മുഴുവനും ഇനോസ് ഫ്രൂട്ട്സാള്ട്ടും എന്റെ ലോക്കപ്പില് ഇരുന്നു. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് "ഇനോസ് ഫ്രൂട്ട്സാള്ട്ട്' ജയിലിനു വെളിയില് വന്മതിലിനു മുകളിലൂടെ വലിച്ചെറിഞ്ഞു. എന്നിട്ടങ്ങനെ ഭയസംഭ്രമങ്ങളോടെ ജീവിച്ചു.

ആകെക്കൂടി ഞാന് പറഞ്ഞില്ല, മനസ്സിനു സുഖമില്ല. എനിക്കെന്താണു സംഭവിക്കാന് പോകുന്നത്? മറ്റുള്ളവരെ നമുക്ക് ഉപദേശിക്കാം. ധീരതയോടെ അഭിമുഖീകരിക്കൂ എന്നെല്ലാം പറയാം; കരഞ്ഞുകൊണ്ടും ചിരിച്ചുകൊണ്ടും. അതുകൊണ്ട് ചിരിച്ചുകൊണ്ടു നേരിടുക!

ദൈവമേ, എനിക്കു ചിരിക്കാന് കഴിയുന്നില്ല. ഞാന് വളരെവളരെ നിസ്സാരനായ ഒരു മനുഷ്യനാണ്. ശുദ്ധ പാവം. എന്നെ രക്ഷിക്കൂ. ഞാന് എന്താണു ചെയ്യേണ്ടത്? രക്ഷപ്പെടുക....! എന്നു പറഞ്ഞാല് ജയില് ചാടാനുറച്ചു. എനിക്കും പുറംലോകത്തിനുമിടയ്ക്കു രണ്ടു ചുവരുകളുണ്ട്. ഒന്നു തുളച്ചു പുറത്തിറങ്ങി മറ്റൊന്നു കയറിയിറങ്ങണം. ജയിലാര്ഡര് രാത്രി കിടന്നുറങ്ങും.

കാറ്റും മഴയും ഇടിമിന്നലുമുള്ള ഘോരരാത്രി വരട്ടെ! ജയില് ചാടാനുള്ള പദ്ധതി താഴെ പറയുന്നവിധം ഞാന് സംഘടിപ്പിച്ചു. എന്റെ

ചിന്നജയിലായ ലോക്കപ്പിന്റെ ചുവര് വളരെ കട്ടിയുള്ളതല്ല. അതു തുരന്നു വെളിയില് ഇറങ്ങാന് എന്റെ പക്കല് ആയുധമുണ്ട്. രാത്രിയുടെ ഏകാന്തതയില് വെളിയില് ഇറങ്ങുന്നു. പിന്നെ ജയിലിന്റെ ഉയര്ന്ന പുരാതന മതില്. അത് ഇഷ്ടികകൊണ്ടു നിര്മിച്ചതാണ്. രണ്ടിഷ്ടികകളുടെ ഇടയില് കുമ്മായമുണ്ട്. ഒരു പത്തുപന്ത്രണ്ടു വലിയ ആണികള് വേണം. കരിങ്കല്ലുകഷണത്തില് തുണി പൊതിഞ്ഞു ശബ്ദമുണ്ടാക്കാതെ ആണി അടിച്ചു കയറ്റണം. അങ്ങനെ മതിലിനു മുകളില് എത്തുന്നു. ജമുക്കാളം, കരിമ്പടം, മുണ്ട്, തോര്ത്തുകള് കയറാക്കി, കയറിന്റെ തുമ്പ് ആണിയില് കെട്ടി പതുക്കെ മറുവശത്ത് ഊര്ന്നു തൂങ്ങി ഇറങ്ങി രക്ഷപ്പെടാം. പ്ലാന് പറ്റും. ആണികള് വേണമല്ലോ....? ജയിലിന്റെ മതിലിനരികില് ഒരു മൂലയില് അനേകമനേകം കക്കൂസ് ബക്കറ്റുകള് തുരുമ്പുപിടിച്ചു ദ്രവിച്ചുകിടപ്പുണ്ട്.... തൂക്കിപ്പിടിക്കാനുള്ള അതിന്റെ വളയങ്ങള് യാതൊരു കേടുപാടും കൂടാതെ വളരെയേറെ കിടപ്പുണ്ട്. ഞാനതെല്ലാം എടുത്തു തല്ലി നിവര്ത്തി ആണികളാക്കി ഒരു സ്ഥലത്തു സൂക്ഷിച്ചു. ഒരു മുപ്പതെണ്ണം. എന്നിട്ടു കാത്തിരിപ്പായി.

വരട്ടെ. കാറ്റും മഴയും ഇടിമിന്നലുമുള്ള ഘോരരാത്രികള് അങ്ങനെ വരുന്നു ഒരു പകല്.

ചുവന്ന തൊപ്പിക്കാരായ എന്റെ കുറെ സുഹൃത്തുക്കളും ശിഷ്യന്മാരും ഒരു വാര്ഡറും കൂടി വന്നു. അവര് പെയിലിന്റെ മതിലിനടുത്ത് ഒരു പച്ചക്കറിത്തോട്ടമുണ്ടാക്കുവാന് പോകുന്നു. വരുന്നോ?

ഇല്ല. എനിക്കൊന്നിലും താല്പര്യമില്ല. ജീവിതത്തിന്റെ ചൂടും വെളിച്ചവും പൊയ്പോയിരിക്കുന്നു. നിങ്ങളുടെ പാട്ടിനു പോ. ആര്ക്കു വേണം പച്ചക്കറി....? കാറ്റും മഴയും ഇടികുടുക്കവുമുള്ള ഘോരരാത്രിയെ പ്രതീക്ഷിച്ചിരിക്കയാണു ഞാന്. എന്നെ ശല്യപ്പെടുത്തല്ലേ!

പക്ഷേ, അവര് വിട്ടില്ല. ചുമ്മാ എന്തിനു മുനിപോലിരിക്കുന്നു? പണ്ടുപണ്ട് ഗുരുവിനോടൊന്നിച്ച് ഇരുണ്ട ഗുഹയില് ധ്യാനിച്ച മുനിയാണു ഞാന് ഞാനും ചെന്നു. ഞാനും സഹായിച്ചു. ഞങ്ങള് തോട്ടമുണ്ടാക്കി. അപ്പോള് ഒരു സുഹൃത്ത് ഒരു വിശേഷം കാണിച്ചുതന്നു. ഒരു മാതിരി ചുവന്ന മതിലിന്റെ താഴത്തു

സിമന്റിട്ടടച്ച വലിയ കറുത്ത പപ്പടം മാതിരി ഒരു വൃത്തം!

മുമ്പ് അതു ഭേദപ്പെട്ട ഒരു വലിയ തുളയായിരുന്നു. അനേക മണിക്കൂറുകളിലെ,

അനേക ദിവസങ്ങളിലെ, അനേക മാസങ്ങളിലെ, അനേകം ആണുങ്ങളുടെ പ്രേമനിര്ഭരമായ നിമിഷങ്ങളിലെ, അത്യദ്ധ്വാനമായിരുന്നു ആ തുള ഹ്ഫൂ! അതങ്ങനെ നിന്നു. ദിവസങ്ങള്, മാസങ്ങള്, വര്ഷങ്ങള് അങ്ങനെ നിന്നു. ജയില്പ്പുള്ളികളെല്ലാം മര്യാദക്കാരും അനുസരണയുള്ളവരുമായി.

ആ തുളവഴി പെയിലും ആണ് ജയിലും മുഖവും മറ്റും കണ്ടിരുന്നു... മുഖവും മറ്റും. ശബ്ദം കേട്ടിരുന്നു. മണം പിടിച്ചിരുന്നു. സന്തോഷം.

പെണ്ണിന്റെ മണം അതുവഴി ആണ്ജയിലില് പരന്നിരുന്നു. പരമസുഖം. സംതൃപ്തി.

ഇതു വളരെ ഭദ്രമായ രഹസ്യമൊന്നുമായിരുന്നില്ല. കണ്ടില്ല, കേട്ടില്ല... അങ്ങനെ പോയി സംഭവം... ഇവിടെ വേണമെങ്കില് ഒരുയര്ന്ന പീഠത്തിലിരുന്ന് സദാചാരത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും ഉഗ്രന് പ്രസംഗങ്ങള് നടത്താം? വാതോരാതെ ഉപദേശിക്കാം...! ചുമ്മാ പോ

എന്നാല്, സര്വഗുണസമ്പൂര്ണനായ ഹേ മഹാത്മാവേ, ഞങ്ങള് കാമക്രോധികളുള്ള വെറും മനുഷ്യരാണ്. ഒട്ടുവളരെ ബലഹീനതകള് ഞങ്ങള്ക്കുണ്ട്. ഞങ്ങളോടു കരുണ കാണിക്കുക. ദൈവത്തിന്റെ അനുഗ്രഹമാണ് ഹേ ആണ് പെണ് ആകര്ഷണത. മറക്കല്ലേ. ആകര്ഷണം! ദൈവത്തിന്റെ ദിവ്യമായ സഹാനുഭൂതിയോടെ വേണം നിങ്ങള് ഞങ്ങളെ നോക്കാന്
2
ലേഖനങ്ങൾ
മതിലുകൾ
0.0
ഏറ്റവും മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന ഒന്നാണ് മതിലുകൾ.ഒരിക്കെലെങ്കിലും ഓരോ പ്രണയിതാവും വായിക്കേണ്ട ഒന്ന്.ശബ്ദത്തിന് ഒത്തിരി പ്രധാനം നൽകുന്ന പുസ്തകം.പ്രണയത്തിന് കാഴ്ച ഒരു തടസമല്ല എന്ന് തെളിയിക്കുന്നു

ഒരു പുസ്തകം വായിക്കുക