shabd-logo

ഒന്ന്

21 December 2023

0 കണ്ടു 0
 

"ഗുരുപാദരെക്കണ്ടു വന്ദിപ്പാനവസര മറിഞ്ഞു വരിക, പോയ് വത്സ, നീ ശുനശ്ശേഫ ഞാനിങ്ങീയശോകത്തിൻ തണലിൽ നിൽക്കാ"മെന്നൊ- രാനകമന്ദ്രസ്നിഗ്ദ്ധസ്വരമാകിയ സൂക്തം,

പോക്കുവെയിലേശി സ്വർണ്ണമുരുക്കിയൊഴിച്ചതു- പോലവേ മിന്നും ഹേമകൂടശൈലത്തിൻ പാർശ്വേ, കശ്യപാശ്രമക്കാട്ടിലൊരിടത്തപരാഹ്ന- നിശ്ശബ്ദസ്ഥിതി ഭഞ്ജിച്ചുദിച്ചു പണ്ടേകദാ.

നതനാ സ്വശിഷ്യനെയയച്ചത്തപസ്വിയാ- മതിഥിയശോകത്തിൻ തണല്പുക്കപ്പോഴേക്കും, "ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ"യെന്നൊരു തേൻ കൊഞ്ചൽ തൂകിപ്പാഞ്ഞു ചെന്നാനങ്ങൊരു ബാലൻ

ഇത്തങ്കക്കിടാവാര,ക്കശ്യപഭഗവാനെ മുത്തച്ഛനെന്നു വിളിച്ചീടുവാൻ ജയന്തനോ? വാനോർകോനുടെ പുത്രനിത്രയല്ലല്ലോ പ്രായം, മാനുഷപ്രഭാവമാണിവനിൽക്കാണുന്നതും

ആരിതെന്നാരായാനല്ലവനെച്ചിക്കെന്നു തൻ മാറത്തൊണപ്പാനാണിച്ഛിച്ചതൃഷിപ്രൌഢൻ സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു- മൈഹികത്തിലേക്കതാ, വലിച്ചു താഴ്ന്നീ ക്ഷണാൽ

കുനിഞ്ഞുവാരിയെടുത്തുണ്ണിയെപ്പുണ്യാകാരൻ കുനിഞ്ഞുകെട്ടിപ്പുണ്ടാൻ പെരിയ ബാഹുക്കളാൽ ലസിച്ചു മാന്തോലേറാപ്പിട്ട തന്മാറിൽപ്പൊങ്ക
ഞ്ഞ,സിതാകാശോദ്ദേശത്താതിരത്താരം പോലെ.

തോൾവരെ ഞാന്ന കുനുകുന്തളം ലീലയാസ- വിയർപ്പിങ്കൽപ്പതിഞ്ഞിരുന്നതൊരു കൈയാൽ സാവധാനമായ് മാടി നീക്കിയക്കുഞ്ഞിൻകവിൾ- പ്പൂവോടു ചേർത്താൻ താടി നീണ്ട തന്മുഖം ധന്യൻ

നേത്രരഞ്ജകമായിത്തിളങ്ങി തമ്മിൽച്ചേർന്നാ- ക്ഷാത്രതേജസ്സിൻ കൂമ്പും ബ്രാഹ്മതേജസ്സിൻ കാമ്പും. അപരിചിതത്തോളിലശങ്കം തലചായ്ച്ചാ- നറിയപ്പെടാതേതോ ചേർച്ചയാൽപ്പോലെ ബാലൻ,

മറ്റൊരു മുത്തച്ഛന്റെ ലാളനമനുഭവ- പ്പെട്ടതായിട്ടോ തോന്നീ ഹൃഷ്ടനാമവന്നപ്പോൾ! അഥവാ ബാലകർക്കുണ്ടോ സ്വപരവ്യത്യാസങ്ങൾ? മൃദുവാം കൈയേതിനും തലോടാമപ്പൂക്കളെ.

ഞാനൊന്നു ചോദിക്കട്ടേ സാദരം മഹാമുനേ, ധ്യാനത്തിലുൾച്ചേരുന്നാസ്സച്ചിദാനന്ദം താനോ, മാനിച്ചിയിളംപൂമെയ് പുൽകലിലുളവായോ- രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം!

മീലിതാക്ഷനായ്മനി ബാലസംശ്ലേഷസുഖാൽ, ബാലനോ, കിഞ്ചിദൂരഗാക്ഷനായ്,ചിരികൂട്ടി അമ്മേ, ഞാനിതാ' എന്നു വിളിച്ചുചൊന്നാൻ പെട്ടെ ന്നമ്മണിനാദം കേട്ടങ്ങണഞ്ഞാളൊരു തന്വി,

മുഷിഞ്ഞ വസ്ത്രങ്ങളും മെടഞ്ഞ വാർകൂന്തലും മെലിഞ്ഞലാവണൈ്യകഭൂഷമാമുടലുമായ് അത്തലിൻ സ്വരൂപം പോലാ വന്ന യുവതിയെ സ്നിഗ്ദ്ധമാം നയനത്താൽ ദർശിച്ച നിമിഷത്തിൽ

'മേനകേ, നിനക്കെന്തീ മാറ്റ'മെന്നേവം ചോദി-
പ്പാനാവാം മുതിർന്നതു മുനിതൻ തിരുമുഖം! പിന്നീടിങ്ങനെയത്രേ ചോദിച്ചു: "സ്ഫുടസമ്രാട്- ചിഹ്നമാമിക്കുഞ്ഞിൻ്റെയമ്മയാം നീയാർ വത്സേ?"

അമ്മകനിതിനിടയ്ക്ക, 'യ്യയ്യ, ചായം തേച്ച മണ്മയിലതാ, മാർക്കണ്ഡേയങ്ക'ലെന്നും ചൊല്ലി ബ്രഹ്മർഷി വക്ഷസ്സിങ്കൽ നിന്നൊരു ചാട്ടം ചാടി- യമ്മതൻ പിടി വിടുർത്തുഴറ്റോടിപ്പോയാൻ.

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

2
ലേഖനങ്ങൾ
അച്ഛനും മകളും
0.0
രണ്ട് ഖണ്ഡങ്ങളായി വിവരിച്ചിരിക്കുന്ന വള്ളത്തോൾ നാരായണമേനോൻറ്റെ കാവ്യമ്ണ് അച്ഛനും മകളും. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കഥകളിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

ഒരു പുസ്തകം വായിക്കുക