shabd-logo

ഒന്ന്

15 December 2023

1 കണ്ടു 1
അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ- ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,

കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ- മാളികയൊന്നിൻ്റെ തെക്കേ മലർമുറ്റത്തിൽ,

വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക- ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,

ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ,

മസൃണശിലാസനത്തിൻ ചെരിഞ്ഞ പാർശ്വത്തിൽ പുഷ്പ- വിസൃമരസുരഭിയാമുപധാനത്തിൽ,

മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും പൂവാട തെല്ലളകോപരിയൊരു വശത്താക്കിയും,

കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും, വിടരാത്ത മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ



ഒട്ടു കാണുമാറുമതിന്നടിയിൽ നയ്യഗമദ- പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും,

ലോലമോഹനമായ്ക്കങ്കപ്പങ്കജത്തെ വെല്ലും വലം- കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ- ണ്ടോമൽകൈവള കിലുങ്ങെയൊട്ടു വീശിച്ചും,

കഞ്ജബാണൻ തൻ്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.

പടിഞ്ഞാറു ചാഞ്ഞു സൂര്യൻ പരിരമ്യമായ് മഞ്ഞയും കടുംചുവപ്പും കലർന്നു തരുക്കളുടെ

രാജൽകരകേസരങ്ങൾ വീശിടുന്നു ദൂരത്തൊരു "രാജമല്ലി”മരം പൂത്തു വിലസുംപോലെ.

കൊണ്ടൽ വേണീമണിയവൾ കുതുകമാർന്നൊരു മലർ- ച്ചെണ്ടൊരു കരവല്ലിയാൽ ചുഴറ്റിടുന്നു.

ഇളംതെന്നൽ തട്ടി മെല്ലെയിളകിച്ചെറുതരംഗ- ച്ചുളിചേരും മൃദുചേലച്ചോലയിൽനിന്നും

വെളിയിൽ വരുമച്ചാരുവാമേതരപദാബ്ജം പൊൻ- തള കിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.

മറയും മലർവല്ലിയിൽ കുണ്ഠിതമാർന്നിടയ്ക്കിടെ മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,

ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം പൊടിയും മോഹനനേത്രം; പ്രകൃതിലോലം,

പിടഞ്ഞു മണ്ടിനിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും സ്ഫടികക്കുപ്പിയിലിട്ട പരൽമീൻ പോലെ.



തുടുതുടെ സ്റ്റൊരിച്ചെഴുമധരപല്ലവങ്ങൾ തൻ നടുവോളമെത്തും ഞാത്തിൻ ധവളരത്നം,

വിളങ്ങുന്നു മാണിക്യമായവൾ ശ്വസിക്കും രാഗംതാൻ വെളിയിലങ്ങനെ ഘനീഭവിക്കുംപോലെ.

നിതംബഗുരുതയാൽത്താൻ നിലംവിടാൻ കഴിയാതി- സ്ഥിതിയിൽത്തങ്ങുമിക്ഷോണീരംഭതാനത്രേ.

'വാസവദത്താ'ഖ്യയായ വാരസുന്ദരി-മഥുരാ- വാസികളിലറിയാതില്ലിവളെയാരും.

വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു നളിനാക്ഷി നടന്നിതാ നടയിലായി.

കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാർ- കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.

“ഫലിച്ചിതോ സഖി, നിൻ്റെ പ്രയത്നവല്ലരി, രസം കലർന്നിതോ ഫലം, ചൊൽക കനിയായിതോ?

എനിക്കു സന്ദേഹമില്ലയിക്കുറി, യോർക്കിലപ്പുമാൻ മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ."

ത്വരയാർന്നിങ്ങനെയവൾ തുടർന്നു ചോദിച്ചാളുട- നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ

““സമയമായില്ലെ'ന്നുതാനിപ്പൊഴും സ്വാമിനി, യവൻ വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാൾ.

കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി- ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻ വലിച്ചെറിഞ്ഞും

മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി- യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;




സമയമായില്ല'പോലും 'സമയമായില്ല'പോലും ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.

കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാൻ കൈയി- ലോടുമേന്തി നടക്കുമീയുല്പലബാണൻ.

പണമില്ലാഞ്ഞുതാൻ വരാൻ മടിക്കയാവാമസ്സാധു ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.

ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളൻ്റെ പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?

വശംവദസുഖ ഞാനീ വശക്കേടെനിക്കു വരാൻ വശമില്ലെന്നാലും വന്നതയുക്തമല്ല.

വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.

അനുരക്തരഹോ! ധനപതികൾ നിത്യമെൻകാലിൽ കനകാഭിഷേകംചെയ്തു തൊഴുതാൽ പ്പോലും

കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു- മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ.

കമനീയകായകാന്തി കലരും ജനമിങ്ങനെ കമനീവിമുഖമായാൽ കഠിനമല്ലേ?

ഭാസുരനക്ഷത്രംപോലെ ഭംഗിയിൽ വിടർന്നിടുന്ന കേസരമുകുളമുണ്ടോ ഗന്ധമേലാതെ.

അഥവാ കഷ്ട!മീ യുവാവശ്ശമണഹതകന്റെ കഥയില്ലായ്മകൾ കേട്ടു കുഴങ്ങുന്നുണ്ടാം.

അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ- സ്ഥവിരന്നു പോയൊതുങ്ങാൻ സ്ഥലമില്ലല്ലി!


അനുനയം ചൊൽവാൻ ചെവിതരുന്നുണ്ടോ? സഖീ, യവ- ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?

വിവിക്തദേശത്തിൽ തന്നെ വചിച്ചിതോ, ദ്യുത്യ, മെന്റെ വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?

യതിമര്യാദയിൽത്തന്നെയവനോർക്കിൽ ക്ഷണിക്കുമെൻ സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!

അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!

അർത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു, തോഴീ- യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു.

വ്യർത്ഥമായ്നോന്നുന്നു കഷ്ട!മവൻ കാണാതെനിക്കുള്ള നൃത്തഗീതാദികളിലെ നൈപുണീപോലും."

കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തിൽ നില നായികയിൽ കണ്ടു ഹസിച്ചു ദൂതി.

ചലദലകാഞ്ചലയായ് 'ചാപലമീതരുതെ'ന്നു തല വിലങ്ങനെയാട്ടിത്തിരസ്കരിച്ചു.

അപഥത്തിൽ നായികയെ നയിക്കും കുട്ടീനീ, മതി- യുപദേശസംരംഭം നീയുരിയാടേണ്ട,

മടയരില്ല ലോകത്തിൽ മുറയുരയ്ക്കാത്തതായി പടുപാട്ടൊന്നു പാടാത്ത കഴുതയില്ല.

വിളയും സുഖദു:ഖങ്ങൾ വിതയ്ക്കും നന്മതിന്മതൻ ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കിൽ

കൊലയും കൊള്ളയും കൂടിക്കുലപരമ്പരയായാൽ നലമെന്നു ചൊല്ലും നീതി നുണയാൻ നൂനം.



ധനദുർദ്ദേവതയെന്നും ത്രപവിട്ടഹോ! മോഹത്താൽ തനതംഗം ഹോമിക്കുമിത്തയ്യലാൾക്കുള്ളിൽ

അനവദ്യസുഖദമാമനുരാഗാങ്കുരം വരാ തനിയേ പിന്നതു വന്നാൽ വരമല്ലല്ലീ?

കതിരവനുടെ ചെറുകിരണവും കാമ്യമല്ലി- യതിമാത്രമിരുൾതങ്ങുമന്ധകൂപത്തിൽ?

ഉടനേ ചക്രങ്ങൾ നിലത്തുരുളുമൊച്ചകൾ കൂട്ടി- പ്പൊടിപൊങ്ങിച്ചു വീഥിയിൽ വടക്കുനിന്നും

ആനതാഗ്രമായ കൊമ്പിൽ പൂവണിഞ്ഞും തിരയിന്മേൽ ഫേനപിണ്ഡംപോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചും

കിലുകിലെക്കിലുങ്ങുന്ന മണിമാലയാർന്ന കണ്ഠം കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും

കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി മാളികതൻ മുമ്പിലിതാ വന്നണയുന്നു.

വാതുക്കലായുട, നഗ്രം വളഞ്ഞു കിന്നരി വച്ച പാദുകകൾ പൂണ്ടും, പട്ടുതലപ്പാവാർന്നും,

കാതിൽ വജ്രകുണ്ഡലങ്ങൾ മിനുക്കിയണിഞ്ഞും, കൈകൾ മോതിരങ്ങൾതൻ കാന്തിയിൽ തഴുകിക്കൊണ്ടും,

തങ്കനൂൽക്കുടുക്കിയന്നു തനിമഞ്ഞനിറമാർന്നോ- രങ്കിയാൽ തടിച്ചിരുണ്ട തടി മറച്ചും,

കരയാർന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു പുറങ്കാൽവരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,

പൊന്നരഞ്ഞാൺതുടൽ പുറത്തടിയിച്ചുമിരുപാടും മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും


മണിത്തേരിതിൽനിന്നതിസുഭഗമ്മന്യനാമൊരു വണീശ്വരൻ വൈദേശികനിറങ്ങിനിന്നു.

അതു കണ്ടുടനേ ദൂതിയത്തരുണീമണിയെ സ- സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,

പതിവുപോലുപചാരപരയായ് പോയകത്തേയ്ക്കാ- യതിഥിയെയെതിരേറ്റു സൽക്കരിക്കുവാൻ.

ആസനംവിട്ടുടൻ മെല്ലെയെഴുനേറ്റു വഴിയേതാൻ വാസവദത്തയും മണിയറയിലേക്കായ്,

പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും പരിചാരികയാകുമന്നിഴലുമായി,

കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തൻ കുളത്തിലേ ക്കരയന്നപ്പിടപോലെ നടന്നുപോയി.
4
ലേഖനങ്ങൾ
കരുണ
0.0
ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിൻ്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്‌തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ "സമയമായില്ല" എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്‌മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു.
1

ഒന്ന്

15 December 2023
0
0
0

അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ- ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ- മാളികയൊന്നിൻ്റെ തെക്കേ

2

രണ്ട്

15 December 2023
0
0
0

കാലം പിന്നെയും കഴിഞ്ഞു. കഥകൾ നിറഞ്ഞ മാസം നാലു പോയി നഭസ്സിൽ കാറൊഴിയാറായി.പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ- കാലവായു കുളിർത്തെങ്ങും ചരിക്കയായി.അഴകോടന്നഗരത്തിൽ തെക്കുകിഴക്കതുവഴി- യൊഴുകും യമുനതൻ്റെ

3

മൂന്ന്

15 December 2023
0
0
0

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ രിക്തമായ്, പ്രാണപാശമറുമാറായി;അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാൻ പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!അഥവായിവൾക്കെഴുമിങാവബന്ധബലത്താൽതാൻ ശിഥിലമായ തല്പ്രാണൻ

4

മൂന്ന് ഭാക്കി

15 December 2023
0
0
0

മംഗലേതരകർമ്മത്തഅൽ മലിന നീശുഭം, നമ്മൾ സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.അംഗുലീമലനുപോലുമാർഹതപദമേകിയ തുഗമാം കരുണയെ നീ വിശ്വസിച്ചാലും.സത്യമോർക്കുകിൽ സംസാരയാത്രയിൽ പാപത്തിൻ കഴൽ കുത്തിടാതെ കടന്നവർ കാണുകില്

---

ഒരു പുസ്തകം വായിക്കുക