shabd-logo

രണ്ട്

21 December 2023

0 കണ്ടു 0


 കണ്ടു നെടുതാം വീർപ്പൊന്നിട്ടു കണ്ണുനീരൊരുവിധമടക്കിക്കൈയും കൂപ്പി, ഭക്തിയുമതിലേറെ സ്നേഹവുമുൾക്കൊണ്ടാത്മ- വൃത്താന്തമറിയിച്ചാളഷിയെസ്സദ്വൃത്തയാൾ:

“മുക്താത്മൻ, പിറന്നന്നേ വനത്തിൽ മാതാപിതൃ- ത്യക്ത ഞാൻ കണ്വർഷിയാലെടുത്തു പോറ്റപ്പെട്ടോൾ മന്നനാം ദുഷ്ഷന്തനാൽ ഗാന്ധർവപരിണീത- യെന്നുടെ ജനകനോ, വിശ്രുതൻ വിശ്വാമിത്രൻ."

"ഞാനോ !" വിസ്മിതനായ് പോയ് താപസൻ,"തവ താതൻ- താനല്ലോ മുനിസുതേ, നിന്നൊടിസംസാരിപ്പോൻ. ഹാ ശരിയോർമ്മിച്ചേൻ നിന്നമ്മ മേനക" തീർണ്ണ ക്ലേശനാമവിടെയ്ക്കും നീരുറന്നിതോ കണ്ണിൽ !

"ഞാനനുഗൃഹീതയായ് താതദർശനത്താലേ"- ന്നാനന്ദാകുലം കാൽക്കൽ വീണ നന്ദിനിയാളെ സത്വരം പിടിച്ചെഴുന്നേൽപ്പിച്ചു നിറുകയിൽ പ്പത്തു നൂറുരു ഗാഢം മുകർന്നാൻ മുനിവര്യൻ.

തുടച്ചാനവളുടെ കണ്ണുനീർ വലം കൈയാൽ തടവിക്കൊണ്ടാൻ മന്ദം പുറത്തു മറ്റേക്കയ്യാൽ, നൃപനാം ജാമാതാവിൻ ക്ഷേമവുമന്വേഷിച്ചാൻ - അപത്യവാത്സല്യമേ, വശിയും വശഗൻ തേ!

"ഓമനേ തവ പേരെ-ന്തുണ്ണി തൻ പേരും ചൊല്ലും ഭൂമീശമഹിഷി നീ വന്നതെന്തിനിക്കാട്ടിൽ?" ഉടനേ വീണ്ടും കംബുകണ്ഠിതൻ കണ്ഠത്തിൽ നി ന്നിടറിപുറപ്പെട്ടിതങ്ങൊരു വീണാക്വാണം:

“പേരിട്ടാൻ ശകുന്തളയെന്നെനിക്കച്ഛൻ കണ്വൻ,

ധാരിതസർവദമനാഭിധൻ ദൌഹിത്രൻ തേ അമ്മ തന്നനുഗ്രഹാലിദ്ദിവ്യാശ്രമമല്ലോ, വന്മാലിലാഴുമെനിക്കീറ്റില്ലമായിത്തീർന്നു!

ആശ്രമാൽ പ്രീത്യാ താതകണ്വനാലയയ്ക്കപ്പെ ട്ടാശയാ കൊട്ടാരത്തിൽച്ചെന്ന ഗർഭിണിയാം ഞാൻ" സങ്കടം പൊറാഞ്ഞവൾ തെല്ലിട തേങ്ങിക്കേണാൾ, "സന്ത്യക്തയായേനല്ലോ, സൌമ്യനാം കണവനാൽ"

പകർന്നൂ ഭാവം പെട്ടെന്നക്കാലരുദ്രാകാര- ന്നുതിർന്നൂ മിഴിയിൽ നിന്നെരിതീപ്പൊരി മേന്മേൽ വളഞ്ഞു പുരികങ്ങൾ ചുളിഞ്ഞു വാർനെറ്റിത്ത ട്ടിളകീലിലയുമങ്ങ,ടങ്ങി കാറ്റെമ്പാടും!

"ദുഷ്ഷന്തനവനാരെന്നാരോമൽക്കുമാരിയെ ദുസ്സഹാവമാനത്തിൽത്തള്ളിയിട്ടുയിർക്കൊൾവാൻ? ഇക്കരമൊന്നേപോരും കാൽക്ഷണാൽ മനുഷ്യരെ- സ്വർഗത്തിൽ കരേറ്റാനും നരകേ വീഴിപ്പാനും!

പൌരവൻ കേട്ടിട്ടില്ലേ ത്രിശങ്കുഹരിശ്ചന്ദ്ര- ന്മാരുടെയനുഭവം കൌശികപ്രഭാവജം? ഒരിക്കൽ കൂടിയിതാ കണ്ടുകൊള്ളട്ടേ ലോകം ശരിക്കിഗ്ഗാധേയൻ്റെ വൻതപഃപ്രതാപത്തെ!

തനിയേ വേട്ടന്തർവത്നിയാം സാധുസ്ത്രീയെ- ക്കനിവറ്റഹേതുവായ് ത്യജിച്ച ദുരാത്മാവേ!" ബ്രഹ്മാവെത്തപശ്ശക്ത്യാ വരുത്തിച്ചാരേ നിർത്തി ബ്രഹ്മർഷിപദം ബലാൽ വാങ്ങിയതേതൊന്നാലോ

ആ വലം കരം ക്രോധാൽ ചുരുട്ടി നെഞ്ചിൽച്ചേർത്താ ണീ വചസ്സാരംഭിച്ചതൂർജ്ജസ്വി വിശ്വാമിത്രൻ ആ മുഷ്ടി മുന്നോട്ടേക്കൊന്നെറിയപ്പെട്ടാൽ തീർന്നു, സ്വാമിവംശത്തിന്നൊട്ടുക്കിടിവാളായ് പ്പോമല്ലോ,
എന്നാലാശ്ശാപാസ്തത്തെ രണ്ടുകൈകൊണ്ടും പിടി- ച്ചെ,"ന്നെയോർത്തടങ്ങേണമച്ഛനിങ്ങെ"ന്നാൾ മകൾ: "ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽ പുത്രി നിർദഗ്ദ്ധയായും തീരൊല്ലുഗ്രവൈധവ്യത്തിയ്യാൽ

അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ സ്വച്ഛന്ദമുപേക്ഷിച്ചാൻ ഭർത്താവുമെന്നേ വേണ്ടൂ! സുബഹിഷ്കൃതമായിക്കൊള്ളട്ടേയെൻ ജീവിതം

സുതനും പുറത്തായിപ്പോകൊലാ മമ ദോഷാൽ!" പുത്രിതൻ കണ്ണീർകൊണ്ടു കോപാഗ്നി ശമിച്ചതി-

ലെത്രയും പ്രസന്നനായഭിനന്ദിച്ചാനച്ഛൻ; "ഭദ്രം തേ, പിടിച്ചെന്നെക്കരേറ്റി നിൻ സൌശീല്യം, ഭർത്താവോടചിരേണ ചേർന്നാലും സപുത്ര നീ!"

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

2
ലേഖനങ്ങൾ
അച്ഛനും മകളും
0.0
രണ്ട് ഖണ്ഡങ്ങളായി വിവരിച്ചിരിക്കുന്ന വള്ളത്തോൾ നാരായണമേനോൻറ്റെ കാവ്യമ്ണ് അച്ഛനും മകളും. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കഥകളിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

ഒരു പുസ്തകം വായിക്കുക