അന്നയാൾ
പതിവിലും വൈകി
ഞെട്ടിയുണർന്ന്
സമയം നോക്കുമ്പോൾ
ഘടികാരം നിലച്ചിരുന്നു!
ആരെയോ ശപിച്ചുകൊണ്ട്
തിടുക്കത്തിൽ
പ്രഭാതകൃത്യങ്ങൾ
കഴിച്ചെത്തുമ്പോൾ
എന്നത്തേയും പോലെ
അന്നും ഭാര്യ
കഞ്ഞിവിളമ്പിവെച്ചിരുന്നു.
പതിവില്ലാതെ
വേവ് കുറഞ്ഞതിന്റെ പേരിൽ
അയാൾ
ഭാര്യയോട് കയർക്കുന്നു.
ഒരു വറ്റുപോലും
പാഴാക്കാതെ കഴിച്ചിരുന്നയാൾ
അന്ന്
പകുതിയോളം കഞ്ഞി
ബാക്കിവെക്കുന്നു.
എന്നും മക്കൾക്ക്
ഉമ്മകൊടുത്ത് യാത്രപറഞ്ഞ് ഇറങ്ങുന്നയാൾ
അന്നവരെ
കാണാൻപോലും കാക്കാതെ
ധൃതയിൽ പടിയിറങ്ങി
സൈക്കിൾചവിട്ടി
പോകുന്നു.
റോഡിലേക്കിറങ്ങുമ്പോൾ
പതിവില്ലാതെ
അയാൾ
കോടാലിയുമായി പോകുന്നയാളെ
ശകുനംകാണുന്നു.
പതിവില്ലാതെ കുറേ കാക്കകൾ
അയാൾ ബാക്കിവെച്ച
കഞ്ഞിക്കുവേണ്ടി
തെങ്ങിൻ ചുവട്ടിൽ
വട്ടമിട്ടുപറന്ന്
കലപിലകൂട്ടുന്നു.
പതിവില്ലാതെ ഒരു ഗൗളി
അയാളുടെ ഭാര്യയുടെ
കാൽപ്പാദത്തിലേക്ക്
മലർന്നടിച്ച് വീഴുന്നു.
മീനമാസത്തിലും സൂര്യൻ
ഇടയ്ക്കിടെ മറഞ്ഞ്
മഴയ്ക്ക് വട്ടംകൂട്ടുംപോലെ
ആകാശം കറുക്കുന്നു.
പതിവില്ലാതെ അയാൾ
സന്ധ്യകഴിഞ്ഞിട്ടും
വീടെത്താതാകുന്നു ..