shabd-logo

അമിത സ്നേഹം ആപത്ത്

20 February 2023

7 കണ്ടു 7


"ദാമു ചേട്ടാ ആ ഫോട്ടോയിൽ കാണുന്ന പയ്യനെ മതി."

"അത് വേണോ? ടീച്ചർക്ക് പറ്റിയ ചുറ്റുപാട് അല്ല ആ പയ്യന്റെ. അച്ഛൻ മരിച്ചു പോയി. അമ്മയുണ്ട്. പയ്യന്റെ താഴെ അനിയത്തിയും അനിയനുമുണ്ട്. പയ്യന് സർക്കാർ ജോലി കിട്ടിയപ്പോ പയ്യന്റെ അച്ഛൻ കൊണ്ട് വന്നു തന്നതാ. നല്ല ആലോചന ഉണ്ടെങ്കിൽ കൊണ്ട് വരണേ എന്ന് പറഞ്ഞു. പക്ഷേ അത് കാണാൻ ഉള്ള യോഗം കൊടുത്തില്ല, പെട്ടെന്നുള്ള മരണം അല്ലായിരുന്നോ?
പാവം മനുഷ്യൻ! പിന്നെ, വീട് ജപ്തിയുടെ വക്കിലാണ്. അത് കൊണ്ടാ ഇത് വേണ്ട എന്ന് പറഞ്ഞത്."

"ഈ പയ്യൻ തന്നെ മതി. പയ്യന്റെ പേര് എന്താ?"

"അരുൺ മാധവ്."

"മോൾക്ക് ഇപ്പോ കൊണ്ട് വന്ന ഈ ബന്ധം അങ്ങ് ഉറപ്പിക്കാം. അവരോട് വരാൻ പറഞ്ഞോളു? പെണ്ണിനും ചെറുക്കനും ഇഷ്ടം ആയാൽ ഈ വിവാഹം നടത്താം."

"ഇന്നാ ദാമു ഇത് വച്ചോളു."

"എന്നാ ശരി ടീച്ചർ അടുത്ത ആഴ്ച അവരോട് വരാൻ പറയാം." ദാമു പോയി കഴിഞ്ഞപ്പോൾ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന വിമലയുടെ ഭർത്താവ് രാഘവൻ ചോദിച്ചു

"വിമലേ ഈ ബന്ധം നമ്മുടെ മോൾക്ക് വേണോ? മൊത്തത്തിൽ പ്രാരാബ്ദം നിറഞ്ഞ കുടുംബമാണ്. ആ താഴെയുള്ള കുട്ടികളെ വരെ നമ്മുടെ മോൾ നോക്കേണ്ടി വരും."

"അതിനു അവളെ അങ്ങോട്ട് വിടുന്നില്ല. ശ്രീക്കുട്ടി നമ്മുടെ കൂടെ ജീവിക്കും, കൂടെ അവനും. അവന്റെ പൈസ അവർക്ക് കൊടുത്തോട്ടെ ഇടയ്ക്ക് അവൻ പോയി  കാര്യങ്ങൾ അന്വേഷിച്ചു വരട്ടെ.
ആറ്റു നോറ്റു ഉണ്ടായ മോളെ ഞാൻ എങ്ങോട്ടും വിടില്ല. നമ്മുടെ മരണം വരെയും ഇവിടെ തന്നെ നിൽക്കും.


നമ്മുടെ സ്റ്റാൻഡേർഡിന് പറ്റിയ ആളുകളെ കാണിച്ചതാ പക്ഷെ എന്റെ കണ്ണു ഉടക്കിയത്  ഈ കൈയിലിരിക്കുന്ന പയ്യന്റെ ഫോട്ടോയിലാണ്. അവൾക്ക് ഇഷ്ടം ആയാലും ഇല്ലെങ്കിലും ഇവൻ തന്നെ മതി മരുമകൻ ആയിട്ട്. നാളെ ചെറുക്കന്റെ വീട്ടുകാർ വരും." വിമല തീർത്ത് പറഞ്ഞു.

രാഘവന് മനസ്സിലായി വിമല കാര്യമായ പ്ലാനിങ് ആണെന്ന്. മോളെ ഇവിടെ തന്നെ നിർത്താൻ മാത്രം അല്ല. എന്നെ പോലെ അവളെ അനുസരിക്കുന്ന ഭർത്താവിനെ മോൾക്കും നേടി കൊടുക്കുന്നത്.
അതിനു എത്ര വില കൊടുത്താലും നേടിയെടുക്കും.

എന്തായാലും പെണ്ണ് കാണാൻ വരുന്നവനോട്‌ കണ്ടീഷൻ വയ്ക്കും. അവൻ എന്തായാലും സമ്മതിക്കില്ല തീർച്ച!
അതിന് എന്തോ പ്ലാൻ അവളുടെ മനസ്സിലുണ്ട്.

അതെ സമയം വിമല അരുണിന്റെ കാര്യങ്ങൾ വിശദമായി അന്വേഷിച്ചറിഞ്ഞപ്പോഴാണ് വീട് ഉടൻ ജപ്തിയാവുമെന്ന അവസ്ഥയിൽ ആണെന്നും, അവർ അത് പണയം വച്ച ബാങ്കിലെ മാനേജർ വിമലയുടെ അകന്ന ബന്ധുവായ ജയനാണെന്നും അറിയുന്നത്. 

അപ്പൊ തന്നെ ജയനെ വിളിച്ച് നാളെ അരുണിന്റെ വീട് ജപ്തി ചെയ്യാൻ പറഞ്ഞു. അതിനു കാരണം വേറെ ഒന്നുമല്ല നാളെ കാണാൻ വരുന്ന അരുൺ വിമലയുടെ ഡിമാൻഡ് അംഗീകരിക്കാൻ പോകുന്നില്ല. അപ്പൊ ങരുണിനെ വരുതിയിലാക്കാൻ നല്ല ഒരു അവസരം ആവും.

പിറ്റേന്ന് തന്നെ വിമല ആഗ്രഹിച്ച പ്രകാരം കാര്യങ്ങൾ നടന്നു. ശ്രീകുട്ടിയെ കാണാൻ വരുന്ന ചെറുക്കന്റെ വീട്ടിൽ വിമല എത്തി.  അവരുടെ ജപ്തിയും എല്ലാ കടങ്ങളും തീർത്തിയിട്ടാണ് വിമല അവിടെ നിന്ന് പോന്നത്. 

സർക്കാർ ജോലിയാണ് അരുണിന് എങ്കിലും എന്തെങ്കിലും ചെയ്യാൻ സാവകാശം വേണമായിരുന്നു. ഇത് അപ്രതീക്ഷിതമായ നടപടി ആയതു കൊണ്ടു ഒന്നും ചെയ്യാൻ അരുണിന് കഴിഞ്ഞില്ല. അതിനിടയിൽ ആ അവസ്ഥയെ മുതൽ എടുത്തു വിമല അരുണിന്റെയും ശ്രീകുട്ടിയുടെയും വിവാഹം ഉറപ്പിച്ചു.

എല്ലാവിധ കല്യാണ ചെലവുകളും വിമല തന്നെയാണ് എടുത്തത്. അതും ഗംഭീരമായി തന്നെ.

ശ്രീകുട്ടിയും അരുണും കാണുന്നത് തന്നെ വിവാഹ പന്തലിൽ വച്ചാണ്. പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. അരുണിന്റെ വീട് മോടി പിടിച്ചത് എല്ലാം വിമല തന്നെ ആയിരുന്നു. ആ വീട്ടിലേക്ക് വലതു കാൽ വച്ചു ശ്രീക്കുട്ടി കയറി. എല്ലാവർക്കും ഇഷ്ടം ആയി. അരുണിന്റെ വീട്ടുകാരുമായിട്ട് ശ്രീകുട്ടിയെ അടുപ്പിക്കാൻ സമ്മതിച്ചില്ല. 

അന്ന് തന്നെ അവരെ രണ്ട് പേരെയും വിളിച്ചു കൊണ്ടു പോയി.ംആ വീട്ടിൽ ചെന്നപ്പോൾ അരുണിന് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ശ്രീകുട്ടിയോട് ഒന്ന് സംസാരിക്കാൻ തോന്നി. ആദ്യമായി കാണുന്നതിന്റെ വെപ്രാളവും ചമ്മലും എല്ലാം ചേർന്നുള്ള അവസ്ഥയിലായിരുന്നു. 

അത് പോലെയായിരുന്നു ശ്രീക്കുട്ടിക്കും അവർ തമ്മിൽ കണ്ണുകൾ ഉടക്കിയപ്പോഴേക്കും വിമല ശ്രീകുട്ടിയെ വിളിച്ചു കൊണ്ടു പോയി.


പെട്ടെന്നുള്ള വിവാഹം അല്ലായിരുന്നോ രണ്ട് പേരും അപരിചിതർ ആണ്. നിങ്ങൾക്ക് രണ്ട് പേർക്കും അടുപ്പം ഉണ്ടാകുന്നത് വരെ ശ്രീക്കുട്ടി എൻ്റെ കൂടെ കിടക്കട്ടെ. 

അവൾ അരുണിനെ ഒന്ന് നോക്കി വിമലയുടെ കൂടെ പോയി. ദിവസങ്ങൾ ഇത് പോലെ തുടർന്ന് കൊണ്ടിരുന്നു.
എന്തിനായിരുന്നു ഈ വിവാഹം? ഇങ്ങനെ സ്വന്തം ഭാര്യയെ പോലും കാണാൻ പോലും അനുവാദം ഇല്ല. ഒരു അന്യനെ പോലെ ഇങ്ങനെ ഈ വീട്ടിൽ ജീവിക്കണം
അരുണിന് ജീവിതത്തോട് വെറുപ്പായിപോയി. കല്യാണം കഴിഞ്ഞു 3 മാസം ആയി.

എന്തോ ഒന്ന് ഉണ്ട് അല്ലാതെ ശ്രീകുട്ടിയുടെ അമ്മ ഇങ്ങനെ ഒന്നും ചെയ്യില്ല എന്നത് തീർച്ചയാണ്. അത് കണ്ടു പിടിച്ചേ തീരു.

ആരും അറിയാതെ അതിനുള്ള തയ്യാറെടുപ്പ് നടത്തി. അതിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ശ്രീക്കുട്ടിയുടെ അമ്മക്ക് മാത്രമേ അറിയൂ. ശ്രീക്കുട്ടിക്കോ അവളുടെ അച്ഛനോ അറിയില്ല.

അരുൺ കുറെ അലഞ്ഞെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. പ്രശ്നങ്ങൾ തുടങ്ങിയത് വർഷങ്ങൾക്കു മുമ്പ് ആയിരുന്നു. അതായത് വിമലയുടെ ചെറുപ്പത്തിൽ.

വിമല ചെറിയ കുട്ടിയായിരിക്കെ അച്ഛൻ മരിച്ചു പോയതാണ്. അമ്മയെ വീട്ടുകാർ രണ്ടാമത് കെട്ടിച്ചു, ആ ആളിന് വിമലയെ ഇഷ്ടമല്ലായിരുന്നു. അവളെ അയാൾ കൂടെ കൂട്ടാൻ തയ്യാറായില്ല. വിമലയുടെ അമ്മ കണ്ണീരോടെ പറഞ്ഞിട്ട് പോലും അവളെ കൂടെ കൊണ്ട് പോയില്ല. 

അങ്ങനെ നിവർത്തി ഇല്ലാതെ അവളെ ആങ്ങളയെ ഏൽപ്പിച്ചു, ഒരു അമ്മയുടെ സ്നേഹം കിട്ടേണ്ട സമയത്ത് കിട്ടാതെ വിമല വളർന്നു കല്യാണ പ്രായം ആയി വിമലയുടെ അനുവാദം കൂടാതെ അമ്മാവൻ ഒരു ആലോചന കൊണ്ട് വന്നു. 

പെട്ടെന്ന് തന്നെ അത് ഉറപ്പിച്ചു, വിമലയുടെ ഭാഗ്യത്തിന് കെട്ടിയ ആൾ നല്ലതായിരുന്നു അവൾക്ക് അത് വരെ കിട്ടാത്ത സ്നേഹം അത്രയും രാഘവൻ നൽകി. അങ്ങനെ ഇരിക്കെ ആണ് ശ്രീക്കുട്ടിയുടെ ജനനം. അവളും അമ്മയെ വല്ലാതെ സ്നേഹിച്ചു.

അവൾ വളർന്നതോടെ വിമലയുടെ മനസ്സിൽ ആധി കയറി, അവളെ കെട്ടിച്ചു വിട്ടാൽ ശ്രീക്കുട്ടിയുടെ സ്നേഹം കുറയും എന്ന ചിന്ത ഉടലെടുത്തു അതിന് വിമല കണ്ടെത്തിയ വഴിയാണ് അരുൺ.

എല്ലാം മനസ്സിലാക്കിയ അരുൺ കുറെ ചിന്തിച്ചു ഇനിയും ഇവിടെ ഇത് പോലെ നിന്നാൽ എൻ്റെ ജീവിതം കുളം ആവും. 

"ശ്രീ…" അന്ന് വൈകിട്ട് വീട്ടിൽ എത്തിയപാടെ അരുൺ ഉറക്കെ വിളിച്ചു. പതിവില്ലാതെയുള്ള വിളി കേട്ട് ശ്രീക്കുട്ടിയും വിമലയും പുറത്ത് വന്നു.

"എന്തായേട്ടാ?" 

"നീയൊന്ന് ഒരുങ്ങ് നമ്മുക്ക് പുറത്തൊക്കെ പോവാം." 

"ശരി ദാ വരുന്നു…" ശ്രീക്കുട്ടി സന്തോഷത്തോടെ അകത്തേക്ക് പോയി. അത് കണ്ട വിമലയുടെ മുഖം ഇരുണ്ടു.

വിമലയുടെ മാറ്റങ്ങൾ ശ്രദ്ധിച്ച് നിന്ന അരുൺ ഉള്ളിൽ ചിരിച്ചു. വിലമയൊന്തോ പറയാൻ ആഞ്ഞതും അരുൺ വേഗം അകത്തേക്ക് പോയി.



അവരുടെ യാത്ര വിമലക്ക് തടയാൻ ആയില്ല. ആ യാത്രയിൽ ശ്രീക്കുട്ടിയും അരുണും കൂടുതൽ അടുത്തു. രാത്രിയേറെ വൈകിയാണ് അവർ വീട്ടിൽ എത്തിയത്.  ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു വിമല അവർ പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചാണ് എത്തിയത്. 

അത് വിമലയോട് പറഞ്ഞ ശേഷം അരുണിന്റെ ഒപ്പം ശ്രീക്കുട്ടിയും അകത്തേക്ക് കയറി. വിമല പിന്നാലെ ചെന്നപ്പോൾ അരുണിന് കൊടുത്ത മുറിയിലേക്ക് തന്നെയാണ് ശ്രീക്കുട്ടിയും കയറിയത്. അത് കണ്ട വിമല അവളെ വിളിക്കാൻ ആഞ്ഞു. 

"വിമലേ…" 

"രാഘവേട്ടാ ശ്രീ…"

"നീയൊന്നും പറയേണ്ട ഇങ്ങ് വന്നേ…" വിമല കൂടുതൽ പറയും മുമ്പേ രാഘവൻ തടഞ്ഞു കൊണ്ട് വിമലയെ വിളിച്ചു കൊണ്ട് പോയി. 

"എന്നെ വിട് എൻ്റെ മോള്…" 

"നിന്റെ മോള് അവളുടെ കഴുത്തിൽ താലികെട്ടിയവൻ്റെ ഒപ്പം ആണ് ഉള്ളത്. അവള് അവൻ്റെയൊപ്പം അല്ലേ കിടക്കേണ്ടത്?" 

"അത്…" 

"എനിക്ക് അറിയാം നിന്റെ പ്രശ്നം, നിന്നോടുള്ള സ്നേഹം കുറഞ്ഞ് പോവുമോയെന്ന ഭയമല്ലേ ഇത് പോലെ ഒക്കെ ചെയ്യാൻ കാരണം? രാഘവൻ ചോദിച്ചതിന് വിമലയുടെ അടുത്ത് ഉത്തരം ഇല്ലായിരുന്നു. 

വിമല തലതാഴ്ത്തി നിന്നു.

"നോക്ക് ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ആണ് നിന്നോടുള്ള സ്നേഹം കുറഞ്ഞ് പോവുന്നത്. എടോ ഇപ്പോ തനിക്ക് ഞാനും മോളും മാത്രമല്ല ഒരു മോനും ഉണ്ട്. അവനാണ് തൻ്റെ പ്രശ്നം കണ്ടെത്തിയത്, ഇപ്പോൾ എല്ലാം എനിക്ക് അറിയാം…" വിമല അമ്പരപ്പോടെ മുഖമുയർത്തി രാഘവനെ നോക്കി.

"തന്നോട് എല്ലാവർക്കും സ്നേഹമാണെടോ…" രാഘവൻ വിമലയുടെ തോളിൽ കൈ വെച്ചു. 

"അതെ അമ്മാ ഞങ്ങൾക്ക് അമ്മയെ വെറുക്കാൻ പറ്റ്വോ?" അപ്പോഴവിടേക്ക് വന്നുകൊണ്ട് ശ്രീക്കുട്ടി വിമലയെ കെട്ടി പിടിച്ചു. കൂടെ അരുണും ഉണ്ടായിരുന്നു. തൻ്റെ തെറ്റ് മനസ്സിലാക്കിയ വിമല ഒന്നും പറയാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു…

രേഷ്മ ലെച്ചൂസ് എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

Sandhra

Sandhra

നല്ല കഥ...❤️❤️❤️

20 February 2023

ഒരു പുസ്തകം വായിക്കുക